തിരുവനന്തപുരം
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പറന്ന ഡ്രോണുകൾ കണ്ടെത്താൻ പൊലീസ‌് ഐഎസ‌്ആർഒയുടെ സഹായം തേടി. ഡ്രോണിന്റെ സ്വഭാവം, ഏതുരീതിയിലുള്ള ഡ്രോൺ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടിയാണ‌് സിറ്റി പൊലീസ‌് കമീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഐഎസ‌്ആർഒയിലെ വിദഗ‌്ധരുടെ സഹായം തേടിയത‌്.
കോവളം, പൊലീസ‌് ആസ്ഥാനം, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ പറന്നതായാണ‌് റിപ്പോർട്ട‌്. എന്നാൽ, പറന്നത‌് ഡ്രോൺ തന്നെയാണെന്ന‌് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇക്കാര്യത്തിൽ ഉൾപ്പെടെ വ്യക്തത കൈവരാനാണ‌് പൊലീസ‌് ഐഎസ‌്ആർഒയെ സമീപിച്ചതെന്ന‌് സിറ്റി പൊലീസ‌് കമീഷണർ സഞ‌്ജയ‌് ഗുരുഡിൻ പറഞ്ഞു.
ഇതേസമയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന‌് 24 ഡ്രോൺ പൊലീസ‌് പിടിച്ചെടുത്തു. ഇതിൽ ഡ്രോൺ ഉപയോഗത്തിന‌് നിയമാനുസൃത രജിസ‌്ട്രേഷൻ ഒമ്പതെണ്ണത്തിന‌് മാത്രമേയുള്ളൂവെന്ന‌് കണ്ടെത്തി. ശേഷിക്കുന്ന ഡ്രോണുകൾ കസ‌്റ്റഡിയിലെടുത്തു. ഡ്രോൺ കൈവശമുള്ളവരുടെ വിവരം ശേഖരിച്ചുവരികയാണ‌്. സംശയമുള്ളവരെ സ‌്റ്റേഷനിലേക്ക‌് വിളിപ്പിച്ചു. അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന‌് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ കേസെടുത്തു. റെയിൽപാത വികസന സർവേയുടെ ഭാഗമായാണ‌് സർവേസംഘം ഡ്രോൺ പറത്തിയത‌്. മൂന്ന‌് ഡ്രോണാണ‌് ഇവരുടെ കൈവശമുണ്ടായത‌്. ഇതിൽ ഒന്ന‌് കാണാതായി. നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണിത‌്. കമ്പനിക്ക‌് ഡ്രോൺ വാടകയ‌്ക്ക‌് നൽകിയ തമിഴ‌്നാട‌് സ്വദേശിക്ക‌് എതിരെയും കേസെടുത്തു.
സർക്കാരിന്റെ മാർഗനിർദേശം പാലിക്കണം: ലോക‌്നാഥ‌് ബെഹ‌്റ
തിരുവനന്തപുരം
ഡ്രോൺ ഉപയോഗിക്കുന്നവർ ഇതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന‌് സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റ അറിയിച്ചു. നിയമപ്രകാരം നിരോധിതമേഖലകളിൽ ഡ്രോൺ പറത്തൽ അനുവദനീയമല്ല. 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകൾക്ക് ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നൽകുന്ന യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ ആവശ്യമാണ്. ഇവ വാങ്ങുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ എക്യുപ്മെന്റ് ടൈപ്പ് അനുമതി ആവശ്യമാണ്. 250 ഗ്രാമിനും രണ്ടുകിലോയ്ക്കും ഇടയ്ക്ക് ഭാരമുളള ഡ്രോണുകൾ പറത്തുന്നതിന് 24 മണിക്കൂർ മുമ്പ‌് ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഇവ പറത്തുന്നത് പകൽ മാത്രമായിരിക്കണം. സിവിൽ, ഡിഫൻസ്, സ്വകാര്യ വിമാനത്താവളങ്ങളുടെ മൂന്നുകിലോമീറ്റർ പരിധി, സ്ഥിരമോ താൽക്കാലികമോ ആയി നിരോധനമുള്ള മേഖലകൾ, തീരത്തുനിന്ന് കടലിലേക്ക‌് 500 മീറ്റർ, സൈനികസ്ഥാപനങ്ങളുടെയും സംസ്ഥാന സെക്രട്ടേറിയറ്റുകളുടെയും മൂന്നുകിലോമീറ്റർ പരിധി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ രണ്ടു കിലോമീറ്റർ പരിധി എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന വാഹനങ്ങളിലിരുന്നും ഡ്രോണുകൾ പറത്താൻ പാടില്ല. ഒരുകൂട്ടം ആളുകൾക്ക‌് മുകളിലോ പൊതുസ്ഥലങ്ങളിലോ ജനം നിറഞ്ഞ സ്റ്റേഡിയങ്ങളിലോ അനുവാദമില്ലാതെ ഡ്രോണുകൾ പറത്താൻ പാടില്ല തുടങ്ങിയവയാണ‌് കേന്ദ്ര സർക്കാർ നിർദേശങ്ങൾ.
from Kerala || Deshabhimani Online News https://ift.tt/2UZFd0V
via IFTTT
No comments:
Post a Comment