തിരുവനന്തപുരം
സ്ഥാനാർഥി നിർണയ ചർച്ച വഴിമുട്ടിയതും ഗ്രൂപ്പുകളുടെ ചരട‌് വലിയുംമൂലം കോൺഗ്രസ‌് പട്ടികയും പ്രതിസന്ധിയിലായി. സിറ്റിംഗ‌് എംപിമാരായ ആന്റോ ആന്റണി(പത്തനംതിട്ട), കെവി തോമസ‌്(എറണാകുളം) എന്നിവരുടെ കാര്യത്തിൽ ഹൈക്കമാണ്ട‌് തീരുമാനം നിർണായകമാകും. കെപിസിസി പ്രസിഡണ്ട‌് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർക്ക‌് മൽസരിക്കാനും ഹൈക്കമാണ്ട‌് പച്ചക്കൊടി കാട്ടണം.
ശനിയാഴ‌്ച പട്ടികയ‌്ക്ക‌് അന്തിമ രൂപമാകുമെന്നും അടുത്ത ആഴ‌്ച അത‌് സ‌്ക്രീനിംഗ‌് കമ്മിറ്റിക്ക‌് കൈമാറുമെന്നുമാണ‌് കെപിസിസി നേതൃത്വം ഏറ്റവും ഒടുവിൽ അവകാശപ്പെട്ടത‌്. സിറ്റിംഗ‌് എംപിമാരുടെ കാര്യത്തിൽ പട്ടിക വേണ്ടെന്ന‌് വ്യാഴാഴ‌്ചയും ഹൈക്കമാണ്ട‌് നിർദേശം നൽകിയിട്ടുണ്ട‌്. പത്തനംതിട്ട ഡിസിസി ആന്റോ ആന്റണിക്കെതിരെ നിലപാട‌് കൂടുതൽ കടുപ്പിച്ചു. കെ വി തോമസിന‌് പകരം പുതുമുഖം വേണമെന്ന ആവശ്യം കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ തന്നെ ഹൈക്കമാണ്ടിന‌് മുമ്പിൽ ഉന്നയിച്ചിട്ടുണ്ട‌്. ഹൈബി ഈഡൻ ഉൾപ്പെടെയുള്ള യുവ നേതാക്കളും നേരത്തേ മുതൽ ഈ ആവശ്യവുമായി കെപിസിസിയെ സമീപിച്ചിരുന്നൂ. എന്നാൽ സ്ഥാനാർത്ഥിത്വം ഹൈക്കമാണ്ട‌് ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ‌് കെ വി തോമസ‌്.
കേരള കോൺഗ്രസിലെ പ്രതിസന്ധി മൂർഛിക്കുന്നതിനിടെ കോട്ടയത്ത‌് ഉമ്മൻചാണ്ടിയെ മൽസരിപ്പിക്കാനാണ‌് ഒരു വിഭാഗം കരുക്കൾ നീക്കുന്നത‌്. ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥിത്വത്തിൽ ഹൈക്കമാണ്ട‌് ഇതുവരെ മനസ്സ‌് തുറന്നിട്ടില്ല. കോട്ടയത്തോ ഇടുക്കിയിലോ സ്ഥാനാർഥിയാകണമെന്ന‌് ഹൈക്കമാണ്ട‌് ആവശ്യപ്പെട്ടതായി പ്രചാരണം ശക്തമാണ‌്. എന്നാൽ ഹൈക്കമാണ്ടോ കെപിസിസി നേതൃത്വമോ ഇതുവരെ ഇക്കാര്യത്തിൽ നിലപാട‌് വ്യക്തമാക്കിയിട്ടില്ല. ഇടുക്കിയിൽ ജോസഫ‌് വാഴക്കന്റെയും ചാലക്കുടിയിൽ യുഡിഎഫ‌് കൺവീനർ ബെന്നി ബഹനാന്റെയും പേരുകൾക്ക‌് മുൻതൂക്കം ലഭിച്ചിട്ടുണ്ട‌്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയാണ‌് പരിഗണിക്കുന്നത‌്. വയനാട്ടിൽ ഷാനിമോൾ ഉസ‌്മാന‌് ലിസ‌്റ്റിൽ മുൻഗണന നൽകിയിട്ടുണ്ടെങ്കിലും സ്ഥാനാർഥിയാകുമോയെന്നതിൽ ഉറപ്പില്ല. മുൻ കെപിസിസി പ്രസിഡണ്ട‌് എം എം ഹസൻ അടക്കം ഒരു ഡസൻ പേരെങ്കിലും വയനാടിന‌് വേണ്ടി ശക്തമായി ചരട‌് വലിക്കുകയാണ‌്. പാലക്കാട‌് ഡിസിസി പ്രസിഡണ്ട‌് വി കെ ശ്രീകണ‌്ഠനും ആലത്തൂരിൽ സുനിൽ ലാലൂരും പട്ടികയിൽ കടന്നുകൂടുമെന്ന‌് ഏതാണ്ട‌് ഉറപ്പായിട്ടുണ്ട‌്.
കെ സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നും വയനാട്ടിലേക്ക‌് മാറാൻ കരുനീക്കം ശക്തമാക്കി. എങ്കിൽ ഷാനിമോളെ ആലപ്പുഴയിലേക്ക‌് മാറ്റി പതിവുപോലെ ‘പെടുത്താനും’ നീക്കമുണ്ട‌്. മുല്ലപ്പള്ളി രാമചന്ദ്രൻ മൽസരത്തിനില്ലെന്നാണ‌് പറയുന്നത‌്. പക്ഷെ വടകരയിൽ ശക്തമായ മൽസരം കാഴ‌്ചവയ‌്ക്കാൻ മുല്ലപ്പള്ളിക്കേ കഴിയൂവെന്ന പ്രചാരണവും ഇളക്കിവിടുന്നുണ്ട‌്. തൃശൂരിൽ വി എം സുധീരനെ രംഗത്തിറക്കാനും നീക്കം സജീവമാണ‌്. സോണിയഗാന്ധി നേരിട്ട‌് വിളിച്ചുപറഞ്ഞാലേ മത്സരിക്കുകയുള്ളൂവെന്നാണ‌് സുധീരന്റെ നിലപാട‌്. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ‌് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ശനിയാഴ‌്ച തിരുവനന്തപുരത്ത‌് കൂടിയാലോചിച്ച‌് പട്ടിക തയ്യാറാക്കുമെന്നാണ‌് കെപിസിസി വൃത്തങ്ങൾ പറയുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2NLuFQh
via IFTTT
No comments:
Post a Comment