പള്ളുരുത്തി
എറണാകുളം മണ്ഡലത്തിലെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന‌് പശ‌്ചിമകൊച്ചിയിൽ ആവേശോജ്വല സ്വീകരണം. ആബാലവൃദ്ധം ജനങ്ങളും സ്ഥാനാർഥിയെ സ്വീകരിക്കാൻ ഷാളും മാലയും പൂച്ചെണ്ടുകളുമായി കാത്തുനിന്നു.
‘ഞാൻമാത്രമല്ല സ്ഥാനാർഥി. നമ്മൾ ഓരോരുത്തരും സ്ഥാനാർഥികളാണ‌്...’ രാജീവിന്റെ വാക്കുകൾ ആവേശത്തോടെയാണ‌് ജനം ഏറ്റുവാങ്ങുന്നത‌്. രാവിലെ എട്ടിന‌് തോപ്പുംപടി ഹാർബറിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കടലുപോലെ ആർത്തിരമ്പി വാദ്യമേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ‌് രാജീവിനെ സ്വീകരിച്ചത‌്. മോഡിയുടെ അഞ്ചുവർഷത്തെ ഭരണം രാജ്യത്ത് 50 വർഷത്തെ ആഘാതമേൽപ്പിച്ചെന്ന് പി രാജീവ് പറഞ്ഞു.
.jpg)
പള്ളുരുത്തി എസ്‌വിഡി ലെയ‌്നിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ കേരള യൂത്ത് വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന ആർ രാജേഷുമുണ്ടായിരുന്നു. അയ്യംവേലി, ആഞ്ഞിലിയേറ്റ്, അമൃതം ഹോമിയോ, കുന്നത്തുപറമ്പ്, സ്‌നേഹം റോഡ്, സന്മാർഗോദയ വായനശാല, എസ്‌വിഡി ലെയ‌്ൻ, ആതിര ലെയ‌്ൻ, നന്മ ലെയ‌്ൻ, വെട്ടേഴത്ത്, മുണ്ടംവേലി സാന്തോ കോളനി എന്നിവിടങ്ങളിലും രാജീവ് സ്വീകരണം ഏറ്റുവാങ്ങി. ‘ഈ പരീക്ഷയിൽ രാജീവേട്ടൻ സിമ്പിളായി പാസാകും’–- പരീക്ഷച്ചൂടിനിടയിലും സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്ന ഒരു വിദ്യാർഥി പറഞ്ഞു. തോപ്പുംപടി പട്ടേൽ മാർക്കറ്റ് റോഡിൽ നൽകിയ സ്വീകരണത്തിന് പകിട്ടുകൂട്ടാൻ ആതിര ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ രണ്ടു കുതിരകളുമുണ്ടായിരുന്നു. വാരമ്പിള്ളി, ഇഎസ്ഐ റോഡ്, എസ്എൻ ജങ്ഷൻ, പള്ളിച്ചാൽ, കല്ലുങ്കൽ ജങ്ഷൻ, മാനാശേരി, സൗദി പള്ളി, നടുവത്തുമുറി റോഡ്, അത്തിപ്പൊഴി എന്നിവിടങ്ങളിലും രാജീവ് സ്വീകരണം ഏറ്റുവാങ്ങി.

പി രാജീവിന്റെ വിജയത്തിന‌് അനുകൂലമായ സാഹചര്യമാണ് എറണാകുളം മണ്ഡലത്തിലെന്ന് ഡോ. സെബാസ്റ്റ്യൻപോൾ പറഞ്ഞു. രാജീവിന്റെ കൊച്ചി മണ്ഡലം പര്യടനത്തിനിടയിൽ ചുള്ളിക്കൽ മദർ തെരേസ ജങ്ഷനിൽ സ്ഥാനാർഥിയെ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. എംഎൽഎമാരായ കെ ജെ മാക‌്സി, ജോൺ ഫെർണാണ്ടസ‌്, ഏരിയ സെക്രട്ടറിമാരായ കെ എം റിയാദ‌്, പി എ പീറ്റർ ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പര്യടനത്തിൽ പങ്കാളികളായി.
രാജീവ‌് ഇന്ന‌് കളമശേരിയിൽ
കൊച്ചി
എറണാകുളം ലോക്‌സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ തുറന്ന ജീപ്പിലുള്ള പൊതുപര്യടനം ചൊവ്വാഴ‌്ച കളമശേരി നിയോജകമണ്ഡലത്തിൽ. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്ഥാനാർഥിയെ സ്വീകരിക്കും.
രാവിലെ ഏഴരയ്ക്ക് ഏലൂരിൽനിന്ന് ആരംഭിക്കുന്ന പര്യടനം കടുങ്ങല്ലൂർ, ആലങ്ങാട് പ്രദേശങ്ങളിലെത്തും. തുടർന്ന‌് കുന്നുകര, കരുമാലൂർ, വെളിയത്തുനാട് എന്നിവിടങ്ങളിലും വൈകിട്ട് കളമശേരി നഗരത്തിലും പര്യടനം നടത്തി കളമശേരി നിയോജകമണ്ഡലത്തിലെ ഒന്നാംഘട്ട പൊതുപര്യടനം അവസാനിപ്പിക്കും.
അബ്ദുൾ ജബ്ബാർ ചൂട‌് മറക്കും; രാജീവിനായി
കൊച്ചി
പി രാജീവിന്റെ വിജയത്തിനായി സൈക്കിളിൽ എറണാകുളം ലോക്‌സഭാ മണ്ഡലം മുഴുവൻ ചുറ്റാൻ ഒരുങ്ങുകയാണ് ഫോർട്ടുകൊച്ചി ഉബൈദ് റോഡിലെ കൂരിക്കുഴിൽവീട്ടിൽ അബ്ദുൾ ജബ്ബാർ. സൈക്കിളും വസ്ത്രവും അടിമുടി ചുവപ്പ്.
ഒപ്പം പി രാജീവിനെ വിജയിപ്പിക്കുക എന്ന പോസ്റ്ററും സൈക്കിളിൽ പതിച്ചിട്ടുണ്ട്. കൊടുംചൂടിൽ എങ്ങനെയാണ് പ്രചാരണം നടത്തുകയെന്നുള്ള ചോദ്യത്തോട്, ഏത് സമയത്തും ജനങ്ങൾക്കൊപ്പം നിൽക്കുന്ന രാജീവിനെപ്പോലെയൊരു നേതാവ് എറണാകുളത്ത് മത്സരിക്കുമ്പോൾ കാലാവസ്ഥയൊന്നും പ്രശ്‌നമല്ലെന്നായിരുന്നു മറുപടി.
ഒപ്പം ചൂട് മറന്ന് പ്രവർത്തിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന ഗൗരവമുള്ള രാഷ്ട്രീയനിരീക്ഷണവും. പാലാരിവട്ടം മേഖലയിൽ ലോട്ടറിക്കച്ചവടം നടത്തുകയാണ് അബ്ദുൾ ജബ്ബാർ.
രാജീവ‌്, നെഞ്ചിനകത്തും പുറത്തും
കൊച്ചി
തോപ്പുംപടി ജിസിഡിഎ കോളനിയിൽ പ്രചാരണത്തിനെത്തിയ രാജീവിനെ സ്വീകരിക്കാൻ എത്തിയത് രാജീവിന്റെ ചിത്രം പതിച്ച ടി ഷർട്ട് ധരിച്ച ഒരുപറ്റം ചെറുപ്പക്കാർ. പനമ്പള്ളി നഗറിൽ ‘വിത്ത് ആർട്സ്’ സ്ഥാപനം നടത്തുന്ന മനു മോഹൻ എന്ന ചെറുപ്പക്കാരന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ടി ഷർട്ട‌്. 40 പേർക്കാണ് ആർട്ടിസ‌്റ്റ‌് മനു രാജീവിന്റെ പടവും ചിഹ്നവും അടങ്ങുന്ന വെള്ള ടി ഷർട്ട് തയ്യാറാക്കിയത്. വോട്ട് രേഖപ്പെടുത്തുന്നതുവരെ ഈ ടി ഷർട്ട് ധരിച്ച‌് യാത്ര ചെയ്യുന്നവർ രാജീവിന്റെ സ്ഥാനാർഥിത്വം വിവിധ ഇടങ്ങളിൽ എത്തിക്കുമെന്നാണ‌് മനുവിന്റെ പ്രതീക്ഷ.
.jpg)
from Kerala || Deshabhimani Online News https://ift.tt/2FzqyUJ
via IFTTT
No comments:
Post a Comment