ഉത്സവത്തിനും മീനമാസ പൂജകൾക്കുമായി ശബരിമല ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച രാവിലെ നടക്കുന്ന കൊടിയേറ്റ് ചടങ്ങോടുകൂടി പത്ത് ദിവസത്തെ ഉത്സവത്തിന് തുടക്കമാകും. 21ന് ആണ് ആറാട്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നടതുറന്നത്. തുടർന്ന് പതിനെട്ടാംപടിക്ക് മുന്നിൽ മേൽശാന്തി അഗ്നിപകർന്നതോടെ പതിനെട്ടാം പടി കയറി വിശ്വാസികൾ ദർശനത്തിനെത്തി. തുടർന്ന് ശ്രീകോവിലിന് പുതുതായി പണികഴിപ്പിച്ച സ്വർണ്ണത്തിൽതീർത്ത വാതിലിന്റെ സമർപ്പണം നടന്നു. വാദ്യമേളത്തോടെ ക്ഷേത്രത്തിന് വലംവച്ച ശേഷമാണ് വാതിലുകൾ സമർപ്പിച്ചത്. തിങ്കളാഴ്ച പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചു.
ചൊവ്വാഴ്ച രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ. ആറാട്ട് ഉത്സവത്തിനായി കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കയറും കൊല്ലം ശക്തികുളങ്ങര ശ്രീധർമ ശാസ്താ ക്ഷേത്ര ഭാരവാഹികളാണ് വഴിപാടായി സമർപ്പിച്ചത്.
കൊടിയേറ്റിനുശേഷം ബിംബ ശുദ്ധി ക്രിയകളും നടക്കും. ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടയ്ക്കും. വൈകിട്ട് 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും. 13ന് ഉത്സവബലി നടക്കും. എല്ലാം ദിവസവും ഉത്സവബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവദിവസമായ 16ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്. ഒമ്പതാം ഉത്സവദിനമായ 20ന് പള്ളിക്കുറിപ്പ്. പത്താം ഉത്സവദിനമായ 21 ന് ആറാട്ടും പൂജയും. തുടർന്ന് ആറാട്ട് എഴുന്നെള്ളിപ്പ്. രാത്രി കൊടിയിറക്കിയശേഷം ഹരിവരാസനം പാടി നടയടയ്ക്കും. മീനമാസ പൂജകളും ഉത്സവ സമയത്ത് തന്നെയാണ് നടക്കുന്നത്. മേട വിഷു പൂജകൾക്കായി ഏപ്രിൽ 11 ന് നടതുറക്കും. പൂജകൾ പൂർത്തിയാക്കി 19ന് നടയടയ്ക്കും.
from Kerala || Deshabhimani Online News https://ift.tt/2u32kvv
via IFTTT
No comments:
Post a Comment