മീനവെയിൽ തോൽക്കും ആവേശച്ചൂട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

മീനവെയിൽ തോൽക്കും ആവേശച്ചൂട്

കൊച്ചി
ഉഗ്രപ്രതാപത്തിലാണ‌് മീനസൂര്യൻ. ജില്ലയിൽ സൂര്യാതപം സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമുണ്ട‌്. പക്ഷേ, കോട്ടയത്തിന്റെ എൽഡിഎഫ‌് സാരഥി വി എൻ വാസവനുവേണ്ടി കാത്തുനിൽക്കാൻ ഇതൊന്നും  ജനങ്ങൾക്ക‌്‌ തടസ്സമായില്ല. കത്തുന്ന വെയിലിനും മീതെയായിരുന്നു അണപൊട്ടിയ ആവേശം. സ്വീകരണകേന്ദ്രങ്ങളിൽ ചെണ്ടയുടെയും ഡോലിന്റെയും മേളക്കൊഴുപ്പ‌്. രക്തപതാകയുടെയും  കുരുത്തോലത്തോരണങ്ങളുടെയും മുത്തുക്കുടയുടെയും വർണമേളം. ഗ്രാമനന്മയുടെ മണവും മമതയും നിറഞ്ഞ അന്തരീക്ഷത്തിൽ  കണിക്കൊന്നപ്പൂക്കളും കാർഷികവിഭവങ്ങളും നൽകി  സ്ഥാനാർഥിക്ക‌് വരവേൽപ്പ‌്. കർഷകരും കർഷകത്തൊഴിലാളികളും തൊഴിലുറപ്പ‌് തൊഴിലാളികളുമെല്ലാം ഹർഷാരവത്തോടെ വി എൻ വാസവനെ എതിരേറ്റു.

കർഷകത്തൊഴിലാളികളുടെ ഐതിഹാസിക സമരത്തിന്റെ ചരിത്രഭൂമികയായ  ഇരുമ്പനത്ത‌ുനിന്നാണ‌്  വി എൻ വാസവന്റെ പിറവം മണ്ഡലപര്യടനം ആരംഭിച്ചത‌്. വെള്ളിയാഴ‌്ച  രാവിലെ എട്ടിന‌് പാറക്കടവിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ‌്ഘാടനം ചെയ‌്തു. തുടർന്ന‌് സ്വീകരണകേന്ദ്രങ്ങളിലേക്ക‌്. ഓരോ കേന്ദ്രത്തിലും അഭിവാദ്യമർപ്പിച്ച‌് ത്രസ‌ിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ. സ്ഥാനാർഥിയുടെ ചിത്രവും ചുറ്റിക അരിവാൾ നക്ഷത്രം ചിഹ‌്നവും ആലേഖനംചെയ‌്ത പ്ലക്കാർഡുകളുമേന്തി കുട്ടികളും വീട്ടമ്മമാരും യുവാക്കളും. രക്തഹാരവും ഷാളും അണിയിക്കാനും പൂക്കളും കാർഷിക വിഭവങ്ങളും നൽകാനും തിക്കിത്തിരക്ക‌്.

എല്ലാവർക്കും കൈവീശി സ്ഥാനാർഥിയുടെ അഭിവാദ്യം. തനിക്കു കിട്ടിയ പൂക്കൾ കുട്ടികൾക്കു നൽകി കുശലാന്വേഷണം.  തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ച‌് ലളിതമായ വാക്കുകളിൽ പ്രസംഗം. ‘‘എന്നിലർപ്പിക്കുന്ന വിശ്വാസം ഞാനൊരിക്കലും കളങ്കപ്പെടുത്തില്ല. ഈ നാടിന്റെ നാനാതരത്തിലുള്ള വികസനപ്രവർത്തനങ്ങളിൽ എന്റെ എളിയ കഴിവ‌് നിങ്ങളുടെ സഹകരണത്തോടെ വിനിയോഗിക്കും. നിലവിലുള്ള ഗൗരവമേറിയ ചുറ്റുപാടിനെ വോട്ടാക്കി മാറ്റാൻ പ്രവർത്തിക്കണം. ഇനിയുള്ള ദിവസങ്ങളിൽ ഭാവനാപൂർണമായ പ്രവർത്തനം നടത്തണം’’ –- സ്ഥാനാർഥി പറഞ്ഞുനിർത്തുമ്പോൾ മുദ്രാവാക്യം വിളികളാൽ പ്രത്യഭിവാദ്യം.

