മൂന്നുലക്ഷം കുടുംബസംഗമം സംഘടിപ്പിച്ചും ഒന്നരലക്ഷം തെരഞ്ഞെടുപ്പ‌് സ‌്ക്വാഡിനെ രംഗത്തിറക്കിയും പ്രചാരണത്തിന്റെ അടുത്തഘട്ടത്തിലേക്ക‌് എൽഡിഎഫ‌്. കേരളം പോരാട്ടത്തിന്റെ കനൽച്ചൂടിലായിട്ടും സ്ഥാനാർഥി നിർണയത്തിലെ അനിശ്ചിതത്വവും ഗ്രൂപ്പ‌് തർക്കവും യുഡിഎഫിൽ തീർന്നിട്ടില്ല. പല മണ്ഡലങ്ങളിലും മൽസരക്കളത്തിൽ ഇടംപിടിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ‌് എൻഡിഎ. എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് സ‌്ക്വാഡുകൾ ആദ്യഘട്ട ഗൃഹസന്ദർശനം പൂർത്തിയാക്കി. പഞ്ചായത്തിൽ കുറഞ്ഞത‌് 100 സ‌്ക്വാഡാണ‌് രൂപീകരിച്ചത‌്. സംസ്ഥാന വ്യാപകമായി ഒന്നര ലക്ഷത്തോളം വരും. രണ്ടാംഘട്ട ഗൃഹസമ്പർക്കം ഉടനെ ആരംഭിക്കും. അതുകഴിയുന്ന മുറയ‌്ക്ക‌് കുടുംബസംഗമങ്ങൾ. മൂന്നുലക്ഷം കുടുംബയോഗമാണ‌് തീരുമാനിച്ചിട്ടുള്ളതെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.
ജനകീയ സ്ഥാനാർഥികൾ ബഹുദൂരം മുന്നിൽ
തെരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുന്നതിന‌് ദിവസങ്ങൾക്ക‌് മുമ്പുതന്നെ രംഗത്തിറങ്ങിയ എൽഡിഎഫ‌്സ്ഥാനാർഥികൾ മുഴുവൻ സമയവും ജനങ്ങൾക്കിടയിൽതന്നെയാണ‌്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും മറ്റും സന്ദർശനം പൂർത്തിയാക്കുകയും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ‌്ച നടത്തുകയും ചെയ‌്ത സ്ഥാനാർഥികൾ സ്വീകരണ പര്യടനത്തിലാണ‌്. മൂന്നുഘട്ടമായാണ‌് സ്വീകരണപര്യടനം ആസൂത്രണം ചെയ‌്തത‌്. യുഡിഎഫിനും ബിജെപിക്കുംവേണ്ടി രംഗത്തുവന്ന സ്ഥാനാർഥികൾ എൽഡിഎഫിനൊപ്പം ഓടിയെത്താൻ വിയർക്കുകയാണ‌്.
എൽഡിഎഫ‌് ലോക‌്സഭാ, നിയമസഭാ മണ്ഡലങ്ങളും നേരത്തേ തന്നെ പൂർത്തീകരിച്ചിരുന്നു. പഞ്ചായത്ത‌്, മേഖലാ കൺവൻഷനുകളും പൂർത്തിയായി. ബൂത്ത‌് കൺവൻഷനും അന്തിമഘട്ടത്തിലാണ‌്. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽക്കുള്ള മേൽക്കൈ നിലനിർത്തി വാശിയേറിയ പ്രചാരണമാണ‌് എൽഡിഎഫ‌് പ്രവർത്തകർ നടത്തുന്നത‌്.
കപടനാടകമാടി യുഡിഎഫ‌്
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും വർഗീയതയും നോട്ട‌് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളും കോൺഗ്രസിന്റെ ബിജെപി ചാഞ്ചാട്ടവും ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുകയാണ‌് എൽഡിഎഫ‌്. സംസ്ഥാന സർക്കാരിന്റെ 1000 ദിനങ്ങളിലെ നേട്ടങ്ങളും അവതരിപ്പിക്കുന്നു.
എന്നാൽ, ദേശീയ രാഷ്ട്രീയമോ കേന്ദ്ര സർക്കാർ നയങ്ങളോ തെരഞ്ഞെടുപ്പ‌് വിഷയമാക്കാൻ യുഡിഎഫ‌് ഇതുവരെ തയ്യാറായിട്ടില്ല. രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുമെന്ന പ്രചാരണം അഴിച്ചുവിട്ട‌് അതിൽ ചുറ്റിത്തിരിയുകയാണ‌് കോൺഗ്രസും മുസ്ലിംലീഗും.
മൂന്നുദിവസമായി തുടരുന്ന ഈ നാടകം ഗ്രൂപ്പ‌് വടംവലി മറച്ചുവയ‌്ക്കാൻമാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന‌് വ്യക്തം. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന‌് ഉറപ്പായപ്പോൾ കരകയറാനുള്ള കുറുക്കുവഴി തേടുകയാണ‌് കോൺഗ്രസ‌്. ബിജെപി വിരുദ്ധ മുന്നണിയിൽനിന്ന‌് കോൺഗ്രസ‌് ദേശീയതലത്തിൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതും യുഡിഎഫിൽ ആശങ്ക പടർത്തിയിട്ടുണ്ട‌്.
ബിജെപി സ്ഥാനാർഥിനിർണയം പൂർത്തിയായെങ്കിലും ഘടകകക്ഷിയായ ബിഡിജെഎസ‌് സ്ഥാനാർഥികൾ രംഗത്ത‌് വരാത്തത‌് ആശയക്കുഴപ്പം സൃഷ‌്ടിച്ചിട്ടുണ്ട‌്. ആർഎസ‌്എസ‌് നിർദേശിച്ചവരാണ‌് ബിജെപിയുടെ സ്ഥാനാർഥികളെല്ലാം.ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ എം ടി രമേശ‌്, എ എൻ രാധാകൃഷ‌്‌ണൻ തുടങ്ങിയവർക്ക‌് സീറ്റ‌് നൽകാത്തതിൽ ബിജെപി സംസ്ഥാനനേതൃത്വം അമർഷത്തിലാണ‌്.
from Kerala || Deshabhimani Online News https://ift.tt/2Fmul6s
via IFTTT
No comments:
Post a Comment