‘കഴിഞ്ഞ 30 വർഷമായി ഞാൻ നിങ്ങൾക്കിടയിലുണ്ട‌്. പല തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സ്ഥാനാർഥികൾക്ക‌് വോട്ട‌് അഭ്യർഥിച്ച‌് വന്നിട്ടുണ്ട‌്. എന്നാൽ, എനിക്ക‌് വോട്ട‌് അഭ്യർഥിച്ച‌് എത്തുന്നത‌് ആദ്യമായാണ‌്’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 30, 2019

‘കഴിഞ്ഞ 30 വർഷമായി ഞാൻ നിങ്ങൾക്കിടയിലുണ്ട‌്. പല തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സ്ഥാനാർഥികൾക്ക‌് വോട്ട‌് അഭ്യർഥിച്ച‌് വന്നിട്ടുണ്ട‌്. എന്നാൽ, എനിക്ക‌് വോട്ട‌് അഭ്യർഥിച്ച‌് എത്തുന്നത‌് ആദ്യമായാണ‌്’


കൊച്ചി
‘കഴിഞ്ഞ 30 വർഷമായി ഞാൻ നിങ്ങൾക്കിടയിലുണ്ട‌്. പല തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സ്ഥാനാർഥികൾക്ക‌് വോട്ട‌് അഭ്യർഥിച്ച‌് വന്നിട്ടുണ്ട‌്. എന്നാൽ, എനിക്ക‌് വോട്ട‌് അഭ്യർഥിച്ച‌് എത്തുന്നത‌് ആദ്യമായാണ‌്’–- സ്വീകരണകേന്ദ്രങ്ങളിൽ പി രാജീവിന്റെ വാക്കുകൾക്ക‌് നിറഞ്ഞ കൈയടിയിലൂടെയാണ‌് ജനസഹസ്രങ്ങൾ സമ്മതം അറിയിക്കുന്നത‌്. ഒന്നാംഘട്ട പരസ്യപ്രചാരണത്തിന്റെ അവസാനദിനമായ വെള്ളിയാഴ‌്ച എറണാകുളം അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌് ലഭിച്ചത‌് ആവേശോജ്വല സ്വീകരണങ്ങൾ. സ്വീകരണകേന്ദ്രങ്ങളിൽ എത്തുന്നവരിൽ ഭൂരിഭാഗവും രാജീവിനെ തൊട്ടറിഞ്ഞവർ. വിഷുക്കണി ഒരുക്കിയും സെൽഫിയെടുത്തും സിന്ദൂരമാലകൾ ചാർത്തിയും നേന്ത്രക്കുലകളും പഴവർഗങ്ങളും നൽകിയും പ്രിയനേതാവിനെ പ്രവർത്തകർ വരവേറ്റു.

രാവിലെ കലാഭവൻ റോഡിൽ പണിക്കശേരിപ്പറമ്പിൽ കൊച്ചി നഗരസഭയുടെ മുൻ മേയറും സെന്റ് ആൽബർട‌്സ‌് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. മാത്യു പൈലി വെള്ളിയാഴ‌്ചത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി സി സൻജിത‌് അധ്യക്ഷനായി. കരിത്തല കോളനിയിലെ സ്വീകരണകേന്ദ്രത്തിൽ സ്ഥാനാർഥിയെ വരവേൽക്കാൻ കൂത്തുപറമ്പ് സമരകാലത്ത് രാജീവിനൊപ്പം ലോക്കപ്പിൽ കിടന്ന ടി കെ വിദ്യാധരൻ എത്തി. കൂത്തുപറമ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വെടിവയ‌്പിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എംജി റോഡിൽ നടന്ന പ്രകടനത്തിൽ വിദ്യാധരനും രാജീവും ഉൾപ്പെടെയുള്ള പ്രവർത്തകരെ മർദിച്ച‌് അവശരാക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാരിക്കാമുറി കോളനിയിൽ പ്രൊഫ. എം കെ സാനു മുല്ലമാല കഴുത്തിൽ അണിയിച്ച് രാജീവിനെ സ്വീകരിച്ചശേഷം ഇന്ത്യയുടെ മുഴുവൻ അഭിമാനമായ രാജീവിനെ വോട്ട‌് ചെയ്ത് വിജയിപ്പിക്കണമെന്ന് വോട്ടർമാരോട് അഭ്യർഥിച്ചു.

