കോട്ടയം> എംജി കലോത്സവ ചരിത്രം ഇത്തവണയും വഴിമാറിയില്ല. രണ്ടാം ദിനത്തിലും കുതിച്ച‌് മുൻ നിരയിലുള്ളത‌് എറണാകുളം കോളേജുകൾ തന്നെ. കലോത്സവ വേദിയിലെ പോരാട്ടക്കാരായ എറണാകുളം മഹാരാജാസും സെന്റ‌് തെരാസാസും ആർഎൽവിയും മുൻനിരയിലുണ്ട‌്. രണ്ടാം ദിനം രാത്രി വൈകിയും മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 20 പോയിന്റുമായി മഹാരാജാസ‌് കോളേജാണ‌് മുന്നിലുള്ളത‌്.
17 പോയിന്റുമായി ആർഎൽവി തൃപ്പൂണിത്തുറയും, 16 പോയിന്റുമായി സെന്റ‌് തെരാസാസും തൊട്ട‌് പിന്നിലുണ്ട‌്. മത്സരാർഥികളുടെ എണ്ണക്കൂടുതൽ കാരണം പല വേദികളിലും രാത്രി വൈകിയാണ‌് മത്സരങ്ങൾ പൂർത്തിയാകുന്നത‌്. വെള്ളിയാഴ‌്ച പ്രധാന വേദിയിൽ ഉൾപ്പെടെ കാണികളുടെ മെച്ചപ്പെട്ട സാന്നിധ്യവും കലാമേളയ‌്ക്ക‌് ഉണ്ടായിരുന്നു.
കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാർ തേവര എസ‌്എച്ച‌് കോളേജായിരുന്നു. സെന്റ‌് തെരാസാസിന്റെ എട്ടാം കിരീട സ്വപ‌്നമാണ‌് പോയ വർഷം തേവര തല്ലിക്കെടുത്തിയത‌്. 2010 വരെയുള്ള വർഷങ്ങളിലായി ഒമ്പത‌് തവണ കപ്പിൽ മുത്തമിട്ട മഹാരാജാസിന‌് സമീപ വർഷങ്ങളിൽ ആ സ്വപ‌്ന മുഹൂർത്തം നഷ‌്ട സ്വപ‌്നങ്ങമായി.
സ. അഭിമന്യുവിന്റെ സ‌്മരണകൾ നിറയുന്ന തിരുനക്കരയിലെ വേദിയലവർക്ക‌് ആ നഷ‌്ട സ്വപ‌്നങ്ങൾ വീണ്ടെടുക്കാനായാൽ; അത‌് ഏറെ വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല.
ഇത‌് ചെയർപേഴ്സൺമാരുടെ കലോത്സവം
കോട്ടയം
കിരീടം ചൂടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ് എറണാകുളം സെന്റ് തെരേസാസ് വിമൻസ് കോളേജ്. കോളേജിലെ ചെയർപേഴ്സൻ തെരേസ ജോഷി മത്സരാർഥിയായും സംഘാടകയായും സജീവം. ഒപ്പം ധൈര്യം പകർന്ന് അമ്മ ഡോ. ബിച്ചു എക്സ് മലയിലുമുണ്ട്. കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർപേഴ്സണാണ് ബിച്ചു.
കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിമൻസ് കോളേജിലെ ചെയർപേഴ്സണ് കോളേജ് യൂണിയൻ ഭരണത്തിന്റെ ഒരു പാരമ്പര്യമുണ്ട്. ബിച്ചുവിന്റെ അച്ഛൻ 1965 ൽ ആലപ്പുഴ എസ്ഡി കോളേജ് ചെയർമാനായിരുന്നു. 1989 ൽ എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സണായിരിക്കെ കലോത്സവം നടത്തിയ ഓർമകളാണ് ബിച്ചുവിനെ വേദികളിലെത്തിച്ചത്. തന്റെ പാത പിന്തുടർന്ന് മകൾ തെരേസ സെന്റ് തെരേസാസിന്റെ യൂണിയൻ തലപ്പത്തെത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചതും ബിച്ചു തന്നെ.സൂപ്പർ താരങ്ങൾ നിരവധി ഉദിച്ചുയർന്ന കലോത്സവമായിരുന്നു 89 ലേതെന്ന് ബിച്ചു ഓർക്കുന്നു. നീന പ്രസാദ്, മിമിക്രി താരം ജോബി, രാജശ്രീ വാര്യർ, മാല പാർവതി- അങ്ങനെ പലരും. ഇപ്പോൾ കാലടി സംസ്കൃത സർവകലാശാല പ്രൊഫസറാണ് ബിച്ചു. മകൾ തെരേസ ഫിലിം റിവ്യുവിൽ മത്സരിക്കുന്നുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2XwZe0t
via IFTTT
No comments:
Post a Comment