കോലഞ്ചേരി
വിദ്യാര്‍ഥികളുടെ സ്നേഹച്ചൂടേറ്റുവാങ്ങി ഇന്നസെന്റിന്റെ യാത്ര. പകൽ രണ്ടരയോടെയാണ് ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ് വിദ്യാര്‍ഥികളുടെ ആരവങ്ങളിലേക്ക് എത്തിയത്. വരിക്കോലി മുത്തൂറ്റ് എൻജിനിയറിങ് കോളേജിലേക്ക് പ്രിയതാരം എത്തുന്ന വിവരമറിഞ്ഞ് വിദ്യാര്‍ഥികള്‍ ആവേശത്തിലായിരുന്നു.
കോളേജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ -കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളാണ് ഇവരിലേറെയും. ഇവരുടെ ആവേശത്തിലേക്ക് ഇന്നസെന്റുമെത്തി. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. സംസാരിക്കാനും സെല്‍ഫി എടുക്കാനും മത്സരിച്ച വിദ്യാര്‍ഥികളെ ആരെയും നിരാശരാക്കിയില്ല. ‘എനിക്ക് വോട്ട് ചെയ്യണം’–- ഇന്നസെന്റ് വോട്ട് അഭ്യര്ഥനയിലേക്ക് കടന്നു. ‘നിങ്ങളുടെ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം വോട്ടുകളും എനിക്കുറപ്പിക്കാന് നിങ്ങള്‍ പരിശ്രമിക്കണം.’–- ചെറുവാക്കുകളിലുള്ള വോട്ട് അഭ്യര്‍ഥന വിദ്യാര്‍ഥികള്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് മലേക്കുരിശ് ബിഎഡ് കോളേജിലെ അധ്യാപകപഠന വിദ്യാര്‍ഥികളെ കാണാനാണ് സ്ഥാനാര്‍ഥി എത്തിയത്. താരത്തെ കണ്ടതോടെ ഓടിയെത്തിയ വിദ്യാര്‍ഥികള്‍ ഹസ്തദാനം ചെയ്യാനും സെല്‍ഫി എടുക്കാനും തിരക്കുകൂട്ടി. പ്രിന്‍സിപ്പല്‍ പ്രൊഫ. പി എ ജേക്കബും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. എല്ലാവരോടും വോട്ട് അഭ്യര്‍ഥിച്ച് തൊട്ടടുത്ത മലേക്കുരിശ് ദയറയിലെത്തി ദയറാധിപന്‍ ഡോ. കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപോലീത്തയെ കണ്ടു. ലാളിത്യവും വികസനകാഴ്ചപ്പാടും കൈമുതലാക്കിയ ഇന്നസെന്റിനെ ഇക്കുറിയും ചാലക്കുടിക്കാര്‍ കൈവിടില്ലെന്ന് മെത്രാപോലീത്ത പറഞ്ഞു.
.jpg)
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ എത്തിയപ്പോള്‍ യൂണിയന് ഭാരവാഹികള്‍ ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. കോളേജ് പരീക്ഷാച്ചൂടിലാണെങ്കിലും ഉശിരന്‍ മുദ്രാവാക്യം വിളികളോടെ ഇന്നസെന്റിനെ രക്തഹാരമണിയിച്ചാണ് ആനയിച്ചത്. പ്രിൻസിപ്പൽ ഡോ. എം എ റെജിയോടും അധ്യാപകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ഥിച്ചശേഷം തൊട്ടടുത്ത കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളേജിലെത്തി. ജീവനക്കാരും രോഗികളുമടക്കം വന്‍ ജനാവലിയാണ് പ്രിയതാരത്തെ കാണാന്‍ ഇവിടെ തടിച്ചുകൂടിയത്. ആശുപത്രി സഹകരണ സംഘം പ്രസിഡന്റ് കെ എസ് അജയ്കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. എല്ലാവരോടും വോട്ട് അഭ്യര്‍ഥിച്ചശേഷം ആശുപത്രി സെക്രട്ടറി ജോയി പി ജേക്കബ്ബിനെയും കണ്ടു. അസുഖബാധിതനായി കടയിരുപ്പ് വീട്ടില്‍ വിശ്രമിക്കുന്ന പ്രമുഖ വ്യവസായി സി വി ജേക്കബ്ബിനെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന തന്റെ പുസ്തകവും സമ്മാനിച്ചു.