ബ്രോഡ‌്‌വേ സാക്ഷിയായത് കടലുപോലെ ആർത്തിരമ്പുന്ന തൊഴിലാളികളുടെ ആഹ്ലാദാരവങ്ങൾക്കായിരുന്നു. സ്വീകരണകേന്ദ്രങ്ങളിലല്ലാതെ വഴിനീളെ തൊഴിലാളികൾ പ്രിയനേതാവിന് അഭിവാദ്യമർപ്പിച്ചു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം എറണാകുളം ലോ കോളേജിലും തേവര സേക്രഡ് ഹാർട്ട് കോളേജിലുമെത്തി. രണ്ടു കലാലയങ്ങളും ഹൃദയംകൊണ്ടാണ‌് പ്രിയനേതാവിനെ വരവേറ്റത‌്. കോമ്പാറ ജങ്ഷനിലെ സ്വീകരണത്തിൽ എൽഡിഎഫ് പ്രവർത്തകർക്കും നാട്ടുകാർക്കുമൊപ്പം ഹൈക്കോടതിയിലെയും ജില്ലാ കോടതിയിലെയും അഭിഭാഷകർ പങ്കെടുത്തു. പൊതുപര്യടനത്തിന്റെ രണ്ടാംഘട്ടം 31ന് ആരംഭിക്കും.

കലാലയങ്ങളിൽ സാഭിമാനം
കൊച്ചി
പൊതുതെരഞ്ഞെടുപ്പിന്റെ ചൂരും ചൂടും പടർന്ന ക്യാമ്പസുകളിൽ ആവേശത്തിരയിളക്കി പി രാജീവ്. മണ്ഡലം പര്യടനത്തിന്റെ തിരക്കിനിടയിൽ എറണാകുളം ലോ കോളേജിലും തേവര സേക്രഡ് ഹാർട്ട് കോളേജിലുമാണ് രാജീവ് പുതുതലമുറ വോട്ടർമാരെ കാണാനെത്തിയത്.

പൂർവവിദ്യാർഥിയായ പി രാജീവിനെ ലോ കോളേജ് വിദ്യാർഥികൾ ശിങ്കാരിമേളത്തോടെ വരവേറ്റു. കോളേജ് കവാടത്തിൽ വിദ്യാർഥികൾ രക്തഹാരമണിയിച്ച് സ്വീകരിച്ച പി രാജീവിനെ വരവേൽക്കാൻ അധ്യാപകരുമുണ്ടായി. വിദ്യാർഥികളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി അധ്യാപകരോടൊപ്പം കോളേജ് ഓഫീസിലെത്തിയ രാജീവിനെ പ്രിൻസിപ്പൽ പ്രൊഫ. കെ ആർ രഘുനാഥ് വരവേറ്റു. വിദ്യാർഥിരാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഓർമകളുറങ്ങുന്ന ലോ കോളേജിന്റെ ഇടനാഴികളിലൂടെ നടന്ന അദ്ദേഹം പുതിയ തലമുറയുടെ ഇടയിലേക്ക് കുശലാന്വേഷണവുമായി ഇറങ്ങിച്ചെന്നു.

താളമേളങ്ങളുടെ അകമ്പടിയോടെയാണ‌് തേവര എസ‌്എച്ച‌് കോളേജിലെ വിദ്യാർഥികളും അധ്യാപകരും അദ്ദേഹത്തെ സ്വീകരിച്ചത‌്.
ഒരുമിച്ചുനിന്ന് ഫോട്ടോയെടുത്താണ് രാജീവിനെ സേക്രഡ് ഹാർട്ട് ക്യാമ്പസ് യാത്രയാക്കിയത്.

ആവേശം കുതിരപ്പുറമേറി
കൊച്ചി
‘ദ്വിഗ‌്‌വിജയത്തിന്റെ സർഗശക്തിയാമിക്കുതിരയെ വിട്ടയക്കുന്നു’–- എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ അനൗൺസ‌്മെന്റ‌് വാഹനത്തിൽനിന്ന‌് കവിതാശകലം ഒഴുകി.

തൊട്ടുപിന്നിൽ ചെമ്പൻകുതിരയുടെ പുറത്ത‌് ഇടപ്പള്ളി കുന്നുംപുറം സ്വദേശിയായ പതിനാറുകാരൻ അശ്വിൻ. തൊട്ടുപിന്നിൽ തുറന്ന വാഹനത്തിൽ കൈവീശി പി രാജീവ‌്. കലൂർ പൊറ്റക്കുഴി സ്വീകരണകേന്ദ്രത്തിൽനിന്ന് അടുത്ത കേന്ദ്രമായ കാട്ടുകല്ല് കമ്യൂണിറ്റി ഹാൾ പരിസരത്തേക്കുള്ള പി രാജീവിന്റെ പര്യടനം കാണികളെ ആവേശഭരിതരാക്കി.നാലുവർഷമായി കുതിരസവാരി ചെയ്യുന്ന അശ്വിൻ, ഇടപ്പള്ളി കുന്നുംപുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ‌്.

