വർഗീയ സംഘടനയുമായി തെരഞ്ഞെടുപ്പ‌് രഹസ്യചർച്ചയ‌്ക്ക‌് സർക്കാർ ഗസ്റ്റ‌് ഹൗസ‌് ഉപയോഗിച്ചതിലൂടെ മുസ‌്ലിംലീഗ‌് തെരഞ്ഞെടുപ്പ‌് ചട്ടം ലംഘിച്ചിരിക്കയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ലോക‌്സഭാ സ്ഥാനാർഥി എ പ്രദീപ‌് കുമാർ എംഎൽഎയുടെ തെരഞ്ഞെടുപ്പ‌് വെബ‌്സൈറ്റ‌് ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്ഥാപനങ്ങളെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനും മറ്റും ഉപയോഗിക്കരുതെന്നാണ‌് നിയമം. എസ‌്ഡിപിഐക്കാരും ലീഗ‌് നേതാക്കളും അവിടെ ഭക്ഷണം കഴിക്കാൻ വന്നതല്ലെന്ന‌് സിസിടിവി ദൃശ്യത്തിൽനിന്ന‌് വ്യക്തമാണ‌്. ചർച്ച നടന്നതായി പങ്കെടുത്ത എസ‌്ഡിപിഐ നേതാവ‌് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട‌്. ഈ സാഹചര്യത്തിൽ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് ചട്ടലംഘനത്തിന‌് പരാതി നൽകുമെന്നും കോടിയേരി പറഞ്ഞു.
എസ‌്ഡിപിഐക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ലീഗ‌് നേതാവാണ‌് എം കെ മുനീർ. ലീഗിന്റെ കപട മതേതര മുഖം വലിച്ചുകീറപ്പെട്ടിട്ടും മുനീറിന്റെ അഭിപ്രായമൊന്നുമുണ്ടായില്ല. അദ്ദേഹം ഒളിവിൽ പോയിട്ടില്ലെങ്കിൽ അഭിപ്രായം കേൾക്കാൻ താൽപര്യമുണ്ട‌്.
പരാജയ ഭീതിയിലായ യുഡിഎഫ‌് വർഗീയ സംഘടനകളുമായി മാത്രമല്ല ജയ‌്ഷെ മുഹമ്മദുമായും ബന്ധമുണ്ടാക്കും. ആരുടെയും വോട്ട‌് വാങ്ങുമെന്ന കെ സുധാകരന്റെ പ്രസ‌്താവന ഇതിന‌് തെളിവാണ‌്. പി ജെ ജോസഫിനെ ഉപയോഗിച്ച‌് കേരളാ കോൺഗ്രസിനെ പിളർത്താനാണ‌് കോൺഗ്രസ‌് ശ്രമം. കോൺഗ്രസിന്റെ വാക്കുകേട്ട‌് ജോസഫ‌് നടന്നതിന്റെ ഫലമാണ‌് ഇപ്പോൾ ആ പാർടിയിലുണ്ടായത‌്. ഉമ്മൻചാണ്ടിയുടെ ധൃതരാഷ‌്ട്രാലിംഗനത്തിലാണ‌് താൻ അകപ്പെട്ടതെന്ന‌് ഇപ്പോൾ ജോസഫിന‌് ബോധ്യമായിട്ടുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ub2f9m
via IFTTT
No comments:
Post a Comment