തീവ്രവാദ സംഘടനയെന്ന‌് ലീഗുകാർതന്നെ വിളിച്ച എസ‌്ഡിപിഐയുമായി വോട്ടുകച്ചവടവും ധ്രുവീകരണവും ഉറപ്പിക്കാൻ നടത്തിയ രഹസ്യചർച്ച വിവാദമായതോടെ പരസ‌്പരം പഴിചാരി രക്ഷപ്പെടാൻ സ്ഥാനാർഥികളുടെ തന്ത്രം. കൂടിക്കാഴ‌്ചയ‌്ക്ക് ചരടുവലിച്ചതാരാണെന്ന കാര്യത്തിൽ ലീഗ‌് സ്ഥാനാർഥികൾ ചേരിതിരിഞ്ഞ‌് പോരുതുടങ്ങി.
കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ രാത്രി നടത്തിയ രഹസ്യചർച്ചയ‌്ക്ക‌് പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ‌് ബഷീറുമാണ‌് നേതൃത്വം നൽകിയത‌്. ആദ്യമെത്തിയ മുഹമ്മദ് ബഷീർ ചർച്ചയുടെ അവസാനംവരെ പങ്കെടുത്തിരുന്നു. എന്നാൽ ചർച്ച ഒരുക്കിയത‌് കുഞ്ഞാലിക്കുട്ടിയാണെന്നും ബഷീറിനെ കുരുക്കിയതാണെന്നുമാണ‌് എതിരാളികളുടെ പ്രചാരണം.
മുസ്ലിം സംഘടനകളുടെ ഏകോപനത്തിന‌് ശ്രമിക്കുന്ന ഒരു സംഘടനയുടെ മാധ്യമ വിഭാഗത്തിൽ പ്രവർത്തിക്കുന്നയാൾ കുഞ്ഞാലിക്കുട്ടിയെ ഒറ്റുകാരനാക്കി എഫ‌്ബിയിൽ പോസ‌്റ്റ‌് ചെയ‌്തു. ഒരു പത്രത്തിലെ ഒന്നാം പേജിൽ ഇതുസംബന്ധിച്ച‌് വാർത്തയും വന്നു. പൊന്നാനിയിൽ തോൽവി അഭിമുഖീകരിക്കുന്ന മുഹമ്മദ് ബഷീറിനെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത‌്.
എന്നാൽ, ചർച്ചയ‌്ക്ക‌് മുൻകൈ എടുത്തത് ഇ ടി മുഹമ്മദ‌് ബഷീറാണെന്ന‌് കുഞ്ഞാലിക്കുട്ടി വിഭാഗം വാദിക്കുന്നു. പാർടിയിലും മുന്നണിയിലും ഇ ടി പൊതു സ്വീകാര്യനല്ല. വീണ്ടും മത്സരിപ്പിക്കരുതെന്ന‌് യൂത്ത്കോൺഗ്രസ‌് പ്രമേയവും പാസാക്കി. ഈ ഘട്ടത്തിലാണ് എസ‌്ഡിപിഐയുമായി ചർച്ചയ‌്ക്ക‌് അദ്ദേഹം നീങ്ങിയതെന്നാണ‌് ഇവർ പ്രചരിപ്പിക്കുന്നത‌്.
അയൽവാസികൂടിയായ എസ‌്ഡിപിഐ നേതാവുമായി വീടിനടുത്ത ഹോട്ടലിൽ മുഹമ്മദ് ബഷീർ രാത്രി കൂടിക്കാഴ‌്ച ഒരുക്കിയത‌് പരിചയം പുതുക്കാനല്ലെന്നും പല രഹസ്യ അജൻഡകളും ചർച്ചയാക്കാൻ തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി അനുകൂലികൾ പറയുന്നു. ഇ ടി ഹോട്ടലിൽ ഉണ്ടെന്നറിഞ്ഞാണ് താൻ എത്തിയതെന്നായിരുന്നു വിവാദത്തോട‌് കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം. പൊന്നാനിയിൽ എസ‌്ഡിപിഐ നേതാവിനെ ആഴ‌്ചകൾക്കുമുമ്പേ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും സജീവമാകാത്തത് ഒത്തുകളിയെന്നും ആരോപണമുയർന്നിട്ടുണ്ട‌്.
ന്യായീകരിക്കാൻ പാടുപെട്ട‌് മുനീർ
കണ്ണൂർ
മുസ്ലിംലീഗ‌്–- എസ‌്ഡിപിഐ നേതാക്കളുടെ രഹസ്യചർച്ച ന്യായീകരിക്കാൻ പാടുപെട്ട‌് എം കെ മുനീർ. വഴിയിൽ പോകുമ്പോൾ കൈപിടിച്ചു കുലുക്കിയാൽ ഇളകുന്നതല്ല ലീഗിന്റെ നിലപാടെന്നായിരുന്നു മുനീറിന്റെ ന്യായം. സമുദായത്തിൽ തീവ്രവാദത്തിന്റെ വിത്ത‌് വീണപ്പോൾതന്നെ ശിഹാബ‌് തങ്ങൾ അതിനെ എതിർത്തുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ‌് കണ്ണൂർ ജില്ലാ കൺവൻഷനിലാണ‌് ലീഗ‌് നേതാവായ മുനീർ ഇക്കാര്യം വ്യക്തമാക്കിയത‌്.
from Kerala || Deshabhimani Online News https://ift.tt/2Cuttfz
via IFTTT
No comments:
Post a Comment