തേഞ്ഞിപ്പലം> കലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവം അലങ്കോലപ്പെടുത്താൻ എംഎസ‌്എഫ‌്–-യൂത്ത് ലീഗ‌് സംഘം നടത്തിയ ആസൂത്രിത അക്രമത്തിനുപിന്നിൽ കലാപനീക്കം. മാരകായുധങ്ങളും വടികളുമായി കൊലവിളി മുഴക്കി കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്ത സംഘം പൊലീസിനെയും മാധ്യമങ്ങളെയും ആക്രമിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റ‌് ക്യാമ്പസിൽ ഒറ്റപ്പെട്ട എംഎസ‌്എഫ‌് അക്രമം ആവർത്തിച്ച‌് വിദ്യാർഥികളെ ഭയചകിതരാക്കി സംഘടനാ പ്രവർത്തനങ്ങളിൽനിന്ന‌് പിന്തിരിപ്പിക്കാനാണ‌് ലക്ഷ്യമിട്ടത‌്.
സമൂഹമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയാണ‌് അക്രമികളെ ക്യാമ്പസിൽ എത്തിച്ചത‌്. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്. സംഘപരിവാർ ആസൂത്രണംചെയ‌്ത വാട‌്സാപ‌് ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ യൂത്ത‌് ലീഗ് നേതാവുതന്നെയാണ് അക്രമസമരത്തിന്റെ സൂത്രധാരൻ. സംസ്ഥാനത്ത‌് പലയിടത്തും കലാപം ലക്ഷ്യമിട്ട‌് സംഘർഷങ്ങൾ ഇളക്കിവിട്ട വാട‌്സാപ‌് ഹർത്താലിന്റെ അതേ മാതൃകയിലാണ‌് ഇയാൾ വിദ്വേഷവും വൈകാരികതയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച‌് ആളെക്കൂട്ടിയത‌്.
വർഷങ്ങൾക്കുശേഷം സർവകലാശാലാ ക്യാമ്പസിൽ എത്തിയ കലോത്സവം വിജയിപ്പിക്കാൻ വിദ്യാർഥികൾ വിപുലമായ ഒരുക്കം നടത്തിയിരുന്നു. രാത്രി ഉറങ്ങാതിരുന്ന‌് തയ്യാറാക്കിയ കമാനങ്ങളും പ്രചാരണ ബോർഡുകളുമാണ‌് തകർത്തത‌്. സർവകലാശാലാ സ്ഥാപകനും ആദ്യ മുഖ്യമന്ത്രിയുമായ ഇ എം എസിന്റെ പേരെഴുതിയ കമാനം ആക്രോശത്തോടെയാണ‌് സംഘം തല്ലിപ്പൊളിച്ചത‌്.
വെള്ളിയാഴ‌്ച ഉച്ചയോടെയാണ‌് അക്രമസംഭവങ്ങളും കൊലവിളിയും. വാട‌്സാപ‌് വോയ‌്സ‌് മെസേജിലൂടെ കലാപാഹ്വാനം നൽകിയ യുത്ത‌് ലീഗ് നേതാവിനെതിരെ കേസെടുത്തിട്ടുണ്ട‌്. ഇയാൾ ഒളിവിലാണ‌്. 20 പേർ അറസ‌്റ്റിലായിട്ടുണ്ട‌്. ക്യാമ്പസിനെ വീണ്ടുമൊരു കലാപഭൂമിയാക്കുന്നതിനായി എംഎസ‌്എഫ‌് കിണഞ്ഞുപരിശ്രമിക്കയാണ‌്. കലോത്സവത്തെ വരവേൽക്കാനായി ക്യാമ്പസ‌് ഒരുങ്ങിയതുമുതൽ പ്രകോപനങ്ങളും പ്രശ്നങ്ങളും തുടങ്ങിയെന്ന‌് വിദ്യാർഥികൾ പറയുന്നു.
ക്യാമ്പസിൽ കൊടി കുത്തിയതിന്റെ പേരിലാണ‌് മുമ്പ‌് എംഎസ‌്എഫ‌് അക്രമം അഴിച്ചുവിട്ടത‌്. വിദ്യാർഥിനികളെയടക്കം അന്ന‌് ആക്രമിച്ചു. ഡിഎസ‌്‌യു ഓഫീസ് നശിപ്പിച്ചു. വധഭീഷണിയും കൊലവിളിയുമുണ്ടായി. അതിനെയെല്ലാം വിദ്യാർഥികളെ അണിനിരത്തിയാണ‌് എസ‌്എഫ‌്ഐ അതിജീവിച്ചത‌്. വിദ്യാർഥികൾ തള്ളിയ എംഎസ‌്എഫിന‌് തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുംപോയി.
വെള്ളിയാഴ‌്ച നരനായാട്ടാണ‌് എംഎസ‌്എഫ‌്–- യൂത്ത് ലീഗ‌് പ്രവർത്തകർ നടത്തിയത‌്. പ രീക്ഷാഭവനിലടക്കം വിവിധ ആവശ്യങ്ങൾക്കെത്തിയവരെ വടിയും മാരകായുധങ്ങളും ഉപയോഗിച്ച‌് വിരട്ടിയോടിച്ച അക്രമിസംഘം മാധ്യമപ്രവർത്തകരെയും തെരഞ്ഞുപിടിച്ച‌് ആക്രമിച്ചു. ദേശാഭിമാനി വാർത്താസംഘത്തെ കൂടാതെ ഏഷ്യാനെറ്റ് ക്യാമറാമാനെയും മർദിച്ചു. മനോരമയുടെ കാറിനും കല്ലെറിഞ്ഞു.
പാർടിയെ നിരന്തരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ‌്തുപോരുന്ന മാധ്യമങ്ങളെയടക്കം ആക്രമിച്ചതിൽ ലീഗ‌് നേതൃത്വം എംഎസ‌്എഫ‌്–-യൂത്ത് ലീഗ് ഭാരവാഹികളെ അതൃപ‌്തി അറിയിച്ചിട്ടുണ്ട‌്. മുഖംമറച്ച‌് വടിയും കൈയിൽപ്പിടിച്ച‌് റോഡിലിറങ്ങി പേക്കൂത്തും കൊലവിളിയും നടത്തി.
യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ച‌് അക്രമികൾ അഴിഞ്ഞാടിയിട്ടും വിദ്യാർഥിഅക്രമം എന്ന പേരിൽ ഒതുക്കാനാണ‌് വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത‌്.
from Kerala || Deshabhimani Online News https://ift.tt/2EHoMAq
via
IFTTT
No comments:
Post a Comment