തൊടുപുഴ
‘‘ഈ എംപി ജയിക്കേണം....നല്ലവനാ...കഴിഞ്ഞ തവണ ഞാൻ വോട്ടു കൊടുത്തു. ഇനീം എന്റേയും മക്കടേയും വോട്ട് മാറില്ല...’’
എൺപതു പിന്നിട്ട ഇലപ്പള്ളി പുത്തേട് കരോട്ട്പുരയ്ക്കൽ ഡെയ്സി എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിനെക്കുറിച്ച് നയം വ്യക്തമാക്കി. വെറും വാക്കുപറഞ്ഞ് വോട്ടുവാങ്ങി പോവുന്ന ആളല്ല ജോയ്സെന്ന് ഈ മുത്തശ്ശിക്ക് ഉറപ്പ്. കൂടുതൽ പറയാനൊന്നും അറിയില്ലെങ്കിലും ജോയ്സ് ജോർജ് നടപ്പാക്കിയ വികസനങ്ങളെക്കുറിച്ച് ഇവർ പലയിടങ്ങളിൽ നിന്നും മനസിലാക്കിയിട്ടുണ്ട്.
‘’ഞങ്ങടേത് പഴയ കോൺഗ്രസ് കുടുംബമാ മോനേ...ഭർത്താവ് കുറേ വർഷം മുൻപ് മരിച്ചുപോയി. അന്നൊക്കെ കോൺഗ്രസിനാ വോട്ടു കൊടുത്തിരുന്നെ. കുറച്ചു കാലം മുൻപ് അതങ്ങ് നിർത്തി. ഇപ്പോൾ വീട്ടിലെല്ലാരും ഒറ്റക്കെട്ടാണ്.’’ ആഹ്ലാദത്തോടെ ഡെയ്സി മുത്തശ്ശി ഇതു പറയുമ്പോൾ ഇലപ്പള്ളി എടാട് കയറ്റം കയറി അനൗൺസ്മെന്റ് വാഹനമെത്തി. ‘‘നിങ്ങൾ വോട്ടു നൽകി വിജയിപ്പിച്ച് പാർലമെന്റിൽ ഇടുക്കിയുടെ ശബ്ദമായി മാറിയ അഡ്വ. ജോയ്സ് ജോർജ് ഇതാ...ഈ വഴിത്താരയിലൂടെ ഒരിക്കൽക്കൂടി ഏവരുടെയും അനുഗ്രഹം തേടി കടന്നു വരുന്നു...’’
.jpg)
നാട്ടുകാർ പാതയോരത്തേയ്ക്ക് നീങ്ങിനിന്നു. ഡെയ്സി മുത്തശ്ശിയും അവർക്കൊപ്പം ചേർന്നു. ബാൻഡുമേളത്തിന്റെ അകമ്പടിയോടെ അഡ്വ. ജോയ്സ് ജോർജിനെ ആനയിച്ച് സ്വീകരണകേന്ദ്രത്തിലേയ്ക്ക് കൊണ്ടുവരുമ്പോൾ ഡെയ്സി മുത്തശ്ശിയുടെ വക സ്നേഹപൂച്ചെണ്ട്. മുത്തശ്ശിയെ ചേർത്തുപിടിച്ച് സ്നേഹമേറ്റുവാങ്ങി ജോയ്സ് സ്വീകരണത്തിനു നന്ദി പറയാനായി മൈക്കിന് അരികിലേയ്ക്ക്. ഇതുപോലുള്ളവരുടെ പ്രതീക്ഷകളെ പൂവണിയിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കാലമത്രയും ശ്രമിച്ചതെന്നും ഇനിയും അത് തുടരുമെന്നും സ്ഥാനാർഥിയുടെ ഉറപ്പ്.
ഇടുക്കി അസംബ്ലി മണ്ഡലത്തിലെ അറക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലായിരുന്നു വെള്ളിയാഴ്ചത്തെ പര്യടനം. മുത്തിയുരുണ്ടയാറിൽ ആദ്യ സ്വീകരണം. സ്ഥാനാർഥി എത്തുംമുൻപേ മുത്തിയുരുണ്ടയാറിലേയ്ക്ക് നാട്ടുകാരൊഴുകി. വീട്ടമ്മമാർ ഒന്നടങ്കം അഡ്വ. ജോയ്സ് ജോർജിന് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നതിന്റെ നേർക്കാഴ്ച. സ്ഥാനാർഥി വന്നതോടെ ആവേശം കൊടുമുടി കയറി. കൊച്ചുകൂട്ടുകാരായ അൽബീനയും അനുവും ആമ്പൽപ്പൂക്കളേകി നാടിന്റെ പിന്തുണ അറിയിച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. ഇടുക്കി പാർലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കൽ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ എന്നിവർ പങ്കെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ഇടുക്കി അസംബ്ലി മണ്ഡലം പ്രസിഡന്റ് മാത്യു വർഗീസ്, സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ അനുഗമിച്ചു.
