കോൺഗ്രസ‌് സ്ഥാനാർഥി നിർണയത്തിലെ രൂക്ഷമായ തർക്കവും മാണി–-ജോസഫ‌് ഏറ്റുമുട്ടലും മൂലം സംഘർഷത്തിൽ മുങ്ങി യുഡിഎഫ‌്. ഡൽഹി കേന്ദ്രീകരിച്ച‌് രണ്ട‌് ദിവസമായി കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ ചർച്ച നടത്തിയെങ്കിലും സ്ഥാനാർഥി നിർണയം വഴിമുട്ടി. മത്സരിക്കാനില്ലെന്ന‌് ഉമ്മൻചാണ്ടിയും വി എം സുധീരനും മുല്ലപ്പള്ളിയും സുധാകരനും വേണുഗോപാലും സക്രീനിങ് കമ്മറ്റിയിൽ. കോട്ടയത്ത‌് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച പി ജെ ജോസഫിനെതിരെ കെ എം മാണിയുടെ കരുനീക്കമാണ‌് കേരള കോൺഗ്രസിനെ പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിരിക്കുന്നത‌്.
പി ജെ ജോസഫിന‌് തടയിടുന്നതിൽ മാണി പക്ഷത്ത‌് ആസൂത്രിതമായ നീക്കമാണ‌് അരങ്ങേറിയത‌്. കോട്ടയം മണ്ഡലത്തിലെ കേരള കോൺഗ്രസ‌് നേതാക്കളെ അണിനിരത്തി ജോസഫിനെതിരെ അന്തിമ പോരാട്ടത്തിലാണ‌് മാണി. ജോസഫിനെ വെട്ടി മാണി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസിൽ പിളർപ്പ‌് ആസന്നമായി. ജോസഫ് വിഭാഗം നേതാക്കൾ തൊടുപുഴയിൽ വീട്ടിൽപ്രത്യേക യോഗം ചേർന്നു. ഭാവി തീരുമാനം ഉടനുണ്ടാകും. യോഗത്തിൽ മോൻസ് ജോസഫ് അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
ഇരുപത‌് മണ്ഡലങ്ങളിലും എൽഡിഎഫ‌് സ്ഥാനാർഥികൾ പ്രചാരണം സജീവമാക്കി മുന്നേറിക്കഴിഞ്ഞിട്ടും ഭൂരിപക്ഷം മണ്ഡലത്തിലും സ്ഥാനാർഥികൾ ആകാത്തത‌് യുഡിഎഫ‌് കേന്ദ്രങ്ങളെ നിരാശയിലാഴ‌്ത്തി. കോൺഗ്രസ‌് സ‌്ക്രീനിങ‌് കമ്മിറ്റി അഞ്ചു മണിക്കൂറാണ‌് ചർച്ച നടത്തിയത‌്. കേരളത്തിൽ പലവട്ടം നടന്ന ചർച്ച അവസാനിപ്പിച്ചാണ‌് പോരാട്ട വേദി ഡൽഹിയിലേക്ക‌് മാറ്റിയത‌്. ഗ്രൂപ്പ‌് തർക്കവും അനുയോജ്യരായ സ്ഥാനാർഥികളുടെ ദൗർലഭ്യവുമാണ‌് കോൺഗ്രസിലെ പ്രതിസന്ധിക്ക‌് കാരണം. ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെവി തോമസ‌്, ആന്റോആന്റണി എന്നിവരുടെ സ്ഥാനാർഥിത്വമാണ‌് കോൺഗ്രസിലെ തർക്കം മുറുക്കിയിരിക്കുന്നത‌്. ഗ്രൂപ്പ‌്, സാമുദായിക പരിഗണനകളുടെ പേരിലാണ‌് നേതാക്കൾ അങ്കം വെട്ടുന്നത‌്.
യുഡിഎഫിൽ മുസ്ലീംലീഗിന‌് അനുവദിച്ച രണ്ടിടത്തു മാത്രമാണ‌് സ്ഥാനാർഥികളായത‌്. മൂന്നാം സീറ്റ‌് നിഷേധിച്ചതും പഴയമുഖങ്ങൾ തന്നെ വീണ്ടും കളത്തിലിറങ്ങിയതും ലീഗ‌് അണികളിൽ അസംതൃപ‌്തി പടർത്തിയിട്ടുണ്ട‌്. പൊന്നാനിയിൽ ഇ ടി മുഹമ്മദ‌്ബഷീറിനെതിരെ കടുത്ത വികാരമാണ‌് അലയടിക്കുന്നത‌്. പൊന്നാനിയിൽ കോൺഗ്രസിന്റെ ലീഗ‌് വിരുദ്ധ വികാരം തണുപ്പിക്കാനുള്ള നീക്കവും ഫലിച്ചിട്ടില്ല.
സ്ഥാനാർഥി നിർണയത്തിനായി പലവട്ടം കോർകമ്മിറ്റി വിളിച്ചെങ്കിലും ബിജെപി ക്യാമ്പിലും തർക്കം രൂക്ഷമാണ‌്. ഗവർണർ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത‌് മൽസരിപ്പിക്കുന്നതിൽ മാത്രമാണ‌് ധാരണയുണ്ടായിട്ടുള്ളത‌്. മറ്റിടങ്ങളിലെല്ലാം തർക്കം മുറുകുകയാണ‌്. ബിഡിജെഎസ‌് നേതാവ‌് തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമവും വിജയിച്ചിട്ടില്ല. തർക്കം തുടരുന്നതിനാൽ ബിജെപിയുടെ പട്ടികയും വൈകും.
from Kerala || Deshabhimani Online News https://ift.tt/2JgbaQW
via IFTTT
No comments:
Post a Comment