മലപ്പുറം
സംസ്ഥാനത്ത‌് വേനൽമഴ തീരെ ലഭിക്കാത്ത ജില്ലയായി കാസർകോട‌്. 100 ശതമാനം മഴക്കുറവാണ‌് കാസർകോട‌് ജില്ലയിൽ. മാർച്ച‌് ഒന്നുമുതൽ 27 വരെ 6.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത‌് കാസർകോട്ട‌് ഒരുതുള്ളി മഴ പോലുമുണ്ടായില്ലെന്ന‌് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വേനൽ മഴയിൽ സംസ്ഥാനത്ത‌് 46 ശതമാനം കുറവാണുള്ളത‌്. ശരാശരി 24.2 മില്ലിമീറ്ററാണ‌് മാർച്ച‌് 27 വരെ ലഭിക്കേണ്ട വേനൽ മഴ. എന്നാൽ ലഭിച്ചത‌് 13 മില്ലിമീറ്റർമാത്രം. മലപ്പുറം അടക്കം എട്ട‌് ജില്ലകളിൽ മഴയിൽ ഭീമമായ കുറവുമുണ്ട‌്. സംസ്ഥാന ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ‌് ഈ ജില്ലകളിൽ മഴക്കുറവ‌്. മലപ്പുറത്തിനുപുറമെ കോഴിക്കോട‌്, പാലക്കാട‌്, ആലപ്പുഴ, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ‌് വൻതോതിൽ മഴ കുറഞ്ഞത‌്. തിരുവനന്തപുരത്ത‌് 99 ശതമാനവും പാലക്കാട്ട‌് 92 ശതമാനവുമാണ‌് കുറവ‌്. കണ്ണൂരിൽ 89ഉം കോഴിക്കോട്ട‌് 84ഉം എറണാകുളത്ത‌് 82ഉം മലപ്പുറത്ത‌് 69ഉം ശതമാനവും കുറവുണ്ട‌്.
കൊല്ലം, പത്തനംതിട്ട ജില്ലകളിൽമാത്രം വേനലിൽ അധിക മഴ ലഭിച്ചു. കൊല്ലത്ത‌് ഈ സീസണിൽ 50.9 മില്ലിമീറ്റർ മഴയാണ‌് ലഭിക്കേണ്ടത‌്. എന്നാൽ ലഭിച്ചത‌് 65.2 മില്ലിമീറ്റർ–- 28 ശതമാനം കൂടുതൽ. പത്തനംതിട്ടയിൽ ഏഴ‌് ശതമാനം അധികമഴ ലഭിച്ചു. 57.5 മില്ലിമീറ്റർ വേണ്ടിടത്ത‌് 61. 3 മില്ലിമീറ്റർ. ലക്ഷദ്വീപിൽ 58 ശതമാനമാണ‌് വേനൽമഴയിലെ കുറവ‌്. 9.7 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത‌് 4.1 മാത്രമേ ലഭിച്ചുള്ളു. മഴയുടെ കുറവുമൂലം പുഴകളും ജലാശയങ്ങളും വറ്റിത്തുടങ്ങി. കനത്ത ചൂടാണ‌് സംസ്ഥാനത്തെങ്ങും അനുഭവപ്പെടുന്നത‌്.
from Kerala || Deshabhimani Online News https://ift.tt/2FHRmT2
via IFTTT
No comments:
Post a Comment