തൃശൂർ > ചങ്ങനാശേരിക്കാരൻ അബ്ദുക്കയുടെ മനസ്സിലെന്നും ചുവപ്പാണ‌്. ഫുട‌്ബോൾ താരമായിരുന്ന അബ്ദുൾറഹ‌്മാന‌് പന്തിനെപ്പോലെ ജീവനാണ‌് പാർടിയും. പിണറായി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്റെ പ്രിയപ്പെട്ട ഫുട‌്ബോളുമായി സംസ്ഥാനമെങ്ങും സഞ്ചരിക്കുകയാണ‌്. എൽഡിഎഫ‌് സർക്കാരിന്റെ നന്മയുടെ ആയിരം നാളുകൾ എന്നെഴുതിയ പന്തും ഷർട്ടിനുമുകളിൽ പ്രചാരണ കോട്ടുമണിഞ്ഞ‌് പ്രചാരണരംഗത്ത‌് സജീവമാണ‌്.
ചങ്ങനാശേരി മുല്ലശേരി വീട്ടിൽ അബ്ദുൾറഹ‌്മാൻ എൽഡിഎഫ‌് സംസ്ഥാന കമ്മിറ്റി നടത്തിയ കേരള സംരക്ഷണയാത്രയുടെ സമാപനത്തിന‌് തൃശൂരിലെത്തി. ഇടതുപക്ഷ സർക്കാരിന്റെ 1000 നല്ല ദിനം എന്നെഴുതിയ പന്ത‌് തലയിൽവച്ച‌് നിലത്തു വീഴാതെ ഏറെ സമയം ജാഥയ‌്ക്കുമുന്നിൽ നീങ്ങി വിസ‌്മയം സൃഷ്ടിച്ചു. നിരവധിപേർ ഇത‌് മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തി. തന്റെ ഭാര്യയുടെ വീടുള്ള കണ്ണൂർ പയ്യന്നൂരിലും ജാഥയെ വരവേൽക്കാനെത്തി.
പിണറായി സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിലും അബ്ദുൾറഹ‌്മാൻ പന്തുമായി എത്തിയിരുന്നു. പിണറായി മുഖ്യമന്ത്രിയായശേഷം ധർമടത്ത‌് എത്തിയപ്പോഴും അബ്ദുൾ റഹ‌്മാനെത്തി. ഇക്കഴിഞ്ഞ ദിവസം സർക്കാരിന്റെ 1000 ദിനചടങ്ങിൽ തിരുവനന്തപുരത്തെത്തി പ്രചാരണം നടത്തി. സിപിഐ എം എന്ന പാർടി തനിക്ക‌് ജീവനാണെന്ന‌് അബ്ദുൾറഹ‌്മാൻ പറഞ്ഞു.
ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ‌് താൻ പ്രചാരണരംഗത്തിറങ്ങുന്നത‌്. എന്തൊക്കെ കുപ്രചാരണങ്ങളുണ്ടായാലും തങ്ങളെപ്പോലുള്ളവർ ഇടതുപക്ഷമായി തുടരും. ആയിരം ദിനംകൊണ്ട് എത്രയോ നല്ല കാര്യങ്ങൾ സർക്കാർ ചെയ‌്തു. ഫുട‌്ബോൾ ഉൾപ്പെടെ കായിക മേഖലയുടെയും താരങ്ങളുടെയും വളർച്ചക്ക് ഒട്ടേറെ കാര്യങ്ങളാണ‌് സർക്കാർ ചെയ‌്തത‌്. സന്തോഷ‌്ട്രോഫി താരങ്ങൾക്ക‌് സർക്കാർ ജോലി നൽകി. ഇതെല്ലാം ഏറെ സന്തോഷകരമാണ‌്.
മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ വേട്ടയാടപ്പെടുകയാണ‌്. എന്നാൽ കേരളത്തിൽ സുരക്ഷിതരാണ്. അത‌് ഇടതുപക്ഷ ശക്തികൊണ്ട‌് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ‌്കൂൾ പഠനകാലത്ത‌് മികച്ച ഗോൾകീപ്പറായിരുന്നു. സന്തോഷ‌്ട്രോഫി താരം കെ ടി ചാക്കോക്കൊപ്പം സ‌്കൂൾ തലത്തിൽ കളിച്ചിട്ടുണ്ട‌്. ജീവിതപ്രയാസങ്ങൾ കാരണം കളി തുടരാനായില്ല. പ്രശസ‌്ത ടീമുകൾക്കൊപ്പം ഫുട‌്ബാൾ ബോയ‌് ആയി പ്രവർത്തിച്ചിട്ടുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2VzZyK9
via IFTTT
No comments:
Post a Comment