കോട്ടയം
ചാന്നാനിക്കാട‌്, കുഴിമറ്റം, പരുത്തുംപാറ, കൊല്ലാട‌്, പൂവൻതുരുത്ത‌്, കഞ്ഞിക്കുഴി, പുത്തനങ്ങാടി തുടങ്ങിയ മേഖലകൾ സന്ദർശിച്ച കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന‌് ലഭിച്ചത‌് ആവേശകരമായ സ്വീകരണം.
കടകളിലും വീടുകളിലും നിന്നവരോട‌് വോട്ടഭ്യർഥിച്ചാണ‌് ചാന്നാനിക്കാട്ടെ സന്ദർശനം തുടങ്ങിയത‌്. അവിടെ നിന്ന‌് പോയത‌് മരണാനന്തരച്ചടങ്ങ‌് നടക്കുന്ന വീട്ടിലേക്ക‌്. കഴിഞ്ഞ ദിവസം മരിച്ച ഐസക്ക‌് ജോണിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പിന്നീട‌് ചാന്നാനിക്കാട‌് കുഴിക്കാട്ട‌് കോളനി സന്ദർശിച്ചു. എല്ലാവരെയും കണ്ട‌് വിവരങ്ങൾ തിരക്കിയശേഷം ചെറിയ പ്രസംഗം. തുടർന്നെത്തിയത‌് പരുത്തുംപാറയിലെ കാലായിൽ കുടുംബയോഗത്തിൽ. പാച്ചിറ സെന്റ‌് മേരീസ‌് കാത്തലിക‌് പള്ളിയിലെ ഫാ. ജോയി ആണ‌് മുഖ്യാതിഥി. സ്ഥാനാർഥിയെക്കണ്ടതോടെ അദ്ദേഹം പരിചയം പുതുക്കി; വിജയാശംസയും നേർന്നു.
അടുത്ത സന്ദർശനം കുഴിമറ്റം ബഥനി ആശ്രമത്തിലായിരുന്നു. സുപ്പീരിയർ ജോസഫ‌് റമ്പാൻ, തോമസ‌് റമ്പാൻ എന്നിവരെ കണ്ടു. ഇരുവരും വിജയാശംസ നേർന്നു. തുടർന്ന‌് സചിവോത്തമപുരം ശ്രീനാരായണ തീർഥർ സ‌്മാരക എസ‌്എൻഡിപി യോഗം ശാഖാ മന്ദിരത്തിലെത്തി. ശഖാ ഭാരവാഹികളെ കണ്ട‌് വിവരങ്ങൾ തിരക്കി. അവിടെയുണ്ടായിരുന്നവരോട‌് വോട്ടഭ്യർഥിച്ചു.
അടുത്തത‌് മീനപ്പൂര ആഘോഷ സ്ഥലത്തേക്ക‌്. കൊല്ലാട‌് മലമേൽക്കാവ‌് വനദുർഗാ ഭഗവതിക്ഷേത്രത്തിലാണ‌് സ്ഥാനാർഥി എത്തിയത‌്. ക്ഷേത്രഭാരവാഹികളോട‌് സംസാരിച്ചശേഷം മടക്കം. കൊല്ലാട‌് അസീസി വൃദ്ധ മന്ദിരം, കൊല്ലാട‌് എംസിബിഎസ‌് പ്രൊവിൻഷ്യൽ ഹൗസ‌്, പൂവൻതുരുത്ത‌് എസ‌്എൻഡിപി യോഗം ശാഖാ മന്ദിരം തുടങ്ങിയയിടങ്ങളും സന്ദർശിച്ചു.
