കോതമംഗലം
‘‘ ഇടുക്കിക്ക‌് ജോയ‌്സ‌് ജോർജ‌് അല്ലാതെ മറ്റൊരു ചോയ‌്സില്ല’. കോട്ടപ്പടി പഞ്ചായത്തിലെ പ്രചാരണ തലവാചകം ഇടുക്കി മണ്ഡലമാകെ നിറയുകയാണ‌്. ഇടുക്കി ലോക‌്സഭാ മണ്ഡലത്തിൽ ഹൈറേഞ്ച‌് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള എൽഡിഎഫ‌് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജിന്റെ ആദ്യഘട്ട പൊതുപര്യടനത്തിലെ ജനപങ്കാളിത്തം ആ പ്രഖ്യാപനത്തെ അന്വർഥമാക്കുന്നു. കോതമംഗലം നിയോജക മണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, നെല്ലിക്കുഴി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ‌്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ ജാേയ‌്സ‌് ജോർജിന‌് അഭിവാദ്യമേകാൻ മീനച്ചൂടിനെയും വകവയ‌്ക്കാതെ കാത്തുനിന്നിരുന്നു.
രാവിലെ കോട്ടപ്പടി പഞ്ചായത്തിലെ തൈക്കാവുംപടിയിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു ആദ്യ സ്വീകരണം. മുത്തുക്കുടകളും ചെണ്ടമേളവും കരിമരുന്ന‌് പ്രയോഗവുമെല്ലാമായപ്പോൾ സ‌്വീകരണം പൊടിപാറി. പുഷ‌്പവൃഷ‌്ടി നടത്തിയാണ‌് മലയോര നാടിന്റെ വികസന നായകനെ നാട‌് വരവേറ്റത‌്. ആദ്യ കേന്ദ്രത്തിൽ മന്ത്രി എം എം മണിയുടെ തീപ്പൊരി പ്രസംഗം കത്തിക്കയറിയതോടെ പ്രദേശം ഇളകിമറിഞ്ഞു. ഇ കെ ശിവൻ അധ്യക്ഷനായ യോഗത്തിൽ ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു.
.jpg)
കർഷകർ വിളയിച്ച കാർഷിക ഉൽപ്പന്നങ്ങളുമായാണ‌് മണ്ഡലം കമ്മിറ്റി എംപിയെ സ്വീകരിച്ചത‌്. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ നിരത്തി ലഘു പ്രസംഗത്തിലൂടെ ജോയ‌്സ‌് ജോർജിന്റെ മറുപടി. തുടർന്ന‌് വയോധികരടക്കം നൂറുകണക്കിനാളുകൾ അദ്ദേഹത്തെ പൂക്കൾ നൽകിയും മാലയിട്ടും സ്വീകരിച്ചു.
പ്രായത്തെ അവഗണിച്ച‌് അയിരൂർപാടത്ത‌് കൗസല്യയും (85) കാർത്ത്യായനിയും (82) ആവേശം ചോരാതെ സ്ഥാനാർഥിയെ കാത്തുനിന്നു. കൊള്ളിപ്പറമ്പിൽ രണ്ട‌് വയസ്സുകാരി ദേവാംഗന ശ്രീജിത‌് സ്ഥാനാർഥിക്ക‌് നാരങ്ങാവെള്ളം നീട്ടി. കോട്ടപ്പടി ആനവാതിൽ കടന്ന‌് തുരങ്കം ജങ‌്ഷനിൽ നാനാജാതി മതസ്ഥരും തൊഴിലാളികളും സ്വീകരിക്കാനെത്തി. പ്ലാമുടി ഒന്നാം നമ്പർ ബൂത്തിൽ കടുത്ത ചൂടിനെയും അവഗണിച്ച‌് തൊഴിലുറപ്പ‌് തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ജോയ‌്സിനെ വരവേറ്റു.
കാർഷിക മേഖലയായ വടാട്ടുപാറയും മാലിപ്പാറയും ചെമ്മീൻകുത്തും കടന്ന‌് കാവുംപടിയിൽ പര്യടനം സമാപിക്കുമ്പോൾ ഉച്ചവെയിൽ ഉച്ചസ്ഥായിയിൽ.
