കടങ്കഥപോലെ ഈ കടൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

കടങ്കഥപോലെ ഈ കടൽ

തിരകളോട‌് മല്ലിട്ട‌് ജീവിതം കെട്ടിപ്പടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതക്കടലാണ‌്. ചുട്ടുപൊള്ളുന്ന വെയിലിൽ പകൽ മുഴുവൻ അലഞ്ഞാലും അന്നത്തിനുള്ളതുപോലും കടൽ കനിയുന്നില്ല. കുത്തകകളുടെ ലാഭക്കൊതിയും കടൽ മലിനീകരണവുംമൂലം വറുതിയിലായ തീരങ്ങൾക്ക‌് ആഗോളതാപനവും വെല്ലുവിളിയായി. അത‌് സൃഷ‌്ടിക്കുന്ന കെടുതികളിലേക്ക‌് ഒരു അന്വേഷണം. തയ്യാറാക്കിയത‌് കൊച്ചി ബ്യൂറോയിലെ റിപ്പോർട്ടർ ആർ ഹേമലത.

കൊച്ചി
കടലിൽ ചാളയും അയലയും പുളച്ചുപൊന്തുന്നത‌് കണ്ട‌് വള്ളം ഇറക്കിയിരുന്ന കാലം  കണ്ണമാലി പുളിയമ്പള്ളി ജോണിന്റെ ഓർമകളിലുണ്ട‌്. പുത്തൻതോട‌് ഗ്യാപ്പിൽനിന്ന‌്  തിരകളോട‌് മല്ലിടാൻ ആദ്യം ഇറങ്ങുമ്പോൾ പ്രായം 15. 

അരനൂറ്റാണ്ടിനിടെ കടലിന്റെ മാറ്റങ്ങൾ പലതും കണ്ടു. തണ്ടുവള്ളങ്ങൾ യന്ത്രവൽകൃത യാനങ്ങൾക്ക‌് വഴിമാറി. കടലിന്റെ മാറ്റങ്ങളും മത്സ്യങ്ങളുടെ ലഭ്യതയും അറിയാൻ ആധുനിക സംവിധാനങ്ങളായി. ഒപ്പം കടൽ കൂടുതൽ  ദരിദ്രവുമായി.

പരമ്പരാഗതമായി ലഭിച്ച കടലറിവുകൾപോലും  ചതിക്കുന്ന അവസ്ഥ. വറുതിയുടെ ആ കഥകളാണ‌്  ജോണിന്റെ  വാക്കുകളിൽ–-  ചാള, അയല, ചെമ്മീൻ ഇനങ്ങൾ കാര്യമായി കുറഞ്ഞു. മുമ്പ‌് ധാരാളം മുള്ളൻ ഉണ്ടായിരുന്നു. അതും വളരെ കാണാനില്ല. കാരണങ്ങൾ പലതാണ‌്.  പുറംകടലിൽ മത്സ്യബന്ധനത്തിന‌് അനുവദിച്ചിരിക്കുന്ന ബോട്ടുകളുടെ കടന്നുകയറ്റമാണ‌് ഒന്ന‌്. അവർ വലിക്കുന്ന വലയിൽ ചെറുമീനുകളും കുടുങ്ങും. ആവശ്യമില്ലാത്ത ചെറുമീനുകളെ അവർ കടലിലേക്കുതന്നെ തിരിച്ച‌് നിക്ഷേപിക്കും. വലയിൽ കുടുങ്ങുമ്പോൾത്തന്നെ ചാകുന്ന ഇവ കടൽ വെള്ളം മലിനമാക്കും. ഇത‌് വൻതോതിൽ ആവർത്തിക്കുമ്പോൾ പല മത്സ്യയിനങ്ങൾക്കും  വംശനാശമുണ്ടാകും. ബോട്ടുകൾ 12 നോട്ടിക്കൽ മൈലിന‌് ഇപ്പുറം മീൻ പിടിക്കാൻ പാടില്ല എന്ന നിയമം പാലിക്കപ്പെടുന്നില്ല.

ഓഖിക്ക‌് ശേഷം കടൽ വല്ലാതെ  മാറി– കടലിന്റെ കലുഷാവസ്ഥ വിശദീകരിച്ചപ്പോൾ ജോണിന്റെ വാക്കുകൾക്കും പൊള്ളൽ.കടലമ്മ എല്ലാം തരും എന്ന വിശ്വാസത്തിനും   മങ്ങലേറ്റു. അമിത ചൂഷണം, ആഗോള താപനം, മലിനീകരണം എന്നിങ്ങനെ  മത്സ്യമേഖലയെ തളർത്തുന്ന ഘടകങ്ങൾ നിരവധി.  

589.5 കിലോമീറ്റർ നീളുന്നതാണ‌് കേരളത്തിന്റെ കടൽ തീരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട‌്, കണ്ണൂർ, കാസർകോട‌് എന്നി ജില്ലകള‌ിലായി തീരം വ്യാപിച്ചുകിടക്കുന്നു.  ഒമ്പത‌് ജില്ലക‌ളിൽനിന്നായി 222 ഗ്രാമങ്ങളിലെ എട്ടു ലക്ഷത്തോളംപേർ തൊഴിലിനും വരുമാനത്തിനുമായി മത്സ്യബന്ധനത്തെ ആശ്രയിക്കുന്നു.

ആഗോള സമുദ്ര മത്സ്യോൽപ്പാദനം 140 ദശലക്ഷം ടണ്ണാണെന്ന‌് കണക്കാക്കുന്നു. 5.5 മുതൽ 6.6 ലക്ഷം ടൺവരെയാണ‌് ഇതിൽ കേരളത്തിന്റെ പങ്ക‌്.  ഉൾനാടൻ മത്സ്യമേഖലയിൽനിന്ന‌ുള്ള ഒന്നരലക്ഷം ടൺ മത്സ്യം പുറമെയും. സംസ്ഥാന ഖജനാവിന‌് 5008.54 കോടി രൂപയുടെ വരുമാനമാണ‌് മത്സ്യമേഖല നേടിക്കൊടുക്കുന്നത‌്. ഇത‌് മൊത്തം സംസ്ഥാന വരുമാനത്തിന്റെ മൂന്നു ശതമാനമാണ‌്. മത്സ്യബന്ധനം ദുർഘടമായ തൊഴിലാണ‌്. ഖനി തൊഴിലിനെക്കാൾ 10 മുതൽ 15 ഇരട്ടിവരെ  ജീവഹാനി സാധ്യത‌യുണ്ടായിട്ടും കടലിന്റെ അപാരതകളിലേക്ക‌് തൊഴിലാളി വള്ളമിറക്കുന്നത‌് വയറിന്റെ കാളലകറ്റാനാണ‌്. അതിന‌് കഴിയാത്ത കടൽ ഈവിധം ദരിദ്രമാകുമ്പോൾ അവരെന്തു ചെയ്യും?

(അവസാനിക്കുന്നില്ല)



from Kerala || Deshabhimani ​Online ​News https://ift.tt/2H1GMIl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages