തിരുവനന്തപുരം
മലപ്പുറം സ്വദേശിയായ ആറു വയസ്സുകാരന്റെ ജീവൻ കവർന്ന വെസ്റ്റ് നൈൽ വൈറസ‌് ഇനിയൊരാൾക്കും ബാധിക്കാതിരിക്കാൻ അതീവ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. മലപ്പുറത്ത് മറ്റൊരിടത്തേക്കും വൈറസ‌് ബാധിച്ചില്ലെന്ന‌് ഉറപ്പാക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സമാന ലക്ഷണങ്ങളുമായി മറ്റാരും ചികിത്സ തേടിയിട്ടില്ല. എങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
കോട്ടയം വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ, സ്റ്റേറ്റ് സർവയൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം മരിച്ച കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച് പഠനം നടത്തിവരുന്നു. പക്ഷികളുടെയും കൊതുകുകളുടെയും സാമ്പിളുകൾ പരിശോധിച്ച് പരിസരത്ത് വൈറസില്ലെന്ന് ഉറപ്പാക്കും. പകർച്ചവ്യാധികൾ തടയാൻ പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചു.
സ്വകാര്യസർക്കാർ ആശുപത്രികൾക്ക‌് ഒരുപോലെ ജാഗ്രതാ നിർദേശം നൽകി. വെസ്റ്റ‌് നൈൽബാധയുടെ ലക്ഷണങ്ങളുള്ളവരെ കർശനമായി നിരീക്ഷിക്കും. ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക‌് മാറ്റി സാമ്പിളുകൾ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിൽ പരിശോധനയ്ക്ക് അയക്കാനും നിർദേശം നൽകി. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് വൈറസ‌് ബാധിതനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾത്തന്നെ വലിയ മുൻകരുതലാണെടുത്തത‌്. സംശയത്തെതുടർന്ന് സാമ്പിളുകൾ മണിപ്പാൽ ലാബിലും ആലപ്പുഴ എൻഐവി ലാബിലും അയച്ചു. വെസ്റ്റ് നൈലിനേക്കാൾ ഭയപ്പെടേണ്ട കൊതുകുജന്യരോഗമായ ജപ്പാൻജ്വരത്തെ ചെറുക്കാൻ തിരുവനന്തപുരത്തും ആലപ്പുഴയിലും ഒന്നരവയസ്സുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്നു. ഇത‌് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും വ്യാപിപ്പിക്കും. ഇതിന‌് കേന്ദ്രാനുമതി നേടാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിങ‌്, സ്‌പ്രേയിങ‌് എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2TZhErz
via IFTTT
No comments:
Post a Comment