തിരുവനന്തപുരം
കായികമേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് ഫുട്ബോൾ താരം ഐ എം വിജയൻ. കായികമേഖലയിൽ വലിയ അനുഭവസമ്പാദ്യമുള്ള പരിശീലകരും മികച്ച സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇത് കായികമേഖലയിൽ പുത്തൻ ഉണർവിന് സഹായിക്കും. പുതിയ തലമുറയെയാണ് ഏറ്റവുമധികം അസുഖങ്ങൾ ബാധിക്കുന്നത്. ഇതിനെ മറികടക്കാൻ കായികവിനോദത്തിന് കഴിയും. അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേട്ടമില്ലാതെ പോകുന്നതിന്റെ കാരണങ്ങളിലൊന്ന് കായികതാരങ്ങളുടെ ആരോഗ്യമാണ്. ഇതിന് പരിഹാരം കായിക സംസ്കാരമാണെന്ന് ഐ എം വിജയൻ പറഞ്ഞു. യങ് സ്കോളേഴ്സ് കോൺഗ്രസിന്റെ ജനകീയ കായിക സംസ്കാരമെന്ന സെഷൻ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പുതിയ കായികസംസ്കാരം വളർത്തിയെടുക്കാൻ സമഗ്രപദ്ധതികൾ തയ്യാറാക്കണമെന്ന് യങ് സ്കോളേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനായി കായികമേഖലയെക്കുറിച്ചും കായിക ക്ഷമതയെപ്പറ്റിയും കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വളർത്തണം. കേരളത്തിൽ സ്കൂളുകൾക്ക് പ്രവർത്തന അനുമതിയുടെ മാനദണ്ഡത്തിൽ കളിസ്ഥലവും ഉൾപ്പെടുത്തണം. നാടിന്റെ പരമ്പരാഗതമായ കായികസംസ്കാരം ഇപ്പോൾ നിർജീവമാണ്. വിദ്യാർഥികളുടെ ഇടയിലെ കുറഞ്ഞ കായിക ക്ഷമതയും പൊതുജനങ്ങൾക്കിടയിൽ ആവശ്യമായതിലും കുറഞ്ഞ കായിക പ്രവർത്തനവുമാണുള്ളത്. കായിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെ പോരായ്മയാണിത്. ഈ പോരായ്മകൾ പരിഹരിക്കാനായി നവകായിക സംസ്കാരമെന്ന ലക്ഷ്യം മുൻനിർത്തി നയരൂപീകരണം ആവശ്യമാണ്.
ഗ്രാമപ്രദേശങ്ങളിൽ അന്യംനിന്ന് പോയ പ്രാദേശിക വിനോദങ്ങൾ പുനർജീവിപ്പിക്കണം. ഇതിലൂടെ ജനകീയ കായിക വിനോദങ്ങൾക്ക് മികച്ച അടിത്തറ സൃഷ്ടിക്കാൻ കഴിയും. ശാസ്ത്രീയമായ കായികരീതി പരമാവധി ജനകീയമാക്കുന്ന രീതിയെ മുൻനിർത്തിയാണ് പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. സാമൂഹ്യവിഷയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്താൻ കായികമേഖലയിലൂടെ കഴിയും. സ്ത്രീശാക്തീകരണവും ലിംഗസമത്വവും മുൻഗണന നൽകുന്ന കായികമേഖല ഒരുക്കാൻ കഴിയണം. ഇതിന് വലിയ സാധ്യതകളാണുള്ളത്. ഇതിലൂടെ സാമൂഹ്യമുന്നേറ്റവും സാധ്യമാവും. ഇതെല്ലാം പരിഗണിച്ചാണ് ജനകീയ സ്വഭാവമുള്ള കായികസംസ്കാരം നിർമിക്കേണ്ടത്. കായിക മേഖലയിലെ വിദഗ്ധരടക്കമുള്ള 400ഒാളം പേർ പങ്കെടുത്ത സെഷനിൽ 31 പേപ്പർ അവതരിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം എം ആർ രഞ്ജിത്ത് സെഷൻ കൺവീനറും ഡോ. ജി കിഷോർ പാനൽ ചെയർമാനുമായി. വിക്ടർ മഞ്ഞില, ഡോ. കെ പി മനോജ്, ഡോ. പി ടി ജോസഫ്, ചാക്കോ ജോസഫ്, ഡോ. ജയരാജ് ഡേവിഡ് എന്നിവരായിരുന്നു പാനൽ അംഗങ്ങൾ.
from Kerala || Deshabhimani Online News https://ift.tt/2Jj6N7Z
via IFTTT
No comments:
Post a Comment