ഉച്ചയ‌്ക്ക‌് ശേഷം പഞ്ചായത്തിലെ തടത്തിക്കവലയിലായിരുന്നു ആദ്യ സ്വീകരണം. തലപ്പാവണിയിച്ചും കാർഷിക ഉൽപ്പന്നങ്ങൾ നൽകിയുമായിരുന്നു വരവേൽപ്പ‌്.
തുടർന്ന‌് തൃക്കാരിയൂർ ജങ‌്ഷൻ, തങ്കളം വെസ്റ്റ് വടക്കേമാലി കോളനി, കമ്പനിപ്പടി, ഇരുമലപ്പടി കിഴക്കേ കവല, കുറ്റിലഞ്ഞി, ഉരംകുഴി, ഇരമല്ലൂർ, മുന്നൂറ്റിപ്പതിനാല്, ഇളമ്പ്ര മറ്റത്തിപ്പീടിക, മാവുംചോട്, നങ്ങേലിപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിന‌് ശേഷം നെല്ലിക്കുഴി കവലയിൽ വൻജനാവലിയുടെ സ്വീകരണത്തോടെ മണ്ഡലത്തിലെ ആദ്യഘട്ട പൊതുപര്യടനത്തിന‌് സമാപനമായി. ഏപ്രിൽ അഞ്ചിന‌് രണ്ടാംഘട്ടവും 11ന‌് മൂന്നാംഘട്ട പര്യടനവും നടക്കും.
യുഡിഎഫ് മലയോര മേഖലയ‌്ക്ക‌് പാര: മന്ത്രി എം എം മണി
കോതമംഗലം
യുഡിഎഫുകാർ മലയോര മേഖലയ‌്ക്ക‌് പാരവച്ചവരാണെന്ന‌് മന്ത്രി എം എം മണി. കസ‌്തൂരി രംഗൻ റിപ്പോർട്ട‌് നടപ്പാക്കിയും ലക്ഷക്കണക്കിനാളുകൾക്ക‌് പട്ടയം നൽകാതെയും വഞ്ചിച്ചവരാണ‌് യുഡിഎഫുകാരെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി അഡ്വ. ജോയ‌്സ‌് ജോർജിന്റെ തെരഞ്ഞെടുപ്പ‌് പൊതുപര്യടനം കോട്ടപ്പടി തൈക്കാവുംപടിയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
.jpg)
മലയോര മേഖലയ‌്ക്ക‌് തിരിച്ചടിയായി മാറിയ കസ‌്തൂരി രംഗൻ റിപ്പോർട്ടിനെതിരെ പാർലമെന്റിൽ പോരാടിയ എംപിയാണ‌് ജോയ‌്സ‌് ജോർജ‌്. ആയിരങ്ങൾക്ക‌് പട്ടയം ലഭ്യമാക്കാനും സ്വന്തം ഭൂമിയിൽ കിടന്നുറങ്ങാനും അവസരമൊരുക്കിയത‌് എൽഡിഎഫ‌് സർക്കാരാണ‌്. കോൺഗ്രസിന്റെ പ്രമുഖർ മണ്ഡലത്തിൽനിന്ന‌് ജയിച്ചിട്ടും പിന്നീട‌് തിരിഞ്ഞുനോക്കിയില്ല. അവർ മലയോര ജനതയോട‌് നീതി കാണിച്ചില്ല. കേരളം കെടുതികളെ നേരിട്ടപ്പോൾ തിരിഞ്ഞുനോക്കാത്ത യുഡിഎഫുകാരാണ‌് ഇപ്പോൾ വോട്ട‌് തേടിയെത്തുന്നത‌്. ആർഎസ‌്എസിനെയും വർഗീയ ഫാസിസത്തേയും ഒരുപോലെ എതിർക്കുന്നത‌് എൽഡിഎഫാണ‌്. കോൺഗ്രസ‌് മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചതോടെ രാജ്യം വലിയ ഭീഷണി നേരിടുകയാണ‌്. അധികാരത്തിലെത്തിയാൽ അയോധ്യയിൽ ക്ഷേത്രം പണിയുമെന്ന കോൺഗ്രസ‌് പ്രഖ്യാപനം മതനിരപേക്ഷതയ‌്ക്ക‌് എതിരാണെന്നും മന്ത്രി എം എം മണി പറഞ്ഞു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ആന്റണി ജോൺ എംഎൽഎ, ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, ആർ അനിൽകുമാർ, ഇ കെ ശിവൻ എന്നിവർ സംസാരിച്ചു.