കുളമാവും കരിപ്പലങ്ങാടും പിന്നിട്ട് മൂലമറ്റം ജലന്തർ സിറ്റിയിൽ എത്തുമ്പോൾ കാതടപ്പിക്കുന്ന കരിമരുന്നുപ്രയോഗം. പ്രദേശത്തെ കോളനിവാസികൾ മുഴുവനുമുണ്ട്. അടിസ്ഥാന ജനവിഭാഗത്തോടൊപ്പമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരെന്നും കേന്ദ്രഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ജോയ്സിന്റെ ഓർമപ്പെടുത്തൽ. ഇനിയുമേറെ ചെയ്യാനുണ്ടെന്ന് ശ്രദ്ധ ക്ഷണിച്ച് വോട്ടഭ്യർഥന. പിന്നീട് സമീപത്തെ മരണവീട്ടിലേയ്ക്ക്. കുടുംബാംഗങ്ങളെ ദുഃഖമറിയിച്ച് മടങ്ങി. പതിപ്പള്ളി തെക്കുംഭാഗത്തേയ്ക്കുള്ള യാത്ര ദുഷ്കരമാണ്. കുത്തനെയുള്ള പാത. മുൻപിൽ എൻജിനുള്ള ജീപ്പു മാത്രമേ പോകൂ. സ്ഥാനാർഥിയും ഏതാനും പേരും മാത്രം ജീപ്പിൽ അവിടേയ്ക്ക്. ഈ പാതയുടെ കുറേഭാഗം ജോയ്സ് ജോർജിന്റെ എംപി ഫണ്ട് വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തതാണ്. സാമാന്യം ഭേദപ്പെട്ട സ്വീകരണം. പ്രദേശവാസികളുടെ ആവശ്യങ്ങൾ ജോയ്സ് ചോദിച്ചു മനസിലാക്കി. ഇനിയും കൂടെയുണ്ടെന്ന ഉറപ്പ്.
കസ്തൂരിരംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പാക്കാൻ മുൻ കോൺഗ്രസ് എംപിയടക്കം സ്വീകരിച്ച നിലപാടുകൾ ജോയ്സ് ജോർജ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നു. തന്റെ ശക്തമായ ഇടപെടലുകളാണ് മലയോരജനതയ്ക്കാകെ ആശ്വാസം പകർന്നതെന്നും ജനവാസകേന്ദ്രങ്ങളെ ഇഎസ്എ പരിധിയിൽ നിന്നൊഴിവാക്കി അന്തിമ വിജ്ഞാപനമിറങ്ങുന്നതിന് നിങ്ങൾക്ക് കാതോർക്കാമെന്നും ജോയ്സ് പ്രഖ്യാപിക്കുന്നു.

ഇലപ്പള്ളിയിൽ യുവാക്കളുടെ ഉശിരൻ മുദ്രാവാക്യത്തിന്റെ അകമ്പടി. സ്വീകരിക്കാൻ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ. വാർധക്യത്തിന്റെ അവശതയില്ലാതെ 79 കാരി എള്ളുംകാലായിൽ അമ്മുക്കുട്ടിയും അക്കൂട്ടത്തിൽ. ഇവർക്കെല്ലാം നല്ല പ്രതീക്ഷകളാണ്. കോളപ്ര ഏഴാം മൈൽ അഞ്ചുകല്ലിൽ ഉമ്മുക്കുത്സുവും ബീരാനും നാടിന്റെ അവസ്ഥയെക്കുറിച്ചുള്ള വേവലാതി പങ്കുവെയ്ക്കുന്നു.
അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഒരുപറ്റം കലാകാരന്മാർ അണിയിച്ചൊരുക്കിയ സ്കിറ്റാണ്. മോഡി സർക്കാർ നാട്ടുകാർക്ക് നൽകിയ ‘എട്ടിന്റെ പണികളും’ ജോയ്സ് ജോർജ് മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങളും ലോക്സഭയിലെ പ്രകടനങ്ങളുമെല്ലാം പ്രസംഗത്തേക്കാൾ വേഗത്തിൽ കാഴ്ചക്കാരിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. കോളപ്ര, കുടയത്തൂർ, കൈപ്പ എന്നിവിങ്ങൾ പിന്നിട്ട് കാഞ്ഞാറിലേയ്ക്ക്. ഇവിടെ നിന്നും നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടി. അറക്കുളം, അശോക, എകെജി കോളനി എന്നിവിടങ്ങളിലൂടെ സമാപനകേന്ദ്രത്തിലേയ്ക്ക്.പാതയോരത്തെ ജനങ്ങളോട് വോട്ടഭ്യർഥിച്ച് സ്ഥാനാർഥിയും പ്രവർത്തകരും പ്രകടനമായി മൂലമറ്റം ടൗണിലേയ്ക്ക്. ആവേശം പൊടിപാറിച്ച് സമാപനം.