ഗ്രീന്‍വാലി കുടിവെള്ള കമ്പനിയിലെ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഓര്‍ത്തഡോക്സ് സഭാ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ കാണാന്‍ പിറമാടം ദയറാ അരമനയിലെത്തി. തുടര്‍ന്ന് യാക്കോബായ സഭയുടെ കണ്ടനാട് ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ ഈവാനിയോസിനെ കടയ്ക്കനാട് അരമനയിൽ സന്ദര്‍ശിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി ബി ദേവദര്‍ശന്‍, ജോര്‍ജ് ഇടപ്പരത്തി, കെ വി ഏലിയാസ്, സി കെ വര്‍ഗീസ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
സ്വപ്നപദ്ധതികൾക്ക് തുരങ്കംവച്ചത് കേന്ദ്രസർക്കാർ
മഞ്ജു കുട്ടികൃഷ്ണൻ
കൊച്ചി
സംസ്ഥാനത്തിന്റെയും പ്രത്യേകിച്ച് ചാലക്കുടി മണ്ഡലത്തിന്റെയും സ്വപ്നമായ ടൂറിസം സർക്യൂട്ടുകൾക്ക് അവസാനനിമിഷം അനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടി തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ പ്രധാന ചർച്ചാവിഷയമാകുന്നു. ഇന്നസെന്റ് എംപിയായിരിക്കെ മുൻകൈയെടുത്ത് സമർപ്പിച്ച പദ്ധതിരേഖയ്ക്കും തുടർന്ന് സംസ്ഥാന സർക്കാർവഴി സമർപ്പിച്ച വിശദറിപ്പോർട്ടിനും അനുമതി കൊടുക്കാതെ മറ്റു രണ്ടു പദ്ധതികൾ തിരുകിക്കയറ്റി. ഇത് മലയാളിയായ അൽഫോൺസ് കണ്ണന്താനം മന്ത്രിയായിരിക്കെയാണെന്നതാണ് ശ്രദ്ധേയം.
സ്വദേശി ദർശൻ പദ്ധതിപ്രകാരം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ ടൂറിസം സഹായത്തിനായി മുന്നോട്ടുവച്ചത് ഒമ്പതു പ്രധാന പദ്ധതികളാണ്. ഇതിൽ ആദ്യപദ്ധതിയായി ഉൾപ്പെടുത്തിയത് അതിരപ്പിള്ളി കോടനാട് ടൂറിസം സർക്യൂട്ടാണ്. രണ്ടാമത്തേത് കാലടി–- മലയാറ്റൂർ പിൽഗ്രിം ടൂറിസം സർക്യൂട്ടും. ശ്രീനാരായണഗുരു പിൽഗ്രിം സർക്യൂട്ട്, പന്തിരുകുലം പദ്ധതി, കണ്ണൂർ പിൽഗ്രിം സർക്യൂട്ട്, നാലമ്പലം സർക്യൂട്ട്, കേരളത്തിലെ വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച പദ്ധതികൾ, മലനാട്–- മലബാർ ക്രൂയിസ് ടൂറിസം സർക്യൂട്ട് എന്നിവയായിരുന്നു മറ്റു പദ്ധതികൾ.
