കൊല്ലം
സമരേതിഹാസങ്ങളുടെയും നവോത്ഥാന പോരാട്ടങ്ങളുടെയും ചരിത്രമെഴുതിയ കൊല്ലത്തിന്റെ ചുവന്ന മണ്ണിൽ ദേശാഭിമാനി പത്താം എഡിഷനു തുടക്കമായി. മയ്യനാട് ധവളക്കുഴിയിൽ പ്രൗഢോജ്വലമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശാഭിമാനി കൊല്ലം എഡിഷൻ നാടിനു സമർപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സ്വിച്ച് ഓൺ നിർവഹിച്ചു. ദേശാഭിമാനി മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങിനു തുടക്കം. ‘നിശ്ശബ്ദരാക്കപ്പെടും നിസ്വകോടിതൻ ശബ്ദം ദേശാഭിമാനി... നിർധന വർഗത്തെ നിർഭയരാക്കുന്ന പ്രത്യയധീരത ദേശാഭിമാനി...'
–-ഒ എൻ വിയുടെ വരികൾക്ക‌് ചലച്ചിത്ര നടി അനുമോളും സംഘവും ചുവടുവച്ചു.

1942ൽ വാരികയായി തുടങ്ങി ദിനപത്രത്തിലേക്ക് ചുവടുവച്ച് ജനകീയ പ്രക്ഷോഭങ്ങളുടെ പ്രചാരകനും സംഘാടകനുമായി വളർന്ന ദേശാഭിമാനിയുടെ സഹനങ്ങളുടെയും പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും ചരിത്രം പ്രതിപാദിച്ച ലഘുചിത്ര പ്രദർശനം നിറഞ്ഞ സദസ്സ് ആവേശത്തോടെ സ്വീകരിച്ചു. കനൽവഴികളിലൂടെ സഞ്ചരിച്ച‌് സമരപോരാട്ടങ്ങളെ നിശ്ചയദാർഢ്യത്തോടെ നയിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയനെക്കുറിച്ചുള്ള ലഘുചിത്രം ചടങ്ങിന‌് ഉജ്വലമായ ആമുഖം ചാർത്തി.

സ്വാഗതസംഘം ചെയർമാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കെ എൻ ബാലഗോപാൽ സ്വാഗതം പറഞ്ഞു. എൻ എസ്, സി പി കരുണാകരൻപിള്ള, എം കെ ഭാസ്കരൻ തുടങ്ങിയ നേതാക്കളെ അനുസ്മരിച്ചും ദേശാഭിമാനിക്ക് സമീപം യാഥാർഥ്യമാകുന്ന കൊല്ലം കെയർ പാലിയേറ്റീവ് സെന്ററിന്റെയും എൻ എസ് പഠന ഗവേഷണകേന്ദ്രത്തിന്റെയും സവിശേഷതകൾ വിശദമാക്കിയുമായിരുന്നു സ്വാഗത പ്രസംഗം. ആസുരമായ വർഗീയതയുടെ വിപത്തുകളെയും നവോത്ഥാന പോരാട്ടങ്ങളെയും ഓർമിപ്പിച്ച മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചരിത്ര മുഹൂർത്തത്തിലായിരുന്നു. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിനെ വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യത ഓർമപ്പെടുത്തിയാണ‌് മുഖ്യമന്ത്രി സംസാരം അവസാനിപ്പിച്ചത്.
ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജർ ഐ സെയ്ഫ്, സിപിഐ എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ് എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി മാധ്യമ ബദൽ: മന്ത്രി തോമസ് ഐസക്
കൊല്ലം
ചില രാഷ്ട്രീയ പാർടികൾ മാധ്യമങ്ങളെ വിലയ്ക്കെടുക്കുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ഉചിതമായ സമയത്താണ് ദേശാഭിമാനി കൊല്ലം എഡിഷൻ തുടങ്ങുന്നത്. ആഗോളവൽക്കരണ കാലത്ത് മാധ്യമധർമം മാറ്റിയെഴുതപ്പെടുന്നു. ശരിയും തെറ്റും കണ്ടെത്താനുള്ള വിവേചനബുദ്ധിയോടെയുള്ള മാധ്യമസാക്ഷരത ആവശ്യമാണ്. വാർത്തകളുടെ ശരി കണ്ടെത്താനുള്ള മാധ്യമ ബദലാണ് ദേശാഭിമാനി. സത്യത്തിലും നിലപാടിലും ഉറച്ചുനിൽക്കാനുള്ള മാധ്യമധർമം ഏറ്റെടുക്കാൻ ദേശാഭിമാനിക്കു കഴിയട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.
മന്ത്രി മേഴ്സിക്കുട്ടിഅമ്മ
രാജ്യത്ത് മതേതരത്വം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ സഹകരിച്ചുള്ള മാധ്യമ പ്രവർത്തനം ആവശ്യമെന്ന മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മതേതരത്വം സംരക്ഷിക്കാൻ മാധ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം.
കെ എൻ ബാലഗോപാൽ
ദേശാഭിമാനി മുന്നോട്ടുവയ‌്ക്കുന്ന ആശയങ്ങൾ സമൂഹം അംഗീകരിക്കുന്നതായി സംഘാടക സമിതി ചെയർമാൻ കെ എൻ ബാലഗോപാൽ പറഞ്ഞു. സിപിഐ എം അംഗങ്ങളിൽനിന്ന് സ്വരൂപിച്ച സമ്പത്ത് ഉപയോഗിച്ചാണ് ദേശാഭിമാനിയുടെ വളർച്ച. എൻ എസ് പഠന ഗവേഷണ കേന്ദ്രവും പാലിയേറ്റീവ് കെയർ സെന്ററും തുടങ്ങുന്നതും ദേശാഭിമാനിയ്ക്ക് സമീപമാണെന്നതും പ്രത്യേകതയാണ്.
പ്രകാശ് ബാബു
മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ദേശാഭിമാനിയ്ക്ക്
കഴിയുമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ‌് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ജനയുഗത്തിന്റെ സഹോദര പത്രമാണ് ദേശാഭിമാനിയെന്നും പ്രകാശ് ബാബു പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ChuHux
via IFTTT
No comments:
Post a Comment