തിരുവനന്തപുരം
കാർഷിക കടങ്ങൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിയ സർക്കാർ തീരുമാനം ഉത്തരവായി ഇറക്കുന്നത‌് തെരഞ്ഞെടുപ്പ‌് ചട്ടലംഘനമല്ലെന്ന‌് മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ (സിഇഒ) ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യത്തിലെ സർക്കാർ വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട‌് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസറുടെ അനുകൂല കുറിപ്പ‌് സഹിതം ഫയൽ കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷനു സമർപ്പിക്കും. തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ‌് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കർഷകർക്ക‌് വായ‌്പാ തിരിച്ചടവ‌് അസാധ്യമായതിനാലാണ‌് മൊറട്ടോറിയം പ്രഖ്യാപിച്ചത‌്. ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള കാർഷികവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടെയുള്ള എല്ലാവിധ വായ്പകളിലുമുള്ള ജപ്തിക്ക‌് മൊറട്ടോറിയം അനുവദിച്ചാണ‌് കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ ഉത്തരവ‌് പുറപ്പെടുവിച്ചത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതി അംഗീകരിച്ച നിബന്ധനകൾ പൂർണമായും ഒഴിവാക്കിയാണ് തിരിച്ചടവ‌് കാലാവധി നീട്ടിയത‌്. ഇതിന‌് ഈവർഷം ഒക‌്ടോബർ 31 വരെ പ്രാബല്യമുണ്ടായിരുന്നു. ഈ ഉത്തരവിന് 2019 ഡിസംബർ 31 വരെ പ്രാബല്യം നൽകാൻ മാർച്ച് അഞ്ചിന‌് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴിന‌് കൃഷിവകുപ്പ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. മൊറട്ടോറിയം സംബന്ധിച്ച തുടർനടപടികൾ സ്വീകരിക്കേണ്ടത് വാണിജ്യ ബാങ്കുകളാണ‌്. പ്രശ‌്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, മുഖ്യമന്ത്രി ബാങ്കുകളുമായി നേരിട്ട് ചർച്ച നടത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ ചീഫ് സെക്രട്ടറി വിഷയം അവതരിപ്പിച്ചു. ബാങ്കുകൾ തുടർ നടപടികൾ സ്വീകരിക്കാമെന്ന ധാരണയുണ്ടാക്കി.
ഇതിനിടെ തെരഞ്ഞെടുപ്പ‌് ചട്ടം നിലവിൽ വന്നതിനാൽ തുടർ നടപടികൾക്കായി തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് സമർപ്പിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ ടിക്കാറാം മീണ സർക്കാരിനോടാവശ്യപ്പെടുകയായിരുന്നു.
നീട്ടിയത‌് പ്രളയക്കെടുതിക്കിരയായ കർഷകർക്കുവേണ്ടി
പ്രളയം വരുത്തിയ കെടുതികളെത്തുടർന്ന‌് കടക്കെണിയിൽപ്പെട്ട കർഷകർക്ക‌് ആശ്വാസം പകരാനാണ‌് മൊറട്ടോറിയം നീട്ടിയതെന്ന‌് സർക്കാരിനുവേണ്ടി ചീഫ‌് സെക്രട്ടറി ടോം ജോസ‌് തെരഞ്ഞെടുപ്പ‌് ഓഫീസർക്ക‌് മറുപടി നൽകി. ഒക്ടോബർ 31 വരെ മൊറട്ടോറിയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അത‌് ഡിസംബർവരെ നീട്ടുകയാണ‌് ചെയ്തത‌്.
അടിയന്തര സാഹചര്യം പരിഗണിച്ചാണ‌് ഇത‌് ചെയ്തത‌്. ഭൂരിഭാഗം കർഷകരും കടക്കെണിയിലാണ‌്.
അതിനാൽ അവരുടെ കടങ്ങൾക്ക‌് മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടത‌് അനിവാര്യമാണെന്നും വിശദീകരണക്കുറിപ്പിൽ സർക്കാർ പറഞ്ഞിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2JVyDHE
via IFTTT
No comments:
Post a Comment