ആലപ്പുഴ> എങ്ങും പൊരിവെയിലാണ്, സഹിക്കാനാകാത്ത ചൂട്. ഇടയ‌്ക്കിടെ വെള്ളം കുടിച്ചും, ഇളം നിറത്തിലുള്ള വസ‌്ത്രങ്ങൾ ധരിച്ചും തണലത്ത് കേറിനിന്നും ആളുകൾ ചൂടിൽനിന്ന് രക്ഷനേടാൻ ശ്രമിക്കുന്നു. ചിലർക്ക് ജോലിസമയത്തിൽ മാറ്റം നൽകി. പക്ഷേ ചൂടും വെയിലും ഒന്നും നോക്കാതെ ജോലി നോക്കേണ്ടിവരുന്ന നിവരധിപേരുണ്ട‌്. ട്രാഫിക് പൊലീസുകാരും ഹോംഗാര്ഡുകളും, ചുമട്ടുതൊഴിലാളികളുമെല്ലാം ഇതിൽപ്പെടും.
ചൂട് തുടങ്ങുന്ന സമയംമുതൽ പൊരിവെയിലാകുമ്പോഴും റോഡിൽത്തന്നെ നിൽക്കേണ്ടിവരുന്നവരാണ‌് ട്രാഫിക‌് പൊലീസുകാരും ഹോംഗാഡുകളും. ‘ഞങ്ങൾക്ക് എങ്ങോട്ടും മാറാൻ പറ്റില്ലല്ലോ, ഇവിടെത്തന്നെ നിൽക്കണം, അല്ലെങ്കിൽ വണ്ടി വണ്ടിയുടെ വഴിക്ക് പോകും.’ ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപം ഗതാഗതം നിയന്ത്രിക്കുന്ന ഡി ശശികുമാർ പറഞ്ഞു. ജോലിക്കിടെ ഇതുപോലെ ചൂട‌് അനുഭവിക്കേണ്ടിവന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന്റെ സാക്ഷ്യം. രാവിലെയും വൈകിട്ടും പൂർണമായും റോഡിൽത്തന്നെ കാണണം. സ്‌കൂൾ സമയമായതിനാൽ പ്രത്യേക ശ്രദ്ധവേണം. ഉച്ചയ‌്ക്കും മാറിനിൽക്കാൻ സമയം കിട്ടിയെന്ന് വരില്ല. കാറുകളിലും മറ്റും വരുന്നവർ ഇടയ‌്ക്ക് തണുത്തവെള്ളം തന്നിട്ടുപോകും.
ജങ്ഷനിൽ ട്രാഫിക് അംബ്രല്ലായുണ്ടെങ്കിലും അതിന്റെ ഉയരത്തിൽ വ്യത്യാസമുണ്ട്. സിഗ്നൽ വാഹനമോടിക്കുന്നവർ കണ്ടില്ലെന്നുവരാം. അത് പിന്നെ അപകടത്തിന് കാരണമാകും. അതിലും നല്ലത് വെയിലുകൊള്ളുന്നതുതന്നെയാണ്. ജോലിത്തിരക്കിനിടെ ശശികുകമാർ പറഞ്ഞവസാനിപ്പിച്ചു.‘ഇടയ‌്ക്കിടെ വെള്ളം കുടിച്ചാണ് ജോലിചെയ്യുന്നത്. പണിക്ക് പോകാതിരിക്കാനാകില്ലല്ലോ’ കെട്ടിടനിർമാണ തൊഴിലാളി ജെയിംസ് ഡേവിഡ് പറഞ്ഞു. ചൂടിനെ പേടിച്ച് വീട്ടിലിരുന്നാൽ കുടുംബം പട്ടിണിയാകും. പൊള്ളുകയാണ് ശരിക്കും. ചൂടിന്റെതായി ദേഹത്ത് കുരുക്കൾ വന്നുതുടങ്ങിയിട്ടുണ്ട്. തണുത്ത വെള്ളവും സർബത്തുമൊക്കെ കുടിച്ചാണ് വെയിലിനെ പ്രതിരോധിക്കുന്നത്–- ജെയിംസ് പറഞ്ഞു.
‘എട്ടു മണി മുതൽ പണിക്ക് കേറുന്നതാണ്. 10 ആകുമ്പോഴേക്ക് ശരീരമൊക്കെ പൊള്ളാൻ തുടങ്ങും. പിന്നെ നാലുമണിവരെ ഒരുരക്ഷയുമില്ലാത്ത ചൂട്.’ ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം ചുമടെടുക്കുന്ന രമേശൻ പറഞ്ഞു. ശരിക്കും വയ്യാതെയാകും. ഭക്ഷണം കഴിക്കാൻ പോലുമുള്ള സാഹചര്യമുണ്ടാകില്ല. അതുകൊണ്ട് പരമാവധി വലിയ ചൂടുള്ളപ്പോൾ ആ സമയത്തെ പണി എടുക്കാറില്ല. എല്ലാവരും ഇതുമായി സഹകരിക്കുന്നുണ്ട്. പിന്നെ മാർക്കറ്റിലാണ് പ്രശ്‌നം. വാഴക്കുലയൊക്കെ ഇറക്കാനുള്ളവർക്ക് വെയിലത്ത് നിന്നേ മതിയാകൂ.
ഷെഡ് ഉണ്ടെങ്കിലും അതിനകത്തെ ചൂടും സഹിക്കാൻ പറ്റില്ല. കുടിക്കാനുള്ള വെള്ളം വിലയ‌്ക്ക് വാങ്ങുകയാണ്. 50 രൂപയിലധികം വെള്ളം വാങ്ങാനായി മാത്രം മാറ്റിവയ‌്ക്കുന്നു. മാർക്കറ്റിൽ വെള്ളത്തിന് 100ന് മുകളിൽ ചെലവാകും–- ജെയിംസിന്റെ വാക്കുകൾ. സായാഹ്നപത്രം വിൽക്കുന്ന തങ്കച്ചിക്കും ചൂട് സഹിക്കാനാകുന്നില്ല. ഉച്ചക്ക് ഒന്നരയ‌്ക്ക‌് തുടങ്ങുന്നതാണ് വിൽപ്പന. വെയിൽ കനത്തുനിൽക്കുന്ന സമയം. അപ്പോൾമുതൽ സന്ധ്യയാകുന്നതുവരെ ഈ നടപ്പുതന്നെയാണ്. ഇതിനിടക്ക് വെയിൽ പൊള്ളിച്ച് കടന്നുപോകും. വൈഎംസിഎമുതൽ കൈചൂണ്ടിമുക്കുവരെ നടന്നാണ‌് തങ്കച്ചിയുടെ പത്രവിൽപ്പന.
from Kerala || Deshabhimani Online News https://ift.tt/2I12SKP
via IFTTT
No comments:
Post a Comment