സംസ്ഥാനത്തെ ആറ‌് ജില്ല കടുത്ത ജലക്ഷാമത്തിലേക്ക‌്. കാസർകോട‌്, കോഴിക്കോട‌്, മലപ്പുറം, തൃശൂർ, പാലക്കാട‌്, കൊല്ലം ജില്ലകളാണ‌് കടുത്ത ജലക്ഷാമത്തിലേക്ക‌് നീങ്ങുന്നത‌്. ലഭ്യമായ വെള്ളം കരുതലോടെ വിനിയോഗിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ‌് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്ല്യുആർഡിഎം) മുന്നറിയിപ്പ‌്.
ഇവിടങ്ങളിൽ ഭൂഗർഭ ജലത്തിൽ ഗണ്യമായ കുറവ‌് ഉണ്ടായതായി സിഡബ്ല്യുആർഡിഎം നിരീക്ഷണത്തിൽ കണ്ടെത്തി. നദികളിൽ നീരൊഴുക്ക‌് നിലയ‌്ക്കുകയും വറ്റാനും ആരംഭിച്ചു. കിണറുകളിലെ ജലനിരപ്പും ആശങ്കാജനകമാംവിധം താഴുകയാണ‌്. ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭ്യമാകേണ്ട മഴയുടെ അളവിലുണ്ടായ സാരമായ കുറവാണ‌് ജലക്ഷാമത്തിലെത്തിച്ചത‌്. 38 ശതമാനം വരെയാണ‌് കാസർകോട‌് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴയുടെ കുറവ‌് രേഖപ്പെടുത്തിയത‌്.
മാർച്ച‌് ആദ്യവാരം വരെയുള്ള നിരീക്ഷണം അനുസരിച്ച‌് ഭൂഗർഭജലവിതാനം ഗണ്യമായി താഴുകയാണ‌്. തുലാവർഷം 15 ശതമാനം കുറവുണ്ടായ കോഴിക്കോട‌് ജില്ലയിൽ ഉയർന്ന പ്രദേശങ്ങളിലെ ഭൂഗർഭ ജലവിതാനം ഒരുമീറ്റർ വരെ താഴ‌്ന്നു. കോഴിക്കോട്ടെ സ്ഥിതി ഇതാണെങ്കിൽ 38 ശതമാനം മഴകുറവുണ്ടായ ഇടങ്ങളിൽ ഭൂഗർഭജല വിതാനത്തിലെ ഇടിവ‌് ഇതിനേക്കാൾ കൂടുതലായിരിക്കും. ഉയർന്ന താപനില ബാഷ‌്പീകരണ തോത‌് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട‌്. ഇതും വെള്ളത്തിന്റെ അളവ‌് കുറയാനിടയാക്കി. ജനുവരി, ഫെബ്രുവരി മാസങ്ങളിലും മാർച്ച‌് ആദ്യവാരവും സംസ്ഥാനത്ത‌് കാര്യമായി മഴയുണ്ടായില്ല. ആഗസ‌്തിലെ പ്രളയശേഷവും സംസ്ഥാനത്ത‌് കാര്യമായി മഴ ലഭിച്ചിട്ടില്ല.
മഴ ലഭ്യതയിലെ കുറവിനുപുറമേ നെൽവയൽ, തണ്ണീർത്തടങ്ങൾ, വനവിസ‌്തൃതിയിലുണ്ടായ കുറവും ഭൂഗർഭജല പരിപോഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട‌്.
ഭൂർഗർഭ ജലം താഴ‌്ന്നതും ജലസ്രോതസ്സുകൾ വറ്റുന്നതും ഗൗരവത്തിൽ എടുക്കണമെന്ന‌് സിഡബ്ല്യുആർഡിഎം സീനിയർ പ്രിൻസിപ്പൽ സയന്റിസ‌്റ്റ‌് ഡോ. വി പി ദിനേശൻ പറഞ്ഞു.
കുടിവെള്ളക്ഷാമം പരിഹരിക്കാൻ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി സ‌്ത്രീകളുടെ കൂട്ടായ‌്മ വരുന്നു. ജലക്ഷാമമുള്ള കുളങ്ങൾ, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ തുടങ്ങിയവ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ശുചീകരിക്കും.
ഇതിനായി ഹരിതകേരളം മിഷൻ കുടുംബശ്രീയുടെ സഹായത്തോടെ അയൽക്കൂട്ട ജലസഭകൾ സംഘടിപ്പിക്കും. 22 മുതൽ 25 വരെ 2,75,000 അയൽകൂട്ടത്തിലാണ‌് ജലസഭ. അയൽക്കൂട്ട പ്രദേശത്തെ ജല ലഭ്യതയും ക്ഷാമവും ചർച്ച ചെയ‌്ത‌് പരിഹാരം നിർദേശിക്കുന്നതിനൊപ്പം ജലത്തിന്റെ മിതവ്യയം പഠിപ്പിക്കാൻ പദ്ധതി തയ്യാറാക്കും.
ജലമിതവ്യയം എല്ലാ വീടുകളിലും നടപ്പാക്കും. പ്രവർത്തനം കുടുംബശ്രീ സിഡിഎസ‌്, എഡിഎസ‌് എന്നിവയുടെ നേതൃത്വത്തിൽ വിലയിരുത്തും.
from Kerala || Deshabhimani Online News https://ift.tt/2UpmdIO
via IFTTT
No comments:
Post a Comment