കാവരപ്പറമ്പിലെ സ്വീകരണകേന്ദ്രത്തിൽ സ്ഥാനാർഥിക്ക‌് വിശേഷാൽ സമ്മാനം ലഭിച്ചു. കുരുത്തോലകൊണ്ടു നിർമിച്ച തൊപ്പിയായിരുന്നു സമ്മാനം. നിർമിച്ചത‌് ഇരുമ്പനം എച്ച‌്പിസിഎലിലെ ഗ്യാസ‌് ലോഡിങ‌് തൊഴിലാളി കെ എസ‌് ജീവൻലാൽ. ഇതിനൊപ്പം കുരുത്തോലയിൽ തീർത്ത കൂടയിൽ നിറയെ പഴങ്ങളും ജൈവരീതിയിൽ കൃഷിചെയ‌്തെടുത്ത ചീരയും നൽകിയായിരുന്നു വരവേൽപ്പ‌്. കരിങ്ങാച്ചിറയിൽ എത്തിയപ്പോൾ സമീപത്തെ കടകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ പുറത്തിറങ്ങി കൈവീശി അഭിവാദ്യമർപ്പിച്ചു. അമ്പാടിമലയിലെ സ്വീകരണം വേറിട്ടതായി. പൂക്കളും പഴങ്ങളും പുതുവസ‌്ത്രങ്ങളും അടങ്ങുന്ന കണിയൊരുക്കിയായിരുന്നു ഇവിടെ സ്വീകരണം. തോപ്പിലെയും ഉദയാകവലയിലെയും  എൽഡിഎഫ‌്  ബൂത്ത‌് കമ്മിറ്റി  ഓഫീസുകളുടെ ഉദ‌്ഘാടനവും പര്യടനത്തിനിടെ നടന്നു.

ഇരുമ്പനം, തിരുവാങ്കുളം, ചോറ്റാനിക്കര, കണയന്നൂർ, ആരക്കുന്നം, മുളന്തുരുത്തി, ആമ്പല്ലൂർ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം അരയൻകാവ‌് കുലയറ്റിക്കരയിലായിരുന്നു സമാപനം. എൽഡിഎഫ‌് കോട്ടയം പാർലമെന്റ‌് മണ്ഡലം സെക്രട്ടറി ടി ആർ രഘുനാഥൻ, പിറവം മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ‌്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എം സി സുരേന്ദ്രൻ, മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി സി ഷിബു, എം ജെ ജേക്കബ‌്, കാരായി രാജൻ തുടങ്ങിയവർ വി എൻ വാസവനൊപ്പമുണ്ടായിരുന്നു.

തൃപ്പൂണിത്തുറ ബൈപാസോ..? ജബ ജബ..!
പി വി രാമചന്ദ്രൻ
തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ബൈപാസ് പദ്ധതിയെക്കുറിച്ചു ചോദിച്ചാൽ കോട്ടയം എംപി ആയിരുന്ന ജോസ് കെ മാണിക്കും എറണാകുളം എംപി കെ വി തോമസിനും ഉത്തരമൊന്നുമില്ല. കൊച്ചിയുടെ നഗരത്തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമായി നിർദേശിക്കപ്പെട്ട കൊച്ചി–-മധുര ദേശീയപാതയിലെ ഈ പദ്ധതി എംപിമാരുടെ അവഗണനയിൽ കുരുങ്ങിയാണ‌് വിസ‌്മൃതിപ്പട്ടികയിൽ ഇടംപിടിച്ചത‌്. തിരുവാങ്കുളംമുതൽ കുണ്ടന്നൂർവരെ സ്ഥലനിർണയം പലതവണ നടന്നെങ്കിലും ബൈപാസ‌് ഇതുവരെ യാഥാർഥ്യമായില്ല. 

