കുമാരമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ച പ്രതി അരുൺ ആനന്ദിനെ നാട്ടുകാരുടെ പ്രതിഷേധത്തിൽനിന്നും കൈയേറ്റശ്രമത്തിൽനിന്നും പൊലീസ‌് രക്ഷിച്ചത‌് ഏറെ പണിപ്പെട്ട‌്. ശനിയാഴ‌്ച പകൽ 10.45 ഓടെയാണ‌് തൊടുപുഴ പൊലീസ‌് സ‌്റ്റേഷനിൽ നിന്നും അരുണിനെ കുമാരമംഗലത്തെ വാടകവീട്ടിലേക്ക‌് കൊണ്ടുവന്നത‌്. വിവരമറിഞ്ഞ‌് നാട്ടുകാരും സംഘടിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത‌് കൂടുതൽ പൊലീസിനെയും സ്ഥലത്ത‌് വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ പൊലീസ‌് കാവലുണ്ട‌്.
ജീപ്പിൽ നിന്നും പ്രതിയെ ഇറക്കുമ്പോൾ കൂവലും അസഭ്യവർഷവും ആരംഭിച്ചു. ഈ ബഹളത്തിനിടയിൽ പ്രതിയുമായി പൊലീസുകാർ വീടിനുള്ളിൽ കയറി. ഓരോ മുറികളിലുമെത്തിച്ച‌് തെളിവെടുപ്പ‌്. ചോദ്യങ്ങൾക്കെല്ലാം ഓർമയില്ലെന്ന‌് പറഞ്ഞൊഴിയാനായിരുന്നു ശ്രമം. എന്നാൽ, പൊലീസ‌് തെളിവുകൾ നിരത്തിയതോടെ മറുപടി നൽകി. കുട്ടിയെ ഉപദ്രവിച്ച മുറിയിൽ വച്ച‌്, കുട്ടിയെ ആക്രമിച്ചവിധം ഇയാൾ വിശദീകരിച്ചു. കുഞ്ഞിനെ തൊഴിക്കുകയും എടുത്തെറിയുകയും നിലത്തിട്ടു ചവിട്ടുകയും ചെയ‌്തെന്ന‌് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മുറിയിലെ ഭിത്തിയിലും നിലത്തും ഇപ്പോഴും രക്തപ്പാടുകളുണ്ട‌്. കഴുകി വൃത്തിയാക്കാൻ ശ്രമിച്ചതിന്റെ ലക്ഷണവുമുണ്ട‌്. വീടിനു പുറത്ത‌് കിടക്കുന്ന അവന്റെ ഷൂസും സങ്കടക്കാഴ‌്ചയായി.
തൊടുപുഴ ഡിവൈഎസ‌്പി കെ പി ജോസ‌്, സിഐ അഭിലാഷ‌് ഡേവിഡ‌്, പ്രിൻസിപ്പൽ എസ‌്ഐ എ പി സാഗർ എന്നിവരുടെ നേതൃത്വത്തിൽ അരമണിക്കൂറോളം തെളിവെടുത്ത ശേഷം പ്രതിയുമായി പുറത്തേക്ക‌്. അപ്പോഴേക്കും വീടിനു മുന്നിൽ സ‌്ത്രീകൾ അടക്കമുള്ളവർ തിങ്ങിനിറഞ്ഞു. രോഷത്താൽ പലരും പ്രതിക്കുനേരെ പാഞ്ഞടുത്തു. ഒരുവിധത്തിലാണ‌് പ്രതിയുമായി പൊലീസ‌് സ‌്റ്റേഷനിലേക്ക‌് തിരിച്ചത‌്.
അതിനിടെ കുട്ടിക്ക‌് മസ‌്തിഷ‌്ക മരണം സംഭവിച്ചതായ വാർത്ത പുറത്തുവന്നു. തുടർന്ന‌് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമുള്ള പ്രത്യേക മെഡിക്കൽ ബോർഡ‌് ആശുപത്രിയിലെത്തി.
