കൊച്ചി
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് വിജയത്തിനായി രംഗത്തിറങ്ങണമെന്ന‌് വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ അഭ്യർഥിച്ചു. എൽഡിഎഫ‌് സർക്കാരാണ‌് വിദേശമദ്യ വ്യവസായ തൊഴിലാളികൾക്ക‌് ശമ്പളപരിഷ‌്കരണം നടപ്പാക്കിയത‌്. 418 ബാറുകൾ പൂട്ടിയപ്പോഴുണ്ടായ തിരക്കും അധ്വാനവും കണക്കിലെടുത്ത‌് ജീവനക്കാർക്ക‌് 100 രൂപ അധിക അലവൻസ‌് അനുവദിച്ചു. സ‌്റ്റാഫ‌് പാറ്റേൺ നടപ്പാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലായി. ദീർഘകാല ആവശ്യമായിരുന്ന തിരുവോണത്തിന‌് അവധി അനുവദിച്ചു.
ലേബലിങ‌് തൊഴിലാളികൾക്ക‌് മിനിമം 350 രൂപ ഉറപ്പാക്കി കെസിബിസിയിൽ സ്ഥിരപ്പെടുത്തി. ക്ലാസ‌് ഫോർ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥ ലേബലിങ‌് തൊഴിലാളികൾക്ക‌് നടപ്പാക്കാൻ തത്വത്തിൽ തീരുമാനിച്ചു. ബാർ ഹോട്ടൽ തൊഴിലാളികൾക്ക‌് പുനരധിവാസ പാക്കേജ‌് അംഗീകരിച്ചു. പുതിയ തൊഴിൽസംസ‌്കാരം സൃഷ്ടിച്ചും സമാധാനപരമായ തൊഴിലന്തരീക്ഷം സ്ഥാപിച്ചും കേന്ദ്രനയങ്ങൾക്ക‌് ബദൽ നടപ്പാക്കി ജനങ്ങളുടെ സ്വീകാര്യത നേടിയും മുന്നോട്ടുപോകുന്ന എൽഡിഎഫിനൊപ്പം തൊഴിലാളികൾ ഉറച്ചുനിൽക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് ഉദ‌്ഘാടനം ചെയ‌്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് എം എം വർഗീസ‌് അധ്യക്ഷനായി. ജനറൽ സെക്രട്ടറി സി കെ മണിശങ്കർ റിപ്പോർട്ട‌് അവതരിപ്പിച്ചു. കെ വി രാമചന്ദ്രൻ സ്വാഗതവും എം ജി അജയൻ നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Ug7G20
via IFTTT
No comments:
Post a Comment