നാണ്യവിളകൾ, കൈതച്ചക്ക, ചക്കപ്പഴം, കണികാ പരീക്ഷണം
ഇടുക്കിയുടെ ശബ്ദം പാർലമെന്റിൽ
കെ ടി രാജീവ‌്
ഇടുക്കി
എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുവികാരവും നാടിന്റെ പ്രധാന ആവശ്യവും അറിഞ്ഞ‌് പ്രവർത്തിക്കുന്നയാളാണ‌് യഥാർഥ ജനപ്രതിനിധി. പിന്നിട്ട കാലയളവിൽ ഇടുക്കിയുടെ ഓരോ പ്രശ‌്നവും പാർലമെന്റിൽ പ്രതിഫലിപ്പിക്കാനായെന്ന ചാരിതാർഥ്യത്തിലാണ‌് ജോയ‌്സ‌് ജോർജ‌് വീണ്ടും ജനവിധി തേടുന്നത‌്. ഇടുക്കി പാർലമെന്റ‌് മണ്ഡലത്തിലെ വൈവിധ്യമനുസരിച്ച‌് ഹൈറേഞ്ചെന്നും ലോ റേഞ്ചെന്നും വ്യത്യാസമില്ലാതെ എല്ലാവരെയും സമഭാവനയോടെ കണ്ട‌് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായെന്ന പ്രത്യേകതയും ജോയ‌്സ‌് ജോർജിനുണ്ട‌്. വികസന പ്രവർത്തനങ്ങൾ എതെങ്കിലും മേഖലയിൽ ഒതുക്കി നിർത്താതെ എല്ലാ വിഭാഗങ്ങൾക്കും കിട്ടത്തക്ക വിധം പാർലമെന്റിൽ പോരാടി നടപ്പാക്കാനായി.
നാണ്യവിള കർഷകരുടെയും സാധാരണ കർഷകരുടെയും പ്രശ‌്നങ്ങൾ മാത്രമല്ല പൊതുവിഷയങ്ങളിലും എംപിയെന്ന നിലയിൽ ജോയ‌്സ‌് ജോർജ‌് ഇടപെട്ട‌് ജനാഭിമുഖ്യം വ്യക്തമാക്കി. കുരുമുളക‌് ഇറക്കുമതി നിരോധിക്കുക, റബറും ഏലവും കാർഷിക ഉൽപന്നമായി പരിഗണിക്കുക, ചക്കപ്പഴത്തിന്റെ അനന്ത സാധ്യത ഉപയോഗപ്പെടുത്തുക, വാഴക്കുളത്ത‌് പൈനാപ്പിൾ പാർക്ക‌് ആരംഭിക്കുക തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട‌്, ദളിത‌് ആക്രമണങ്ങൾക്കെതിരെ ഇടപെടൽ, ന്യൂട്രിനോ കണികാ പരീക്ഷണം അവസാനിപ്പിക്കുക, ആശാ ജീവനക്കരുടെ ശമ്പളം വർധിപ്പിക്കുക തുടങ്ങി സംസ്ഥാനത്തിന്റെതന്നെ പൊതു ആവശ്യങ്ങൾക്കായി പാർലമെന്റിലും പുറത്തും ജോയ‌്സ‌് പോരാടിയത‌് ചരിത്രമാണ‌്. ഇത്തരം നീക്കങ്ങൾ ഇതിനുമുമ്പ‌് ഒരു യുഡിഎഫ‌് ജനപ്രതിനിധികളും നടത്തിയിട്ടില്ലെന്നതും ജനം അറിയുന്നു.
