കൊച്ചി
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ‌്)യുടെ 71.99 കോടി രൂപയുടെ വാർഷിക ബജറ്റിന് സർവകലാശാല ജനറൽ കൗൺസിൽ അംഗീകാരം നൽകി. 41 കോടി രൂപ പദ്ധതി ചെലവുകൾക്കും 25.68 കോടി രൂപ പദ്ധതി ഇതര ചെലവുകൾക്കും വകയിരുത്തുന്ന ബജറ്റ്, വിവിധ പദ്ധതികളിലായി 5.32 കോടിയുടെ സഹായം ബാഹ്യ ഏജൻസികളിൽനിന്ന‌് പ്രതീക്ഷിക്കുന്നു. 83 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ അടുത്ത സാമ്പത്തികവർഷം നടത്തും. ഇതിൽ 15 കോടി രൂപ നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽനിന്നാണ‌്. ജനറൽ കൗൺസിൽ യോഗത്തിൽ വൈസ് ചാൻസലർ ഡോ. എ രാമചന്ദ്രൻ ബജറ്റ് അവതരിപ്പിച്ചു.
മൾട്ടി സ്പീഷിസ് ഫിൻ ഫിഷ് ഹാച്ചറി, കണ്ടൽക്കാടുകളുടെ പരിസ്ഥിതി പ്രാധാന്യത്തിന്റെ ബോധവൽക്കരണത്തിനായി മാങ‌്ഗ്രൂവ് ഇൻഫർമേഷൻ സെന്റർ എന്നിവയടക്കമുള്ള പദ്ധതികൾ ബജറ്റ് മുന്നോട്ടുവയ‌്ക്കുന്നു. സർവകലാശാലയുടെ ഗവേഷണനേട്ടങ്ങളും അറിവുകളും കർഷകരിലേക്ക് എത്തിക്കുന്ന വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് 1.75 കോടി രൂപ വകയിരുത്തി. പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷൻ ക്യാമ്പസിന്റെ സമഗ്രവികസനത്തിന‌് എട്ട‌് കോടി രൂപയും കൊല്ലം, കണ്ണൂർ പ്രാദേശിക കേന്ദ്രങ്ങൾക്ക് ഒരുകോടി രൂപ വീതവും അനുവദിച്ചു. മാടവനയിലെ വെസ്റ്റേൺ ക്യാമ്പസിൽ പുതിയ അക്കാദമിക് ബ്ലോക്ക് നിർമിക്കാൻ രണ്ട‌് കോടിയും ലൈബ്രറിക്കും ഓഫീസ് ഓട്ടോമേഷനുമായി 70 ലക്ഷം രൂപയും മാറ്റി. കുഫോസിലെ നാല് സെന്റർ ഓഫ് എക്‌സലൻസുകളിലൂടെയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് 5.72 കോടി രൂപയും പുതിയ ഉപകരണങ്ങൾ വാങ്ങാനും ലാബോറട്ടറികൾ സ്ഥാപിക്കാനും അഞ്ച‌് കോടി രൂപയും വകയിരുത്തി.
മത്സ്യക്കൃഷി ഗവേഷണ രംഗത്ത് കുഫോസ് കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശാസ്ത്രസമൂഹത്തിൽ എത്തിക്കാനും രാജ്യാന്തരതലത്തിലെ നൂതന കൃഷിരീതികൾ കേരളത്തിലെ കർഷകരെ പരിചയപ്പെടുത്താനുമായി നവംബർ 28 മുതൽ 30 വരെ ഇന്റർനാഷണൽ അക്വാകൾച്ചർ കോൺഫറൻസ് കൊച്ചിയിൽ സംഘടിപ്പിക്കും. ഇതിന‌് 25 ലക്ഷം രൂപ വകയിരുത്തി. അടുത്ത വർഷത്തെ ദേശീയ വൈസ് ചാൻസലേഴ്‌സ് കോൺഫറൻസിനും കുഫോസ് ആതിഥേയത്വം വഹിക്കും.
കുഫോസ് ഭരണസമിതി അംഗങ്ങളായ അഡ്വ. മനു സി പുളിക്കൽ, ഡോ. എം ആർ ഭൂബേന്ദ്രനാഥ്, കെ കെ രഘുരാജ്, എബ്രഹാം ജോൺ തരകൻ, ഡോ. അനു ഗോപിനാഥ്, ഡോ. കെ വി തോമസ്, ഡോ. എ ഗോപാലകൃഷ്ണൻ, ഇന്ദുകല പി, ഡോ. എസ്എം റാഫി, ഡോ. എസ് സുരേഷ‌്കുമാർ, ഡോ. സി ഡി സൂര്യകല, രജിസ്ട്രാർ വി എം വിക്ടർ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2tQbueZ
via IFTTT
No comments:
Post a Comment