ഇന്ന‌് പത്രിക സമര്‍പ്പിക്കും
കൊച്ചി
എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് ശനിയാഴ‌്ച നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തിന‌് സിപിഐ എം തൃക്കാക്കര ഈസ‌്റ്റ‌് ലോക്കൽ കമ്മിറ്റി ഓഫീസിൽനിന്ന‌് പ്രകടനമായെത്തി വരണാധികാരിയായ കലക്ടർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. വൈകിട്ട് ആറിന് എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിനുമുന്നോടിയായി സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരുടെ ചർച്ചായോഗത്തിൽ പി രാജീവ് പങ്കെടുക്കും. ഐഎംഎ ഹാളിൽ നടക്കുന്ന യോഗത്തിൽ മന്ത്രി സി രവീന്ദ്രനാഥ് പങ്കെടുക്കും. ചർച്ചകളിൽ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാകും പ്രകടനപത്രികയ‌്ക്ക് അന്തിമരൂപം നൽകുക.

രാജീവം–-ചരിത്രമെഴുതിയ ഇടപെടലുകളുടെ ചിത്രസാക്ഷ്യം
എസ‌് രാമചന്ദ്രൻ
മട്ടാഞ്ചേരി
പോരാട്ടത്തിന്റെയും കാരുണ്യത്തിന്റെയും വികസനത്തിന്റെയും വഴിയിലൂടെ നടന്നുവന്ന ജനനേതാവിന്റെ ചുവടുവയ‌്‌പുകൾ. രാജ്യം ശ്രദ്ധിച്ച പാർലമെന്റിലെ ഇടപെടലുകൾ, മലയാളിയുടെ അഭിമാനമുയർത്തി ലോകവേദിയിലെ സാന്നിധ്യം. മട്ടാഞ്ചേരി ചുള്ളിക്കൽ കവലയ‌്ക്ക‌് സമീപം ആരംഭിച്ച ഫോട്ടോ ഗ്യാലറിയിൽ പി രാജീവെന്ന ജനനേതാവിനെ തൊട്ടറിയാം. പി രാജീവിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന കാരുണ്യപ്രവർത്തനങ്ങളുടെ അടക്കം ചിത്രങ്ങൾ  ഉൾപ്പെടുത്തിയുള്ള പ്രദർശനം നിരവധിപേരെ ആകർഷിക്കുന്നു.

കനിവ് രാജീവം എന്ന പേരിലുള്ള ഗ്യാലറി നിറയെ കനിവിന്റെ അടയാളങ്ങളാണ്. പി രാജീവിന്റെ മേൽക്കൈയിൽ ആരംഭിച്ച കനിവ‌് ഭവന പദ്ധതി, അവശരായ രോഗികൾക്ക‌് ആശ്വാസമേകിയ ഇടപെടലുകൾ, ജൈവകൃഷിയിലെ നേതൃത്വപരമായ പങ്ക‌് തുടങ്ങിയ ചിത്രങ്ങൾ രാജീവ‌് എന്ന പരിസ്ഥിതി–-മനുഷ്യ സ‌്നേഹിയെ വരച്ചുകാട്ടുന്നു.

യുവജന നേതാവായിരിക്കെ പൊലീസ‌് മർദനത്തിൽ പരിക്കേറ്റ‌് ചോരയിൽ കുളിച്ചുനിൽക്കുന്ന ചിത്രം, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം, രാജ്യസഭയിലെ ഇടപെടലുകൾ, അതേക്കുറിച്ച‌് ദേശീയ മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടിന്റെ പകർപ്പുകൾ, രാജ്യസഭയിൽ ലഭിച്ച യാത്രയയപ്പ‌്, അതേക്കുറിച്ച‌് വന്ന മാധ്യമ റിപ്പോർട്ടുകൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട‌്.

സിപിഐ എം പനയപ്പിള്ളി സെന്റർ ലോക്കൽ കമ്മിറ്റിയാണ് പ്രദർശനം സംഘടിപ്പിച്ചത‌്. പ്രദർശനം പി രാജീവ്, എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, കെ ജെ മാക്സി എന്നിവർ ചേർന്ന് ഉദ‌്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ എം റിയാദ്, ലോക്കൽ സെക്രട്ടറി പി എസ് ഗിരീഷ് എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2OxxZPe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages