കരുനാഗപ്പള്ളി
" പെറ്റ വയറിന് സഹിക്കില്ല മക്കളേ, അവളെ ഇത്രകണ്ട് കൊല്ലാക്കൊല ചെയ്യാൻ അവർക്ക് എങ്ങനെ കഴിഞ്ഞു. അവരും ഒരമ്മയല്ലേ...’–-
കഴിഞ്ഞയാഴ‌്ച ഭർതൃവീട്ടിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട തുഷാരയുടെ അമ്മ വിജയലക്ഷ‌്മിയുടെ കണ്ണീർ തോരുന്നില്ല.
‘ഒരു പെൺകുട്ടിക്കും ഈ ഗതി വരരുത‌്’.
തുഷാര ഭവനിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത‌് തുഷാരയുടെ ഓർമകൾ മാത്രം. യുവതിയെ പട്ടിണിക്കിട്ട‌് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ‌്മോർട്ടം റിപ്പോർട്ടിനെ തുടർന്ന‌് ഭർത്താവ‌് ചന്തുലാലിനെയും ഭർതൃമാതാവ‌് ഗീതാലാലിനെയും കഴിഞ്ഞദിവസം അറസ്റ്റ‌്ചെയ‌്തിരുന്നു.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരനും ഭാര്യ വിജയലക്ഷ്മിയും തങ്ങളുടെ വീടിന് പേരിട്ടതു തന്നെ മകളോടുള്ള സ്നേഹം കൊണ്ടാണ്. ആ വീട്ടിൽതന്നെ തങ്ങളുടെ പ്രിയപ്പെട്ട മകളുടെ സംസ്കാരവും ഇവർക്ക് നടത്തേണ്ടി വന്നു. പോസ്റ്റ‌്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുഷാര ഏൽക്കേണ്ടിവന്ന അതിക്രൂരമായ പീഡനങ്ങൾ പുറംലോകം അറിയുന്നത്. അന്ധവിശ്വാസത്താൽ മനുഷ്യത്വരഹിതമായി മാറിയവർ ഒരു മനുഷ്യജീവിയെ ക്രൂരമായി കൊല്ലുകയായിരുന്നു എന്ന‌് പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ വിവാഹം രജിസ്റ്റർ ചെയ്യാൻ മുനിസിപ്പാലിറ്റിയിൽ എത്തിയ തുഷാര ധരിച്ചിരുന്ന ആഭരണങ്ങൾ കണ്ടപ്പോൾത്തന്നെ വീട്ടുകാർക്ക് സംശയം തോന്നി. പിന്നീട് തിരക്കിയപ്പോഴാണ് കടം വീട്ടാൻ സ്വർണം വിറ്റതായും പകരം വില കുറഞ്ഞ ആഭരണങ്ങൾ വാങ്ങി ഇട്ടതായും ബന്ധുക്കൾ അറിയുന്നത്. ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യാൻ ശ്രമിച്ചതോടെ ദുർമന്ത്രവാദത്തിന‌് പെൺകുട്ടിയെ നിരന്തരം വിധേയമാക്കി. രണ്ടു ലക്ഷം രൂപ സ‌്ത്രീധനമായി കിട്ടാൻ ക്രൂരമായ മർദനമായിരുന്നു. പണം കിട്ടാതായതോടെ തുഷാരയ‌്ക്ക‌് കാലിന് സ്വാധീനമില്ലെന്നും മറ്റുമുള്ള ആരോപണമായി. സ്കൂളിലും പിന്നീട് ഡിഗ്രി പഠനത്തിനും കരുനാഗപ്പള്ളി ടൗണിലേക്ക് നടന്നു പോയിരുന്ന പെൺകുട്ടിയെക്കുറിച്ചാണ് ഇങ്ങനെ അപവാദം പ്രചരിപ്പിച്ചത്.
വിവാഹം കഴിഞ്ഞ് മൂന്നുതവണ മാത്രമേ രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ സ്വന്തം വീട്ടിലേക്ക് പോകാൻ അനുവദിച്ചുള്ളൂ. ഭർത്താവ് ചന്തുലാലിന്റെ സഹോദരിയും പെൺകുട്ടിയെ പലതവണ ആക്രമിച്ചിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. പീഡനം സഹിക്കാനാകാതെ ആത്മഹത്യക്കും പെൺകുട്ടി ശ്രമിച്ചിരുന്നു. തുഷാര വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാൻ ഇവർ ശ്രമിച്ചിരുന്നു. പ്രശ‌്ന പരിഹാരത്തിനായി സഹോദരീഭർത്താവിനെ വിളിക്കുമ്പോൾ തന്റെ ഫോണിലേക്ക് ഇക്കാര്യം പറഞ്ഞ് മേലാൽ വിളിക്കരുതെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹോദരിക്കും ഭർത്താവിനും സംഭവത്തിൽ പങ്കുണ്ടെന്നും ഇക്കാര്യവും അന്വേഷിക്കണമെന്നും ബന്ധുക്കൾ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച‌് ഡിജിപി ഉൾപ്പെടെയുള്ളവരെ കാണുമെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2uAcbJs
via IFTTT
No comments:
Post a Comment