പേരാമ്പ്ര> അപ്രോച്ച് റോഡില്ലാത്ത പാലം നോക്കുകുത്തിയായി. മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ വാഗ്ദാനം പാഴ‌്‌വാക്കായി. ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂരിനെയും ചെമ്പനോടയെയും ബന്ധിപ്പിച്ച് മൂത്തേട്ടുപുഴയ‌്ക്ക് കുറുകെ പാലവും ഇരുഭാഗത്തും ടാർ റോഡും നിർമിക്കുമെന്നായിരുന്നു മൂന്നുവർഷം മുമ്പ് എംപിയുടെ വാഗ്ദാനം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനം മുല്ലപ്പള്ളി പാതിവഴിയിൽ ഉപേക്ഷിച്ചു.
എംപി ഫണ്ടിൽനിന്ന് അനുവദിച്ച ഒരു കോടി രൂപകൊണ്ട് നിർമിച്ച പാലം അദ്ദേഹംതന്നെ 2018 ജനുവരിയിൽ ആർഭാടത്തോടെ ഉദ്ഘാടനവും നടത്തി. പാലം മുതൽ ചെമ്പനോടയിലേക്കുള്ള അപ്രോച്ച് റോഡിന് എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ചതായും രണ്ടുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്നും ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ചുപോയ മുല്ലപ്പള്ളി പിന്നീട് ഈ വഴി തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അപ്രോച്ച് റോഡിനായി എംപി ഫണ്ടിൽനിന്ന് ചില്ലിക്കാശുപോലും അനുവദിച്ചിട്ടില്ലെന്ന് ഏറെ കഴിഞ്ഞാണ് നാട്ടുകാർ അറിയുന്നത്. മുല്ലപ്പള്ളിയുടെ തലതിരിഞ്ഞ വികസനത്തിനെതിരെ നാട്ടുകാർ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലാണ്. കുവ്വപ്പൊയിൽ, പറമ്പൽ, പന്നിക്കോട്ടൂർ ഭാഗങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ ചെമ്പനോടയിലേക്ക് എത്താനുള്ള മാർഗമാണിത്.
വില്ലേജ് ഓഫീസ്, ദേശസാൽകൃത ബാങ്കുകൾ, സഹകരണ ബാങ്ക്, ഹൈസ്കൂൾ എന്നിവയെല്ലാം ചെമ്പനോടയിലാണ്. ഏറെ ദൂരം യാത്ര ചെയ്താണ് നാട്ടുകാരും വിദ്യാർഥികളും ഇപ്പോൾ ചെമ്പനോടയിൽ എത്തുന്നത്. പാലത്തിനോട് ചേർന്നുള്ള 2.5 കിലോമീറ്റർ അപ്രോച്ച് റോഡ് യാഥാർഥ്യമായാൽ എളുപ്പത്തിൽ ചെമ്പനോടയിലെത്താനാകും. നാട്ടുകാരുടെ ദുരവസ്ഥ കണ്ടറിഞ്ഞ മന്ത്രി ടി പി രാമകൃഷ്ണൻ അപ്രോച്ച് റോഡ് യാഥാർഥ്യമാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു.
അഞ്ചുവർഷം കേന്ദ്രമന്ത്രിയും അഞ്ചുവർഷം എംപിയും ആയിരുന്ന മുല്ലപ്പള്ളി വാഗ്ദാന ലംഘനങ്ങളുടെ പെരുമഴയാണ് പേരാമ്പ്ര മണ്ഡലത്തിൽ നടത്തിയത്. പൂഴിത്തോട്-പടിഞ്ഞാറത്തറ- ബംഗളൂരു ദേശീയ പാത, പെരുവണ്ണാമൂഴി സിആർപിഎഫ് കേന്ദ്രം, മിലിട്ടറി ആശുപത്രി, സെൻട്രൽ സ്കൂൾ തുടങ്ങി 10 വർഷം നടത്തിയ നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെ നീണ്ട നിരയിൽ പന്നിക്കോട്ടൂർ- ചെമ്പനോട റോഡും സ്ഥാനംപിടിച്ചു കഴിഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2EAfu8d
via IFTTT
No comments:
Post a Comment