തിരുവനന്തപുരം
കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതിയൊഴികെ എല്ലാവരെയും പൊലിസ് പിടികൂടി. മൂന്ന് സഹോദരൻമാരുൾപ്പെടെ ഏഴുപേർകൂടി അറസ‌്റ്റിലായി. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പന്ത്രണ്ടായി. ഒളിവിൽ പോയ സുമേഷിനായി കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ വിഷ്ണുരാജ്, സഹോദരൻമാരായ വിനീഷ് രാജ്, കുഞ്ഞുവാവയെന്ന വിജയരാജ്, സംഘത്തിലെ മറ്റംഗങ്ങളായ ഹരിലാൽ എന്ന നന്ദു, കുട്ടപ്പനെന്ന അനീഷ്, അപ്പുവെന്ന അഖിൽ, ശരത് എന്നിവരാണ് പൂവാറിൽ ഒളിവിൽ കഴിയവെ പിടിയിലായത്. ശരത്തിനെ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ കിരൺ കൃഷ്ണൻ, മുഹമ്മദ് റോഷൻ, അഭിലാഷ്, അരുൺബാബു, റാം കാർത്തിക് എന്നിവരെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുമായി അനന്തു ഉൾപ്പെടുന്ന സംഘം മൂന്നുതവണ ഏറ്റുമുട്ടിയിട്ടുണ്ട‌്. ആദ്യ രണ്ട് തവണയും ഇതേ ചൊല്ലി വിഷ്ണുരാജും സംഘവും അനന്തുവുമായി വഴക്കുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവദിവസം വിജയരാജിനെ വീണ്ടും അനന്തു അടിച്ചതോടെയാണ് അനന്തുവിനെ വകവരുത്താൻ പദ്ധതിയിട്ടതെന്ന് ചോദ്യം ചെയ്യലിൽ വിഷ്ണുരാജ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി തന്റെ സംഘത്തിലുള്ളവരോട് സഹായം അഭ്യർഥിച്ചു. എല്ലാവരും പിന്തുണ അറിയിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
സംഘാംഗങ്ങളിലൊരാളുടെ പിറന്നാൾ ആഘോഷദിവസം തന്നെ സംഘം കൊലപാതകത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. അനന്തുവിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് നടക്കുകയായിരുന്ന സംഘം തളിയൽ ഭാഗത്തുനിന്ന് അനന്തുവിനെ മർദിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കൈമനത്തെ വിജനമായ സ്ഥലത്തെത്തിച്ച് മർദിച്ചും കൈത്തണ്ടയിലെ ഞരമ്പ് അറുത്തുമാണ് കൊലപ്പെടുത്തിയത്. അനന്തു മരിച്ചുവെന്ന് ഉറപ്പാക്കിയശേഷം സംഭവസ്ഥലത്തുനിന്ന് പിരിഞ്ഞ സംഘം നാടുവിടാൻ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ‌് പിടിയിലായത‌്. ഇവരുടെ സംഘത്തിൽനിന്ന് വേർപിരിഞ്ഞ് ചെന്നൈയിലേക്ക് ഒളിവിൽ പോയ ശരത്തിനെ പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. എന്നാൽ, കൊലയാളി സംഘത്തിലുൾപ്പെട്ട സുമേഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനും നാടുവിടാനും ഇവർക്ക് ആരെങ്കിലും സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരം തെളിവുകൾ ലഭിച്ചാൽ അവരെയും കേസിൽ കൂട്ടുപ്രതിയാക്കും.
വ്യാഴാഴ്ച രാത്രി പിടിയിലായ ഏഴംഗസംഘത്തെ വെള്ളിയാഴ‌്ച കൃത്യം നടന്ന സ്ഥലത്തും ഇവരുടെ വീടുകളിലും എത്തിച്ച് തെളിവെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഇവരെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2CmDH1k
via IFTTT
No comments:
Post a Comment