സ്വന്തം ലേഖകൻ
തെരഞ്ഞെടുപ്പിൽ ജയിക്കുന്ന കോൺഗ്രസുകാർ എവിടെ നിൽക്കുമെന്ന‌് ആർക്കും ഉറപ്പിക്കാനാകില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ വക്താവുതന്നെ മറുഭാഗത്തേയ‌്ക്കുപോയി. നേതാക്കൾ ഒന്നൊന്നായി തങ്ങൾക്ക‌് ഇഷ്ടമുള്ളിടത്തേക്ക‌് പോകുന്നു.ഗുജറാത്തിൽ കോൺഗ്രസ‌് ടിക്കറ്റിൽ ജയിച്ച അഞ്ചോളം പേർ ഇപ്പോൾ ബിജെപിയിലാണ‌്. ഇ എം എസ‌്–-എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഇ എം എസ‌് അക്കാദമിയിൽ ചേർന്ന അനുസ‌്മരണ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പണമിട്ട‌് മൂടിയാലും ഇടതുപക്ഷ പ്രതിനിധികളെ ആർക്കും മാറ്റാൻ കഴിയില്ലെന്നതാണ‌്, അവർക്കുള്ള ജനകീയ വിശ്വാസത്തിന്റെ അടിത്തറ. മതനിരപേക്ഷതയ‌്ക്കും ജനാധിപത്യത്തിനുമായി അവർ ഉറച്ചുനിൽക്കും. വർഗശക്തികൾക്കെതിരെ അവസാനശ്വാസംവരെ പോരാടും. ജനപ്രതിനിധി കാലുമാറുന്നില്ലെന്ന‌് ഉറപ്പാക്കാനുള്ള ജാഗ്രത ജനങ്ങൾക്കുണ്ടാകണം.
ബിജെപി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന കൊടും ദുരിതങ്ങൾ കാണാൻ കോൺഗ്രസിനു കഴിയുന്നില്ല. പശുവിന്റെ പേരിലുള്ള അക്രമങ്ങളിൽ ബിജെപിയ‌്ക്കും കോൺഗ്രസിനും ഒരേ നിലപാടാണ‌്. ഗോവധം ആരോപിച്ചുള്ള കൊലപാതകങ്ങളെ കോൺഗ്രസും അനുകൂലിക്കുന്നു.
രാമക്ഷേത്രത്തിന്റെ പേരിൽ കലാപ ശ്രമമാണ‌് ബിജെപിയെ മുന്നിൽനിർത്തി ആർഎസ‌്എസ‌് നടത്തുന്നത‌്.ഈസമയത്താണ‌് അധികാരത്തിലെത്തിയാൽ രാമക്ഷേത്രം നിർമിക്കുമെന്ന‌് കോൺഗ്രസ‌് വക്താവ‌് പ്രഖ്യാപിക്കുന്നത‌്. ഇത‌് ആരെ സഹായിക്കാനാണെന്ന‌് വ്യക്തം. ബിജെപിയുടെ വർഗീയപ്രീണനത്തെ അതേപടി സഹായിക്കുകയാണ‌് കോൺഗ്രസ‌്.
രണ്ടാം യുപിഎ സർക്കാർ പൂർണമായും ജനദ്രോഹപരമായതിന്റെ ഭാഗമായാണ‌് രാജ്യത്തെതന്നെ അപകടസന്ധിയിലേക്ക‌് തള്ളിയ വർഗീയശക്തികളുടെ അധികാരാരോഹണം വീണ്ടുമുണ്ടായത‌്. ഇതെല്ലാം മറന്നാണ‌് കോൺഗ്രസ‌് വീണ്ടും വർഗീയപ്രീണന കാർഡുമായി തെരഞ്ഞെടുപ്പിനെത്തുന്നത‌്. ഇങ്ങനെ ജയിക്കുന്നവരിൽ എത്രപേർ ബിജെപിയുടെ ഭാഗമാകുമെന്നതാണ‌് ഇനി കണ്ടറിയേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2ThQxUk
via IFTTT
No comments:
Post a Comment