കേന്ദ്രസർക്കാർ അവഗണനയും ഭൂമാഫിയകളുടെ ഇടപെടലുകളുമാണ് തൃപ്പൂണിത്തുറ ബൈപാസിനെ  നടപ്പാകാത്ത പദ്ധതിയാക്കിയത്. കൊച്ചി –-മധുര ദേശീയപാത പ്രഖ്യാപിച്ച 1989ൽത്തന്നെ തൃപ്പൂണിത്തുറ ബൈപാസിനും പദ്ധതിയായി. പിന്നീട‌്, സ്ഥലമെടുപ്പിന്റെ പേരിൽവന്ന കോടതിവിധി പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും വൈകിക്കുകയുംചെയ്തു. ദേശീയ പാതകൾക്കു സ്ഥലമെടുക്കുമ്പോൾ ജനസാന്ദ്രതയുള്ള മേഖല ഒഴിവാക്കണമെന്ന വ്യവസ്ഥയുടെ ലംഘനമാണിതെന്ന കണ്ടെത്തലാണ് കോടതി ഉത്തരവിനിടയാക്കിയത്. മരട് കുണ്ടന്നൂർ മുതൽ മധുരയിലെ ടൊണ്ടിൻവരെ 286.61 കിലോമീറ്റർ രണ്ടുവരിപ്പാതയാണ് കൊച്ചി –-മധുര ദേശീയപാതയാക്കി പ്രഖ്യാപിച്ചത്. ഇതിന്റെ 167.59 കിലോമീറ്ററും കേരളത്തിലാണ്. നഗരത്തിൽ പ്രവേശിക്കാതെ വൻ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും കൊച്ചിയിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗമായാണ്  ഇത് വിഭാവനംചെയ‌്തത‌്.

കുണ്ടന്നൂർ, മരട്, പേട്ട തൃപ്പൂണിത്തുറ തിരുവാങ്കുളം വഴി കടന്നുപോകുന്ന ദേശീയപാത വീണ്ടും കുരുക്കിൽപ്പെടുമെന്ന നില വന്നപ്പോഴാണ്  പുത്തൻകുരിശ് മറ്റക്കുഴിമുതൽ കുണ്ടന്നൂർവരെ പുതിയ ബൈപാസ് എന്ന ആശയം ഉദയംകൊണ്ടതും പദ്ധതിയായി അംഗീകരിക്കപ്പെട്ടതും. 8.23 കിലോമീറ്റർ ദൈർഘ്യമാണ‌് കണക്കാക്കപ്പെട്ടത്. 34.0584 ഹെക്ടർ സ്ഥലം ഇതിനായി ഏറ്റെടുക്കാൻ തീരുമാനിച്ചു.  മറ്റക്കുഴി മുതൽ തിരുവാങ്കുളം റെയിൽപ്പാളം വരെ 3.5 കിലോമീറ്ററിൽ 16.172 ഹെക്ടർ സ്ഥലമാണ് ആവശ്യമുള്ളത്. ഇതിൽ 4.432 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. ഇതാണ‌്‌ ഇതുവരെയുള്ള പ്രവർത്തനം. കൊച്ചിയുടെയും ജില്ലയുടെ കിഴക്കൻ മേഖലയുടെയും വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിവയ‌്ക്കുന്ന  പദ്ധതിയുടെ സാക്ഷാത്ക്കാരം എൽഡിഎഫ് ജനപ്രതിനിധികളുടെ വിജയത്തെ ആശ്രയിച്ചുമാത്രമേ നിലനിൽക്കൂവെന്നതാണ് അവസ്ഥ.


 