13 വർഷം മുമ്പത്തെ പോസ‌്റ്റർ മാറോടണച്ച‌് ശാന്തമ്മ
കോട്ടയം
13 വർഷം മുമ്പത്തെ തെരഞ്ഞെടുപ്പ‌് പോസ‌്റ്ററും മാറോടണച്ച‌് കാത്തുനിൽക്കുകയായിരുന്നു ശാന്തമ്മ. സ്ഥാനാർഥി വി എൻ വാസവൻ എത്തിയപ്പോഴേ പോസ‌്റ്റർ എടുത്തു കാട്ടി അവർ; നിറഞ്ഞ ചിരിയോടെ.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽനിന്ന‌് മത്സരിച്ചപ്പോഴത്തെ വി എൻ വാസവന്റെ പോസ‌്റ്റർ ആയിരുന്നു അത‌്. താൻ നിധിപോലെ സൂക്ഷിച്ച പോസ‌്റ്ററിനെക്കുറിച്ച‌് പറയുമ്പോൾ ശാന്തമ്മയുടെ മുഖത്ത‌് അന്നത്തെ വിജയത്തിന്റെ തിളക്കമുണ്ടായിരുന്നു. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ കുഴിമറ്റത്ത‌് എത്തിയപ്പോഴാണീ കൂടിക്കാഴ‌്ച.കുഴിമറ്റം കോട്ടക്കുഴി ശാന്തമ്മ ബേബിയാണ‌് സ്ഥാനാർഥിക്ക‌് ഒരു "സർപ്രൈസ‌്' നൽകി പോസ‌്റ്റർ സമ്മാനിച്ചത‌്.
ഇക്കുറിയും വിജയത്തെക്കുറിച്ച‌് ചോദിക്കുമ്പോൾ ഉത്തരം ഒന്നേയുള്ളൂ: വിജയം ഉറപ്പ‌്. പഴയകാല പോസ‌്റ്ററുമായി നിന്ന ശാന്തമ്മയുടെ മനസുതന്നെയായിരുന്നു അവിടെക്കൂടിയവരുടെയും. സ്ഥാനാർഥിയുടെ പൊതുസ്വീകാര്യതയ‌്ക്കും അതുതന്നെ തെളിവ‌്.
മറക്കില്ല, കൈത്താങ്ങ‌്
കോട്ടയം
കെവിൻ പി ജോസഫ‌് –- ആ പേര‌് കോട്ടയത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വേദനയാണ‌്. കുടുംബത്തിന്റെ പ്രതീക്ഷയായ ആൺതരി ചിലരുടെ ദുരഭിമാനത്തിന്റെ ഇരയായപ്പോൾ കൈത്താങ്ങായത‌് സിപിഐ എമ്മായിരുന്നു. പ്രസ്ഥാനത്തിന്റെ അമരക്കാരനായ വി എൻ വാസവൻ സ്ഥാനാർഥിയായി എത്തിയപ്പോൾ സ്വീകരിക്കാൻ കെവിന്റെ കുടുംബവുമുണ്ടായിരുന്നു. കെവിന്റെ കൊലയുടെ മറവിൽ കള്ളക്കഥകളുണ്ടാക്കി എൽഡിഎഫ‌് സർക്കാരിനെയും സിപിഐ എമ്മിനെയും ആക്രമിച്ചവർക്ക‌് ഇന്ന‌് ശബ്ദമില്ല. പക്ഷേ കെവിന്റെ കുടുംബാംഗങ്ങൾ ഈ പ്രസ്ഥാനത്തോടൊപ്പമുണ്ട‌്. കെവിനും തെന്മല സ്വദേശിനി നീനുവുമായുള്ള പ്രണയത്തെതുടർന്ന‌് ഇരുകുടുംബങ്ങളും തമ്മിലുണ്ടായ പ്രശ‌്നങ്ങൾ രമ്യതയിലാക്കാനും പിന്നീട‌് കെവിൻ കൊല്ലപ്പെട്ടപ്പോൾ കുടുംബത്തിന‌് എല്ലാ സഹായവും നൽകാനും സിപിഐ എമ്മാണ‌് മുൻകൈ എടുത്തത‌്.
നട്ടാശ്ശേരിയിലെത്തിയ വി എൻ വാസവനെ കെവിന്റെ അച്ഛൻ ജോസഫ‌് മാലയിട്ട‌് സ്വീകരിച്ചു. വിതുമ്പിയ അമ്മയെ വാസവൻ ആശ്വസിപ്പിച്ചു. തുടർന്നും പാർടി ഒപ്പമുണ്ടാകുമെന്ന‌് ഉറപ്പുനൽകി.

from Kerala || Deshabhimani Online News https://ift.tt/2HC2sdr
via IFTTT
No comments:
Post a Comment