അതിരപ്പിള്ളിയിൽനിന്ന് ആരംഭിച്ച് തുമ്പൂർമൂഴി, ഏഴാറ്റുമുഖം, മലയാറ്റൂർ, കാലടി, കാഞ്ഞൂർ, തിരുവൈരാണിക്കുളം, നാഗഞ്ചേരി മന, ഇരിങ്ങോൾ, കല്ലിൽ ക്ഷേത്രം എന്നിവിടങ്ങളിലൂടെ കോടനാട് അവസാനിക്കുന്നതും വിനോദസഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങൾ നൽകുന്നതുമായ പദ്ധതിയാണ് അതിരപ്പിള്ളി–- കോടനാട് ടൂറിസം സർക്യൂട്ടിൽ വിഭാവനം ചെയ്തത്. 58 കിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ട് താണ്ടാൻ രണ്ടുമണിക്കൂർ വേണം. സർക്യൂട്ടിൽ ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിൽ സൈക്ലിങ്, വഴിയോര വിശ്രമ കേന്ദ്രങ്ങൾ, പാർക്കിങ് സൗകര്യം, താമസസൗകര്യം എന്നിവ ഒരുക്കാനും ലക്ഷ്യമിട്ടിരുന്നു. തദ്ദേശീയർക്കുപുറമെ വിദേശസഞ്ചാരികളെയും ആകർഷിക്കാനാകുന്ന, ‘അതിരപ്പിള്ളി–- നേച്ചർ ബേസ് സർക്യൂട്ട്’ എന്ന് പേരിട്ട പദ്ധതിക്കായി 39.72 കോടി രൂപയാണ് അടങ്കൽ പ്രതീക്ഷിച്ചിരുന്നത്.
ആദിശങ്കരന്റെ ജന്മസ്ഥലവും കാലടി ശങ്കരസ്തൂപവും ആശ്രമവും മലയാറ്റൂർ കുരിശുമുടി പള്ളിയുമെല്ലാം ഉൾപ്പെടുന്നതായിരുന്നു കാലടി–- മലയാറ്റൂർ തീർഥാടന വിനോദസഞ്ചാര പദ്ധതി. അടങ്കൽ 59.21 കോടി രൂപ. തൃശൂർ–-- എറണാകുളം ജില്ലകളിലായി കിടക്കുന്ന തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയെ ഉൾപ്പെടുത്തിയുള്ള നാലമ്പലം ടൂറിസം സർക്യൂട്ടിന് നൂറുകോടി രൂപയാണ് അടങ്കൽ നിശ്ചയിച്ചത്. കേന്ദ്രസർക്കാരിന്റെതന്നെ ‘പ്രസാദ്’ സ്കീമിൽ മലയാറ്റൂർ സെന്റ് തോമസ് ഇന്റർ നാഷണൽ ഷ്രൈൻ (5 കോടി), കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ് (25 കോടി) എന്നീ പദ്ധതികളാണ് ഉൾപ്പെടുത്തിയിരുന്നത്.
ഈ പദ്ധതികളുടെ രേഖ 2015ൽത്തന്നെ അന്നത്തെ കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശർമയ്ക്ക് ഇന്നസെന്റ് എംപി സമർപ്പിച്ചിരുന്നു. കേന്ദ്രസഹായം വേണ്ട പദ്ധതിയായതിനാൽ സംസ്ഥാന സർക്കാർവഴിയാണ് പദ്ധതിയുടെ വിശദറിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. 2017 മാർച്ചിൽ വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ പ്രധാന പദ്ധതിയായി സമർപ്പിക്കുകയും ചെയ്തു. പിന്നീട് അൽഫോൺസ് കണ്ണന്താനം ടൂറിസംമന്ത്രിയായി വന്നതോടെ കേരളത്തിന്റെ പ്രതീക്ഷകൾ ഇരട്ടിച്ചു. പാർലമെന്റ് സമ്മേളനത്തിനിടെ ഡൽഹിയിൽ മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ നേരിട്ടുകണ്ട് ഇന്നസെന്റ് ഈ അഞ്ചു പദ്ധതികളുടെ കാര്യം അവതരിപ്പിച്ചു. വിശദപദ്ധതി റിപ്പോർട്ട് സഹിതം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി നൽകിയ പദ്ധതികൾക്ക് കാലതാമസമില്ലാതെ അനുമതി നൽകണമെന്ന് ഇന്നസെന്റ് അഭ്യർഥിച്ചു. കാര്യമായി പരിഗണിക്കുമെന്ന് അന്ന് മന്ത്രി ഉറപ്പും നൽകി. ഈ ഉറപ്പും കേരളത്തിനുള്ള ടൂറിസം സഹായത്തിൽ മലയാളിയായ മന്ത്രി കൂടുതൽ താൽപ്പര്യം കാണിക്കുമെന്ന സംസ്ഥാനത്തിന്റെ പ്രതീക്ഷകളും അസ്ഥാനത്തായെന്ന് പ്രഖ്യാപനം വന്നപ്പോൾ വ്യക്തമായി. അതേസമയം, പദ്ധതി ലിസ്റ്റിലില്ലാതിരുന്ന പത്മനാഭസ്വാമി ക്ഷേത്രം നവീകരണത്തിന് അനുമതി ലഭിക്കുകയും ചെയ്തു.
