അണിയറയിൽ അരങ്ങേറിയ ഗ്രൂപ്പ‌് യുദ്ധത്തിനൊടുവിൽ ഒരുവിധത്തിൽ സ്ഥാനാർഥികളെ തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകൾ സീറ്റ‌് പങ്കിട്ടതിനെതിരെ കോൺഗ്രസിൽ കടുത്ത അമർഷം. കോൺഗ്രസിന‌് കിട്ടിയ 12 സീറ്റിൽ ആറുവീതം എ, ഐ ഗ്രൂപ്പുകൾ പങ്കിട്ടു. ബാക്കിയുള്ള നാലെണ്ണം കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളോട‌് കൂറുപുലർത്തുന്നവർക്കും നൽകി.
കോൺഗ്രസിലെ ഗ്രൂപ്പ‌് സമവാക്യം മാറ്റിമറിക്കുന്നതാണ‌് ഇപ്പോൾ പുറത്തുവന്ന പട്ടിക. തെരഞ്ഞെടുപ്പ‌് കഴിയുന്നതുവരെ ഗ്രൂപ്പ‌് ഏറ്റുമുട്ടൽ അടങ്ങുമെങ്കിലും അതിനുശേഷം പരസ്യയുദ്ധമാണ‌് കോൺഗ്രസിനെ കാത്തിരിക്കുന്നത‌്.
സീറ്റ‌് മോഹിച്ചവരുടെ അമർഷം ആളിക്കത്തും
സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരും അല്ലാത്തവരുമായ നിരവധിപേർ സീറ്റ‌് മോഹിച്ച‌് ഡൽഹിയിലും മറ്റും തമ്പടിച്ച‌് ശ്രമിച്ചെങ്കിലും അന്തിമപരിഗണന ഗ്രൂപ്പ‌് അടിസ്ഥാനത്തിലായതിനാൽ അവരെല്ലാം മടങ്ങി. ഇവരുടെ അമർഷം വരുംനാളുകളിൽ ആളിക്കത്തും. മുൻ എംപിമാരായ പി ജെ കുര്യൻ, പി സി ചാക്കോ, കെ പി ധനപാലൻ, എ പി അബ്ദുള്ളക്കുട്ടി, സീറ്റിനുവേണ്ടി പിടിമുറുക്കിയ ആലപ്പുഴ, മലപ്പുറം ഡിസിസി പ്രസിഡന്റുമാർ, വനിതാ നേതാക്കളായ കെ സി റോസക്കുട്ടി, ലതിക സുഭാഷ‌് എന്നിവരെല്ലാം നേതൃത്വത്തിനെതിരെ അന്തിമപ്പോരാട്ടത്തിന‌് തയ്യാറെടുക്കുന്നതായാണ‌് വിവരം. ഐ ഗ്രൂപ്പിന‌് കിട്ടിയ ആറു സീറ്റിൽ അടൂർ പ്രകാശ‌് (ആറ്റിങ്ങൽ), ഷാനിമോൾ ഉസ‌്മാൻ(ആലപ്പുഴ), ഹൈബി ഈഡൻ (എറണാകുളം), വി കെ ശ്രീകണ‌്ഠൻ (പാലക്കാട‌്), കെ മുരളീധരൻ (വടകര), കെ സുധാകരൻ(കണ്ണൂർ) എന്നിവരാണ‌് സ്ഥാനാർഥികളായത‌്. എ ഗ്രൂപ്പിന്റെ സീറ്റ‌് ആന്റോ ആന്റണി(പത്തനംതിട്ട), ഡീൻ കുര്യാക്കോസ‌്(ഇടുക്കി), ബെന്നി ബെഹനാൻ(ചാലകുടി), ടി സിദ്ദിഖ‌്(വയനാട‌്), എം കെ രാഘവൻ(കോഴിക്കോട‌്), രമ്യാ ഹരിദാസ‌് (ആലത്തൂർ) എന്നിവർക്കാണ‌് കിട്ടിയത‌്.
മുരളീധരനെ ഇറക്കിയത‌് ഉമ്മൻചാണ്ടിയുടെ തന്ത്രം
നേതാക്കളോടുള്ള കൂറിന്റെ പേരിൽ ടി എൻ പ്രതാപൻ, രാജ‌്മോഹൻ ഉണ്ണിത്താൻ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉറ്റ അനുയായിയാണ‌് രാജ‌്മോഹൻ ഉണ്ണിത്താൻ. ടി എൻ പ്രതാപന‌് വി എം സുധീരനോട‌് മാത്രമാണ‌് കൂറ‌്. നേരത്തേ എ ഗ്രൂപ്പിലായിരുന്ന കൊടിക്കുന്നിൽ സുരേഷിന‌് ആന്റണി രക്ഷകനായി. കേരളത്തിലെ കോൺഗ്രസിന്റെ പിന്തുണയില്ലാത്ത ശശി തരൂരിനെ രാഹുൽ ഗാന്ധി തുണച്ചു. സിറ്റിങ‌് എംപിമാരിൽ കെ വി തോമസിനെമാത്രം വെട്ടിമാറ്റിയത‌് ആന്റണി ചോദ്യം ചെയ‌്തെങ്കിലും രാഹുൽ ഗാന്ധി നീരസം പ്രകടിപ്പിച്ചതോടെ സാധ്യത അടഞ്ഞു. വയനാട‌് ഉമ്മൻചാണ്ടി പിടിച്ചടക്കി.
വടകരയിലും ഐ ഗ്രൂപ്പുകാരനായ കെ മുരളീധരനെ കളത്തിലിറക്കിയത‌് ഉമ്മൻചാണ്ടിയുടെ തന്ത്രമാണ‌്. മലബാറിൽ ഐ ഗ്രൂപ്പിന‌് ഇതുവഴി പ്രാമുഖ്യം കിട്ടുമെന്നാണ‌് ചെന്നിത്തലയുടെ വാദം. വടകരയിലെ ജനവിധി എന്തായാലും ചെന്നിത്തലയ‌്ക്ക‌് കടുത്ത ഭീഷണിയായി കെ മുരളീധരനെ ഉമ്മൻചാണ്ടി രംഗത്തിറക്കും. മുല്ലപ്പള്ളിയും കെ സി വേണുഗോപാലും സുധീരനും അടക്കം തലമുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന‌് കടുത്ത നിലപാട‌് സ്വീകരിച്ചപ്പോൾ കെ മുരളീധരൻ സന്നദ്ധനായത‌് ഈ സാധ്യതകൂടി കണക്കിലെടുത്താണ‌്.
കെ മുരളീധരൻ വയനാട‌് സീറ്റിന‌് അപേക്ഷിച്ചപ്പോൾ എംഎൽഎ എന്ന കാരണം പറഞ്ഞാണ‌് അതു തള്ളിയത‌്. കടുത്ത സമ്മർദം ചെലുത്തിയിട്ടും മുല്ലപ്പള്ളി വഴങ്ങാതെ വന്നപ്പോഴാണ‌് വയനാടിനായി മുരളി നൽകിയ അപേക്ഷ പൊടിതട്ടിയെടുത്തത‌്. ഇത‌് മറച്ചുവച്ചാണ‌് കെ മുരളീധരന‌് താരപരിവേഷം നൽകാൻ ഒരുവിഭാഗം മാധ്യമങ്ങളും പാഴ‌്‌വേല നടത്തുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2Jqja1X
via IFTTT
No comments:
Post a Comment