നമുക്കു വേണ്ടത‌് ഒപ്പം നിൽക്കുന്നവരെ
കൊച്ചി
‘‘പത്തുമാസംവരെ പെൻഷൻ മുടങ്ങിയിട്ടുണ്ട‌്. ദുരിതമായിരുന്നു അന്ന‌്. ഇപ്പോൾ അതില്ല. കൃത്യമായി പെൻഷൻ കൈയിലെത്തുന്നു. നമ്മുടെ സർക്കാർ അല്ലേ ഇതൊക്കെ ചെയ‌്തത‌്.  വോട്ട‌് വി എൻ വാസവനല്ലെങ്കിൽ പിന്നെയാർക്കാണ‌് ? ’’ –- ചോറ്റാനിക്കര കടുംഗമംഗലത്ത‌് വി എൻ വാസവനെ സ്വീകരിക്കാനെത്തിയ കർഷകത്തൊഴിലാളി ഞാളിയത്ത‌്‌ഞാലിൽ തങ്കമ്മ കുട്ടപ്പന്റെ (78) പ്രതികരണം ഇങ്ങനെ. കുരീക്കാട്ടെ സ്വീകരണകേന്ദ്രത്തിലെത്തിയ കാവുംപടിക്കൽ ജാനുവും താരാനിലയത്തിൽ ചന്ദ്രിക വേലായുധനും പങ്കുവയ‌്ക്കുന്നത‌് ഇതേ അഭിപ്രായംത്തന്നെ‌. ‘‘പാവപ്പെട്ടവരുടെ ആനുകൂല്യം മുടക്കുന്നവർ എന്തു നൽകാനാണ‌് ? നമുക്ക‌് വേണ്ടത‌് എന്നും ഒപ്പം നിൽക്കുന്നവർ. അതിനാൽ വോട്ട‌് വി എൻ വാസവനു തന്നെ’’ –-അവർ പറയുന്നു.
ജീവിതം വഴിമുട്ടാതിരിക്കാൻ എൽഡിഎഫ‌് വിജയിക്കണം. സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും തൊഴിലുറപ്പ‌് തൊഴിലാളികൾക്കും ഇത‌് നന്നായി അറിയാം. മാസങ്ങളോളം പെൻഷൻ കുടിശ്ശികവരുത്തി ദുരിതം സൃഷ‌്ടിച്ചവർ ഇവിടെ വേണ്ട. ജീവിതത്തിന‌് താങ്ങായുള്ളവർ  മതി. ഇത‌് മനസ്സിലാക്കുന്ന അവർ എൽഡിഎ‌ഫ് സ്ഥാനാർഥിയുടെ സ്വീകരണയോഗങ്ങളിൽ ഇരമ്പിയെത്തുന്നു.

വിജയാശംസകളുമായി താര
കൊച്ചി
വി എൻ വാസവന‌് വിജയാശംസകളുമായി പഴയകാല പോരാളി. കർഷക തൊഴിലാളി സമരങ്ങളിലും കുടികിടപ്പ‌് സമരത്തിലുമുൾപ്പെടെ ഒട്ടേറെ പ്രക്ഷേ‌ാഭങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന മാളിയേക്കൽ താരയാണ‌്  പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും  സ്ഥാനാർഥിയെ കാണാനെത്തിയത‌്.  പേരക്കുട്ടി ഉമേഷിനും ഭാര്യ ശുഭയ‌്ക്കുമൊപ്പമാണ‌് താര കുരീക്കാട്ടെ സ്വീകരണകേന്ദ്രത്തിലെത്തിയത‌്. എൺപത്തിയഞ്ചു വയസ്സായി. ശാരീരിക അവശതകളുണ്ട‌്. എങ്കിലും വി എൻ വാസവൻ എത്തുന്നു എന്നറിഞ്ഞതിനാൽ വീട്ടിൽ ഇരിപ്പുറയ‌്ക്കുന്നില്ല. സ്ഥാനാർഥിയെക്കണ്ട‌് വിജയാശംസകൾ നേരണം. ‘‘ നമ്മുടെ സ്ഥാനാർഥി വിജയിക്കും. അതുറപ്പാ.. ’’ –- താര പറയുന്നു.

ഇടയ‌്ക്കകൊട്ടിയും വരവേൽപ്പ‌്
മുളന്തുരുത്തി
ഇടയ‌്ക്കയിൽ ഒരുക്കിയ സംഗീതത്തോടെ വി എൻ വാസവന‌് വരവേൽപ്പ‌്. പ്രശസ്ത ഇടയ‌്ക്കകലാകാരൻ സത്കല വിജയന്റെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതപരിപാടിയാണ‌് വി എൻ വാസവനെ മുളന്തുരുത്തിയിലേക്ക് വരവേറ്റത‌്. മുളന്തുരുത്തി വട്ടുകുന്നിലാണ‌്‌ സത്കല വിജയന്റെ നേതൃത്വത്തിൽ ഗായകരെത്തി വരവേറ്റത്. തുടർന്ന് മുളന്തുരുത്തി ആരക്കുന്നം മേഖലകളിൽ പര്യടനം നടത്തിയശേഷം ആമ്പല്ലൂർ പഞ്ചായത്തിലേക്ക് പ്രവേശിച്ച വി എൻ വാസവനെ പാണാർപാലത്തിനു സമീപം വാദ്യമേളങ്ങളോടെ സ്വീകരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2OAP8r8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages