തിരുവനന്തപുരം > തെരഞ്ഞെടുപ്പും സ്വന്തം തൊഴിൽ പ്രസിദ്ധീകരണത്തിന്റെ പ്രചാരണവും മുന്നിൽക്കണ്ട‌് പിഎസ‌്‌സിക്കെതിരെ മനോരമയുടെ വ്യാജ വാർത്ത. ‘കൈവിട്ട‌് പിഎസ‌്‌സി’ എന്ന തലക്കെട്ടിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖ്യവാർത്ത അസ്സൽ നുണ ബോംബാണ‌്. സർവകലാശാല, കോർപറേഷൻ എന്നിവയിലെ അസിസ‌്റ്റന്റ‌്, ലാസ‌്റ്റ‌്ഗ്രേഡ‌് നിയമനങ്ങളും വകുപ്പുതല പരീക്ഷകളും പിഎസ‌്സി പുറംഏജൻസിക്കു നൽകുന്നു എന്നാണ‌് വാർത്തയിലുള്ളത‌്. ഡിസംബർ 27ന‌് ഭരണപരിഷ്കാര കമീഷൻ, പിഎസ‌്സി അധികൃതരുമായി നടത്തിയ ചർച്ചയുടെ വെളിച്ചത്തിലാണ‌് നുണ എഴുതിപ്പിടിപ്പിച്ചത‌്. നിയമനങ്ങൾ പുറംഏജൻസിക്കു നൽകുന്ന നടപടികളുമായി ഭരണപരിഷ്കാര കമീഷൻ മുന്നോട്ടുപോകുകയാണെന്ന വിഡ്ഢിത്തവും വാർത്തയിലുണ്ട‌്.
ഭരണഘടനാ സ്ഥാപനമായ പിഎസ‌്സിയുടെ കാര്യത്തിൽ ഇടപെടാനാകില്ലെന്ന സാമാന്യവിവരം പോലുമില്ലാതെയായിരുന്നു നുണ വാർത്തയെഴുതിയത‌്. പിഎസ‌്സിയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ശുപാർശ ലഭിച്ചാൽ സർക്കാരാണ‌് ഇക്കാര്യം തീരുമാനിക്കേണ്ടത‌്. ഇതിനായി പലതലത്തിൽ ചർച്ചയും മന്ത്രിസഭായോഗത്തിന്റെ അംഗീകാരവും വേണം. പരാതിക്കിടയില്ലാത്ത വിധം പ്രവർത്തിക്കുന്ന പിഎസ‌്സിയുടെ നിയമനം മറ്റ‌് ഏജൻസികൾക്കു നൽകുന്ന കാര്യം ആലോചിച്ചിട്ടുപോലുമില്ലെന്ന‌് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ചർച്ചയെ വളച്ചൊടിച്ചു
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചയാണ‌് പിഎസ‌്സി അധികൃതരുമായി നടത്തിയതെന്ന‌് ഭരണപരിഷ‌്കാര കമീഷൻ മെമ്പർ സെക്രട്ടറി ഷീലാ തോമസ‌് പറഞ്ഞു. പിഎസ‌്സിയുടെ പ്രവർത്തനം ഇനിയും മെച്ചപ്പെടുത്താനുള്ള കാര്യങ്ങളാണ‌് ചർച്ച ചെയ്‌തത‌്. അല്ലാതെ പിഎസ‌്സി പരീക്ഷകൾ ബാഹ്യ ഏജൻസികൾക്ക‌് നൽകാനുള്ള നിയമപരമായ അധികാരം ഭരണപരിഷ്കാര കമീഷനില്ല. പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ശുപാർശകൾ സർക്കാരിനു സമർപ്പിക്കുക മാത്രമാണ‌് കമീഷൻ ചെയ്യുന്നത‌്. അല്ലാതെ വകുപ്പുകളുടെ പ്രവർത്തനത്തിൽ ഇടപെടാറില്ലെന്നും ഷീലാതോമസ‌് പറഞ്ഞു. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത‌് സംബന്ധിച്ച ചർച്ചയാണ‌് നടന്നതെന്നും നിയമനങ്ങൾ മറ്റ‌് ഏജൻസികൾക്കു നൽകുന്ന കാര്യം ചർച്ച ചെയ‌്തിട്ടില്ലെന്നും -പിഎസ‌്സി ചെയർമാൻ എം കെ സക്കീറും പറഞ്ഞു.
സർവകലാശാലാ അസിസ‌്റ്റന്റ‌് നിയമനത്തിന‌് വിജ്ഞാപനം പ്രസിദ്ധീകരിച്ച‌് മൂന്നുമാസം കഴിഞ്ഞിട്ടും നടപടിയായില്ലെന്ന‌് മനോരമ ആരോപിക്കുന്നുണ്ട‌്. അതേസമയം തൊട്ടടുത്ത വരിയിൽത്തന്നെ കഴിഞ്ഞതവണ അഞ്ചുമാസം കഴിഞ്ഞാണ‌് നടപടി ഉണ്ടായതെന്നും പറയുന്നു. മനോരമയുടെ അഭിപ്രായത്തിൽത്തന്നെ നടപടി പൂർത്തിയാക്കാൻ ഇനിയും രണ്ടു മാസമുണ്ട‌്. സ്വാഭാവികമായ താമസം മാത്രമാണ‌് ഇക്കാര്യത്തിലുള്ളതെന്ന‌് പിഎസ‌്സി അധികൃതർ അറിയിച്ചു. ലക്ഷക്കണക്കിന‌് ഉദ്യോഗാർഥികളാണ‌് പരീക്ഷയ‌്ക്കിരിക്കേണ്ടത‌്. ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാ തീയതി നിശ്ചയിക്കൽ, സ‌്കൂളുകൾ കണ്ടെത്തൽ, ഇങ്ങനെ ഒരുപാട‌് നടപടികളുണ്ട‌്. എന്നിട്ടും ഈ ബോർഡ‌് വന്നശേഷം അതിവേഗത്തിലാണ‌് നിയമനനടപടികൾ നടത്തുന്നത‌്. കഴിഞ്ഞവർഷംമാത്രം ഒരുകോടി മുപ്പതുലക്ഷം പേരെയാണ‌് പരീക്ഷയ‌്ക്കിരുത്തിയത‌്.
‘പിൻവാതിൽ’ അറിയിപ്പ‌് നിലച്ചപ്പോൾ നുണപ്രചാരണം
പിൻവാതിൽവഴി പിഎസ‌്സി അറിയിപ്പുകൾ തൊഴിൽ പ്രസിദ്ധീകരണങ്ങൾക്ക‌് നൽകുന്നത‌് കർശനമായി അവസാനിപ്പിച്ചതിന്റെ വിരോധവും അടിസ്ഥാനരഹിതമായ വാർത്തയ്ക്കുപിന്നിലുണ്ട‌്. ഔദ്യോഗിക പ്രസിദ്ധീകരണമായ പിഎസ‌്സി ബുള്ളറ്റിനിൽ വരുന്നതിനുമുമ്പ‌് മറ്റു തൊഴിൽ പ്രസിദ്ധീകരണങ്ങൾ നേരത്തെ അറിയിപ്പുകൾ പുറത്തുവിട്ടിരുന്നു. ഇതിനായി പ്രത്യേക പതിപ്പുകൾ വരെ പുറത്തിറക്കി.
പിഎസ‌്സി ചെയർമാന്റെ കഴിഞ്ഞ വാർത്താ സമ്മേളനത്തിൽ പതിവിനുവിരുദ്ധമായി രണ്ടു മനോരമ ലേഖകരെത്തി. പിഎസ‌്സിയെ തകർക്കുമെന്ന‌് പരസ്യമായി ഈ ലേഖകർ അന്ന‌് വെല്ലുവിളിച്ചിരുന്നു. ഈ അജണ്ടയുടെ തുടർച്ചയായി സ്വന്തം തൊഴിൽ പ്രസിദ്ധീകരണമായ ‘തൊഴിൽവീഥിയിൽ’ പിഎസ‌്സിക്കെതിരെ പരമ്പയുണ്ടെന്ന അറിയിപ്പും മനോരമ വാർത്തയിലുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2UgM6dD
via IFTTT
No comments:
Post a Comment