മലപ്പുറം
അറബിക്കടലിൽനിന്നുള്ള ചൂടുകാറ്റ‌് അന്തരീക്ഷത്തിൽ എത്തുന്നത‌് ചൂട‌് കൂടാൻ കാരണമാകുന്നതായി പഠനങ്ങൾ. അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കാൻ ഇത‌് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ ഭാഗമായാണ‌് കടൽ ചൂടുപിടിക്കുന്നത‌്. അന്തരീക്ഷ താപത്തിന്റെ ഒരുപങ്ക‌് സമുദ്രങ്ങൾ ആഗിരണംചെയ്യുന്നുണ്ട‌്. അങ്ങനെ സമുദ്രങ്ങളുടെ സംഭരിതതാപം വർധിക്കുന്നു. കടൽജലത്തിന്റെ ഉപരിതലം ചൂടാവുന്നതിന‌് ഇത‌് കാരണമാകുന്നു. ഇത്തരത്തിൽ ചൂടേറിയ കടലിൽനിന്ന‌് ചൂടുകാറ്റ‌് കരയിലേക്ക‌് വീശിയടിക്കുന്നതും അന്തരീക്ഷതാപം വർധിക്കുന്നതിന‌് ഒരു കാരണമാണെന്ന‌് കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ ‘ദേശാഭിമാനി’യോട‌് പറഞ്ഞു
അന്തരീക്ഷത്തിലെ കാർബൺ ഡയോക‌്സൈഡ‌് അറബിക്കടൽ ആഗിരണംചെയ്യുന്നുണ്ട‌്. അന്തരീക്ഷതാപം വർധിക്കുന്നതിനനുസരിച്ച‌് ഇതിന്റെ തോത‌് കൂടും. വെള്ളത്തിന്റെ അമ്ലസ്വഭാവം വർധിക്കാൻ ഇതിനിടയാക്കും. മത്സ്യസമ്പത്ത‌് നശിക്കുന്നതിനൊപ്പം വെള്ളം ചൂടാകാനുമുള്ള കാരണങ്ങളിലൊന്നാണിത‌്. അന്തരീക്ഷത്തിലെ ഈർപ്പാംശം കൂടുന്നതും അതികഠിനചൂടിന്റെ ലക്ഷണമാണ‌്. ഇതിന്റെ ഭാഗമായി താപനില കുറവാണെങ്കിലും അസഹനീയചൂടാണ‌് അനുഭവപ്പെടുക. ഈർപ്പത്തിന്റെ അളവ‌് 60 ശതമാനവും താപനില 35 ഡിഗ്രി സെൽഷ്യസും ആണെങ്കിൽ 40 ഡിഗ്രിയുടെ ചൂടാണ‌് അനുഭവപ്പെടുക. അതുപോലെ ഈർപ്പാംശം 95 ശതമാനവും താപനില 32 ഡിഗ്രിയും ആണെങ്കിൽ അനുഭവപ്പെടുന്ന ചൂട‌് 52 ഡിഗ്രിയാകും.
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ‌് വ്യത്യസ‌്ത പ്രദേശങ്ങളിൽ വ്യത്യസ‌്ത അളവിലാണ‌് കാണപ്പെടുക. ഈർപ്പാധിക്യമുള്ള പ്രദേശങ്ങളിൽ താപനില കുറഞ്ഞാലും കഠിനമായ ചൂട‌് അനുഭവപ്പെടും.അന്തരീക്ഷ പര്യയനവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളാണ‌് ഈർപ്പാംശം കുറയാൻ പ്രധാന കാരണം. മലയോര മേഖലകളിലും കനത്ത ചൂടാണ‌് അനുഭവപ്പെടുന്നത‌്. പരിസ്ഥിതിക്കുവരുന്ന ആഘാതമാണ‌് ഇതിനുകാരണം. പാറമടകൾ വർധിക്കുന്നതും അനധികൃത നിർമാണ പ്രവർത്തനങ്ങളും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകിടംമറിക്കുന്നുവെന്നും പഠനം പറയുന്നു.
പാലക്കാട്ടും തൃശൂരിലും ഇക്കുറി ചൂട‌് 40 ഡിഗ്രി സെൽഷ്യസ‌് കടന്നു. ഈർപ്പത്തിന്റെ അംശം കുറഞ്ഞതുകൂടി കണക്കിലെടുത്ത‌് ഇതിലധികം ചൂടാണ‌് അനുഭവപ്പെടുന്നത‌്. സൂര്യാതപത്തിനും മരണത്തിനുംവരെ ഇത‌് കാരണമാകുന്നുണ്ട‌്.
2010 മാർച്ചുമുതലാണ‌് സംസ്ഥാനത്ത‌് സൂര്യാതപം റിപ്പോർട്ട‌് ചെയ‌്തത‌്---–- പാലക്കാട്ടും തൃശൂരിലും. പിന്നീട‌് ഓരോ വർഷവും ഏറിയും കുറഞ്ഞും സൂര്യാതപമുണ്ടായി. 2016ലെ വേനലിൽ പാലക്കാട്ടും കോഴിക്കോട്ടും ഉഷ‌്ണതരംഗവുമുണ്ടായി. ഇത്തവണ പ്രളയത്തിനുശേഷം ചൂട‌് കൂടുമെന്ന‌് മുന്നറിയിപ്പുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്ന വിധമാണ‌് കേരളം ചുട്ടുപൊള്ളുന്നത‌്. ചൂടിനെ പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൈക്കൊള്ളണം. ദുരന്ത നിവാരണ അതോറിറ്റി ഈ നിലയ‌്ക്കുള്ള പദ്ധതികൾക്ക‌് രൂപം നൽകണമെന്ന‌് ഡോ. ഗോപകുമാർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2TZIXD3
via IFTTT
No comments:
Post a Comment