കുട്ടിയെ പരിശോധിച്ച ശേഷം മസ‌്തിഷ‌്കമരണം സ്ഥിരീകരിക്കാറായിട്ടില്ലെന്നും വെന്റിലേറ്റർ സൗകര്യത്തോടെ ചികിത്സ തുടരാനും തീരുമാനിച്ചു.
ഇടുക്കി ജില്ലാ പൊലീസ‌് ചീഫ‌് കെ ബി വേണുഗോപാലും തൊടുപുഴ പൊലീസ‌് സ‌്റ്റേഷനിലെത്തി. അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ‌്ചയ‌്ക്കു ശേഷം മാധ്യമങ്ങൾക്ക‌് കേസിന്റെ വിശദാംശങ്ങൾ കൈമാറി. അഞ്ചോടെ പ്രതിയുമായി പൊലീസ‌് സംഘം കോടതിയിലേക്കും തുടർന്ന‌് റിമാൻഡ‌് ഉത്തരവ‌് കൈപ്പറ്റി മുട്ടം ജില്ലാ ജയിലിലേക്കും.
നിറമിഴിയോടെ നാടൊന്നാകെ...
കുമാരമംഗലം ജങ‌്ഷനിലെ വാടകവീടിന്റെ മുറ്റത്ത‌് ഇപ്പോഴുമുണ്ട‌് ആ പന്ത‌്. അതു തട്ടിക്കളിക്കേണ്ട കുരുന്നിന്റെ ജീവനാണ‌് അച്ഛന്റെ സ്ഥാനത്ത‌് ആ ബാലൻ കണ്ട ക്രൂരൻ പന്താടിയത‌്. കണ്ടിട്ടുള്ളവരും ഇതുവരെ കാണാത്തവരുമായ നാട്ടുകാർക്കും അല്ലാത്തവർക്കുമെല്ലാം ഇപ്പോൾ ഒരേ ഒരാഗ്രഹം മാത്രം, ആ മോൻ ജീവിതത്തിലേക്ക‌് തിരിച്ചെത്തണം.
രണ്ട‌് കുട്ടികളും വീടിന്റെ മുറ്റത്തുവന്നിരുന്ന‌് കളിക്കുന്നത‌് പതിവായിരുന്നു. മുകൾ നിലയിൽ മറ്റൊരു കുടുംബം വാടകയ‌്ക്ക‌് താമസിച്ചിരുന്നെങ്കിലും അവരുമായി ബന്ധം പുലർത്തിയിരുന്നില്ല.
കുമാരമംഗലം പ്രദേശത്തെ ചുരുക്കം ചിലർ മാത്രമെ ആ ഏഴുവയസ്സുകാരനെ നേരിൽ കണ്ടിട്ടുള്ളൂ. വീടിന‌് സമീപത്തെ സ‌്കൂളിലായിരുന്നു പഠനം. കുമാരമംഗലം ജങ‌്ഷനിലെ വാടകവീട്ടിൽ താമസത്തിനായി ഈ മാസമാദ്യമാണ‌് ദമ്പതികളെന്ന‌് പരിചയപ്പെടുത്തി ഇവർ വീടെടുത്തത‌്. മാതാപിതാക്കളെന്നു പരിചയപ്പെടുത്തിയായിരുന്നു കുട്ടിയെ സ‌്കൂളിലും ചേർത്തത‌്. രണ്ടാം ഭർത്താവാണെന്നും പറഞ്ഞിരുന്നു.ഓമന മുഖമുള്ള ആ ബാലൻ പഠിക്കാൻ ഏറെ സമർഥനായിരുന്നെന്ന‌് അധ്യാപകർ പറഞ്ഞു. പുരയിടത്തിൽ മദ്യക്കുപ്പികളും ഒഴിഞ്ഞ നിരവധി സിഗരറ്റ‌് പായ‌്ക്കറ്റുകളും കിടപ്പുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2I1UnyW
via IFTTT
No comments:
Post a Comment