വികസന കാഴ്ചപ്പാടുള്ള സ്ഥാനാർഥി: ഫ്രാൻസിസ് ജോർജ്
ചെറുതോണി
മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും വ്യക്തമായ ബോധ്യവും കാഴ്ച്ചപ്പാടുമുള്ള സ്ഥാനാർഥിയാണ് അഡ്വ. ജോയ്സ് ജോർജെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മുത്തിയുരുണ്ടയാറിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വെള്ളിയാഴ്ചത്തെ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടുക്കിയെ പ്രതിനിധീകരിക്കാൻ ജനങ്ങൾ നൽകിയ അവസരം ഏറ്റവും ഉചിതമായ രീതിയിൽ നാടിനുവേണ്ടി സമർപ്പിക്കുകയായിരുന്നു ജോയ്സ്. 4750 കോടിയുടെ വികസന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലംകൊണ്ട് കൊണ്ടുവരാനായത് അസാധാരണമായ നേതൃപാടവം കൊണ്ടാണ്. പാർലമെന്റിലും ഇടുക്കിക്കാരുടെ അഭിമാനം ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനമാണ് ജോയ്സിൽനിന്നും ഉണ്ടായത്. ഒന്നും ആലോചിക്കാതെ വോട്ട് ചെയ്യാവുന്ന ഏറ്റവും അനുയോജ്യനായ ഇടുക്കിയുടെ സ്ഥാനാർഥിയാണ് ജോയ്സ് ജോർജെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
എൻ പി സണ്ണി അധ്യക്ഷനായി. പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ കെ ശിവരാമൻ, ജനറൽ സെക്രട്ടറി ഗോപി കോട്ടമുറിക്കൽ, ട്രഷറർ കെ കെ ജയചന്ദ്രൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ്, സി വി വർഗീസ് എന്നിവർ സംസാരിച്ചു.
ജോയ്സ് ജോർജ് ഇന്ന് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ
ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൊതുപര്യടനം ശനിയാഴ്ച തുടങ്ങും. രാവിലെ 7.30ന് ആയവന പഞ്ചായത്തിലെ പടിഞ്ഞാറേ പുന്നമറ്റത്തുനിന്ന് ആരംഭിക്കുന്ന പര്യടനം എന്‍സിപി ദേശീയ സെക്രട്ടറി ടി പി പീതാംബരന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കടുമ്പിടി, അഞ്ചൽപ്പെട്ടി, സിദ്ധൻപടി, കലാമ്പൂര്, കാരിമറ്റം, കുഴുമ്പിൽത്താഴം, ഏനാനല്ലൂർ, ആയവന, എസ്എൻഡിപി കവല, കാവക്കാട്, കമ്പനിപ്പടി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. പോത്താനിക്കാട് പഞ്ചായത്തിൽ രാവിലെ 10.15ന് പറമ്പഞ്ചേരിയിൽനിന്ന് തുടങ്ങി പുളിന്താനം കോളനി, പുളിന്താനം, പൂതപ്പാറ, തായ്മറ്റം, കോന്തമ്പാറ, പാറയ്ക്കപ്പീടിക, പോത്താനിക്കാട് ടൗൺ, തൃക്കേപ്പടി, കീപ്പനശേരി, പെരുനീർ, തൃപ്പള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 2.30 മുതല്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ പാറേപ്പടിയില്നിന്നു തുടങ്ങി ചാത്തമറ്റം സ്കൂൾപടി, ആയങ്കര, പൈങ്ങോട്ടൂർ, പാതിരിപ്പാറ കവല, നാലാം ബ്ലോക്ക്, മണിപ്പാറ, ഞാറക്കാട്, പനങ്കര, കടവൂർ, തെക്കേ പുന്നമറ്റം, കുളപ്പുറം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 4.05 മുതല്‍ കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കലൂരില്‍നിന്നു തുടങ്ങി വെള്ളാരങ്കല്ല്, പെരുമാങ്കണ്ടം, പത്തകുത്തി, നാകപ്പുഴ, ചാറ്റുപാറ, മണിയന്ത്രം, കുന്നിയോട്, കല്ലൂൂർക്കാട് ടൗൺ, കോട്ടക്കവല, മണലിപ്പീടിക എന്നിവിടങ്ങളിൽ പര്യടനം നടത്തും. മഞ്ഞള്ളൂർ പഞ്ചായത്തിലെ ആലുങ്കമാരിയിൽനിന്ന് 5.45ന് പര്യടനം തുടങ്ങി നീറമ്പുഴ ഷാപ്പുംപടി, ഒന്നാം വാർഡ് ലക്ഷംവീട്, പൈനാപ്പിൾ മാർക്കറ്റ്, കല്ലൂർക്കാട് കവല, ചാവറ കോളനി, തെക്കുംമല കവല, കദളിക്കാട് പാണപാറ, കുളമാവിൻതൊട്ടി, മറയംകാട്, മാട്ടുപാറ, അച്ചൻകവല, ഇടയ്ക്കാട്ടുകയറ്റം, കൊച്ചങ്ങാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് മടക്കത്താനത്ത് സമാപിക്കും.
from Kerala || Deshabhimani Online News https://ift.tt/2FJUFck
via IFTTT
No comments:
Post a Comment