തിരുവനന്തപുരം
ഭാഗ്യക്കുറികൾക്ക‌് ജിഎസ‌്ടി നിരക്ക‌് ഏകീകരിക്കാനുള്ള നീക്കത്തിൽനിന്ന‌് കേന്ദ്ര സർക്കാർ പിൻമാറണമെന്ന‌് സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരുകൾ നേരിട്ട‌് നടത്തുന്ന ഭാഗ്യക്കുറികൾക്ക‌് 12 ശതമാനവും മറ്റു ഭാഗ്യക്കുറികൾക്ക‌് 28 ശതമാനവുമാണ‌് നിലവിലെ നികുതി ഘടന. അതിനാൽ സംസ്ഥാന സർക്കാർ നേരിട്ട‌് ലോട്ടറി നടത്തുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഇതര സംസ്ഥാനങ്ങളുടെ പേരിൽ ലോട്ടറി നടത്തുന്ന ബിനാമികൾക്ക‌് കടന്നുവരാൻ സാധിക്കുന്നില്ല. ഇത‌് മറികടക്കാനാണ‌് നികുതി ഏകീകരിക്കുക എന്ന നിർദേശവുമായി ഇതര സംസ്ഥാന ലോട്ടറിക്കാരുടെ സംഘടന ജിഎസ‌്ടി കൗൺസിലിനെ സമീപിച്ചിരിക്കുന്നത‌്. ഡിസംബറിൽ നടന്ന ജിഎസ‌്ടി കൗൺസിൽ യോഗത്തിൽ അജൻഡയിൽ പോലുമില്ലാതെയാണ‌് വിഷയം അവതരിപ്പിച്ചത‌്. കേരള ധനമന്ത്രി തോമസ‌് ഐസക്കിന്റെ എതിർപ്പിനെത്തുടർന്ന‌് വിഷയം ജനുവരിയിലെ കൗൺസിൽ യോഗത്തിലേക്ക‌് മാറ്റി. തുടർന്നും ബിനാമി ലോട്ടറി മാഫിയക്ക‌് അനുകൂലമായി നികുതിഘടന പരിഷ‌്കരിക്കാൻ കൈവിട്ട കളികൾക്കാണ‌് കൗൺസിൽ സാക്ഷ്യംവഹിക്കുന്നത‌്. ജനുവരിയിൽ ചേർന്ന കൗൺസിലിന്റെ അജൻഡയിൽ ഉൾപ്പെടുത്തി ഈവിഷയം വീണ്ടും കൊണ്ടുവന്നു. ആ യോഗത്തിൽ എതിർപ്പ‌് ശക്തമായപ്പോൾ ഉപസമിതിയെ നിയോഗിച്ചു. കേരള, പഞ്ചാബ‌് ധനമന്ത്രിമാരുടെ അസാന്നിധ്യത്തിൽ യോഗംചേർന്ന ഉപസമിതി നിരക്ക‌് ഏകീകരിക്കാൻ തീരുമാനിച്ചു. വീഡിയോ കോൺഫറൻസ‌് വഴി യോഗംചേർന്ന‌് തിടുക്കത്തിൽ തീരുമാനമെടുത്തതിൽ ദുരൂഹതയുണ്ട‌്. തുടർന്ന‌്, വീഡിയോ കോൺഫറൻസ‌് വഴി ജിഎസ‌്ടി കൗൺസിലും ചേർന്ന‌് ഉപസമിതി തീരുമാനം നടപ്പാക്കാനുള്ള ശ്രമം കേരളം എതിർത്തതിനാൽ നടന്നില്ല. വോട്ടെടുപ്പ‌് ആവശ്യപ്പെട്ടതിനാൽ ഞായറാഴ‌്ച യോഗം വീണ്ടും ചേരുകയാണ‌്.
പാർലമെന്റ‌് തെരഞ്ഞെടുപ്പിന‌് തൊട്ടുമുമ്പ‌് ഇത്തരം നടപടികൾ കൊടിയ അഴിമതിയുടെ സാധ്യതകളിലേക്കാണ‌് വിരൽചൂണ്ടുന്നത‌്. ബിനാമി ലോട്ടറി നടത്തിപ്പുകാരുടെ സംഘടന നികുതിനിരക്ക‌് ഏകീകരിക്കണമെന്ന ആവശ്യവുമായി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഈ കേസിൽ കേരളം കക്ഷിചേരുകയും അവരുടെ കേസ‌് തള്ളുകയുംചെയ‌്ത ശേഷമാണ‌് ജിഎസ‌്ടി കൗൺസിലിൽ പിടിമുറുക്കുന്നത‌്.
സുതാര്യമായും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന ഭാഗ്യക്കുറിയാണ‌് കേരളത്തിലേത്. ലോട്ടറി വരുമാനത്തിൽനിന്ന‌് 2091 കോടിരൂപ രോഗികൾക്കായി നൽകി. ഇതരസംസ്ഥാന ബിനാമി ലോട്ടറികൾ കേരളത്തിൽ കടന്നുവന്നാൽ സംസ്ഥാന ഭാഗ്യക്കുറി തകരും. ഈ സാഹചര്യത്തിൽ ഭാഗ്യക്കുറികൾക്ക് നികുതി ഏകീകരിക്കാനുള്ള ശ്രമം കേരളത്തിലെ മൂന്നുലക്ഷം ലോട്ടറി തൊഴിലാളികളെയും വഴിയാധാരമാക്കും. ഭാഗ്യക്കുറിക്ക‌് നികുതി ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന‌് സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമരസമിതി സംസ്ഥാന കമ്മിറ്റി അഭ്യർഥിച്ചു. യോഗത്തിൽ സി എസ‌് പ്രസാദ‌് അധ്യക്ഷനായി.
from Kerala || Deshabhimani Online News https://ift.tt/2GFWnNE
via IFTTT
No comments:
Post a Comment