ഇന്നസെന്റ് വെള്ളാപ്പള്ളിയെ കണ്ടു
ആലപ്പുഴ
ചാലക്കുടി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വസതിയിൽ ഇന്നസെന്റിനെ വെള്ളാപ്പള്ളിയും ഭാര്യയും ചേർന്ന് സ്വീകരിച്ചു. വെള്ളാപ്പള്ളിക്കും കുടുംബത്തിനുമൊപ്പം അൽപ്പസമയം ചെലവഴിച്ചാണ് ഇന്നസെന്റ് മടങ്ങിയത്. രോഗത്തിൽനിന്ന് ഇന്നസെന്റ് അതിവേഗം മോചിതനാകണമെന്ന് ആഗ്രഹിച്ച ഒരുപാടുപേരിൽ ഒരാളാണ് താൻ. അദ്ദേഹത്തിന് രണ്ടാമതൊരു അങ്കം കുറിക്കാനുള്ള ആരോഗ്യവും മനസുമുണ്ടായത് അത്ഭുതമാണെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നസെന്റിനെ വീണ്ടും പാർലമെന്റിൽ എത്തിക്കണം: അന്നമനട പരമേശ്വരമാരാര്‍
തൃശൂർ
തിരക്കുപിടിച്ച കലാജീവിതത്തിനിടെ, പൊതുസമൂഹത്തിൽ നിറഞ്ഞുനിന്ന് ജനമനസ്സുകളിൽ ഇടംപിടിച്ച ഇന്നസെന്റ് ഇക്കുറിയും ചാലക്കുടിയുടെ പ്രതിനിധിയായി പാർലമെന്റിൽ എത്തണമെന്ന് വാദ്യകലാകാരൻ അന്നമനട പരമേശ്വരമാരാർ. പലപ്പോഴും ഇന്നസെന്റുമായി സംവദിച്ചിട്ടുണ്ടെങ്കിലും അടുത്തിടപഴകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം സംസാരിച്ചു. അപ്പോഴെല്ലാം നർമം ചാലിച്ച നല്ല വാക്കുകളാണ് അദ്ദേഹത്തിൽനിന്ന് കേട്ടത്. കപടതയുടെ മുഖംമൂടിയില്ലാതെ, ജനങ്ങൾക്കൊപ്പംനിന്നുള്ള ഇടപെടൽതന്നെയാണ് ഇന്നസെന്റിനെ വേറിട്ടതാക്കുന്നത്. നേരിന്റെ പക്ഷത്തുനിൽക്കുന്ന കലാകാരന്മാർക്ക് ഒരിക്കലും കാപട്യമുണ്ടാകില്ല. അഴിമതിയോ സ്വജനപക്ഷപാതമോ ഇല്ലാതെ കാര്യങ്ങൾ ശരിയായി ചെയ്യാനാകും. ലോക്സഭയിലേക്ക് ജനം അദ്ദേഹത്തെ തെരഞ്ഞെടുത്തത് ഈ നന്മകൊണ്ടാണ്. ജനങ്ങൾക്കിടയിൽനിന്ന് ലഭിച്ച ഊർജത്തിലാണ്, അസുഖം ബാധിച്ചപ്പോഴും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായത്. ഇന്നസെന്റിന് എല്ലാ വിജയാശംസകളും നേരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Js2De2
via IFTTT
No comments:
Post a Comment