റബറിനും ഏലത്തിനും കാർഷിക ഉൽപന്നമെന്ന പരിഗണന കിട്ടാത്ത സാഹചര്യത്തിലാണ‌് എംപി വിഷയം പാർലമെന്റിൽ ഉന്നയിച്ചത‌്. അന്താരാഷ‌്ട്ര കരാറുകളിൽ ഭേദഗതി വരുത്തണമെന്നും എന്നാൽ മാത്രമേ സബ‌്സിഡി ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂവെന്നും പാർലമെന്റ‌് ചട്ടം 193 പ്രകാരമാണ‌് വിഷയം ഉന്നയിച്ചത‌്. കൂടാതെ ചക്കയുടെ വിപണന സാധ്യത കണക്കിലെടുത്ത‌് വിഷയം ചർച്ചയ‌്ക്കായി പാർലമെന്റിൽ കൊണ്ടുവന്നു. കാർഷിക വിളയായി പരിഗണിക്കണമെന്നും മൂല്യവർധിത ഉൽപന്ന കയറ്റുമതിക്ക‌് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിൾ ഉൽപാദന കേന്ദ്രമായ വാഴക്കുളത്ത‌് പൈനാപ്പിൾ പാർക്ക‌് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കുരുമുളകിന്റെ അനിയന്ത്രിതമായ ഇറക്കുമതി കർഷകന്റെ നട്ടെല്ലൊടിക്കുമെന്ന‌് പറഞ്ഞത‌് അക്ഷരാർഥത്തിൽ യാഥാർഥ്യമായി കൊണ്ടിരിക്കുന്നു. വിളവെടുപ്പ‌് സീസണിൽതന്നെ വില കൂപ്പുകുത്തിയത‌് കർഷകർക്ക‌് വലിയ പ്രതിസന്ധിയാണ‌് വരുത്തിവച്ചിരിക്കുന്നത‌്. മുൻ വർഷങ്ങളിൽ കിലോയ‌്ക്ക‌് 700 രൂപയിലധികം ഉണ്ടായിരുന്ന വില ഇപ്പോൾ 230നും താഴെയായി. കുരുമുളക‌് കർഷകർ അഭിമുഖീകരിക്കുന്ന പ്രശ‌്നങ്ങൾ വ്യവസായ വാണിജ്യ മന്ത്രിയുമായി ചർച്ച നടത്തി. ശ്രീലങ്ക, വിയറ്റ‌്നാം രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിയും അയൽരാജ്യങ്ങളിൽനിന്നുള്ള കള്ളക്കടത്തും നികുതിവെട്ടിപ്പുമെല്ലാമാണ‌് കുരുമുളകിന്റെ വിലയിടിയാൻ കാരണമായത‌്.
ജോയ‌്സ‌് ജോർജ‌് ഉന്നയിച്ചിരുന്ന ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിച്ചിരുന്നു. കുരുമുളകിന്റെ കുറഞ്ഞ ഇറക്കുമതി വിലയായ 500 രൂപയിൽ താഴെയുള്ള ഇറക്കുമതി നിരോധിച്ചു. എന്നാൽ, കള്ളക്കടത്തായി എത്തുന്നതിനെതിരെ നടപടിയെടുത്തില്ല. കേന്ദ്ര സർക്കാരിന്റെ മലക്കംമറിച്ചിലും ഉദാസീനതയും ഫലംകാണാത്ത അവസ്ഥയിലായി. തെരഞ്ഞെടുപ്പ‌് മുതലെടുത്ത‌് ഇറക്കുമതി ലോബികളും ലാഭം കൊയ്യുമ്പോൾ കർഷകർ ദുരിതത്തിലാകുന്നു.
കർഷകരെ ബാധിക്കുന്ന പ്രശ‌്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന‌് പരിഹാരം കണ്ടെത്താൻ ആവുന്നത്ര എംപി ശ്രമിച്ചിട്ടുണ്ടെന്നത‌് മണ്ഡലത്തിലുടനീളം സഞ്ചരിച്ചാൽ ബോധ്യമാവും. നാട‌് അഭിമുഖീകരിക്കുന്ന പ്രശ‌്നങ്ങളിലെല്ലാം ഇടപെട്ടു. സാധ്യമായതെല്ലാം പരിഹരിക്കാനായി. അഞ്ചുവർഷവും പാർലമെന്റും ജനങ്ങളും മണ്ഡലവുമായിരുന്നു എംപിയുടെ തട്ടകം. തുടങ്ങിവച്ച കോടികളുടെ വികസന പ്രവർത്തനങ്ങൾ ജനതാൽപര്യമനുസരിച്ച‌് പൂർത്തീകരിക്കാൻ ജോയ‌്സ‌് വീണ്ടും വിജയിക്കേണ്ടതിന്റെ അനിവാര്യതയാണ‌് വോട്ടർമാർ ചർച്ചചെയ്യപ്പെടുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2Wruht0
via IFTTT
No comments:
Post a Comment