കൊച്ചി
ടോൾ പിരിവിനെച്ചൊല്ലി കണ്ടെയ‌്നർ ലോറികൾ നടത്തുന്ന സമരം അഞ്ചുദിവസം പിന്നിട്ടതോടെ കൊച്ചിൻ പോർട‌് ട്രസ‌്റ്റ‌് മറ്റ‌് മാർഗങ്ങളിലൂടെ ചരക്കുനീക്കമാരംഭിച്ചു. അത്യാവശ്യക്കാർക്ക‌് ചരക്കെത്തിക്കാൻ റെയിൽ, തീരദേശ കപ്പൽ മാർഗങ്ങളാണ‌് അവലംബിക്കുന്നതെന്ന‌് പോർട‌് ട്രസ‌്റ്റ‌് വൃത്തങ്ങൾ അറിയിച്ചു. വല്ലാർപാടം കണ്ടെയ‌്നർ ടെർമിനലിൽനിന്നുള്ള ചരക്കുനീക്കം 90 ശതമാനവും റോഡ‌് മാർഗമാണെന്നതിനാലാണ‌് പോർട‌് ട്രസ‌്റ്റ‌് മറ്റ‌് വഴികളിലേക്ക‌് തിരിഞ്ഞത‌്.
കലക്ടർ വ്യാഴാഴ‌്ച ട്രക്കുടമകളുടെ യോഗം വിളിച്ചു. ഒരാഴ‌്ച ടോൾ പിരിക്കുന്നത‌് നിർത്തിവയ‌്ക്കാമെന്നും അതിനുശേഷം പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട‌്. ഒരാഴ‌്ചയ‌്ക്കകം ട്രക്കുടമകൾക്കുള്ള ആക്ഷേപങ്ങളും നിർദേശങ്ങളും സമർപ്പിക്കാം. കണ്ടെയ‌്നർ ലോറികളുടെ ടോൾ ബാധ്യത ഏറ്റെടുക്കാമെന്ന‌് വാഹനങ്ങൾ വാടകയ‌്ക്കു വിളിക്കുന്ന കൊച്ചിൻ കസ‌്റ്റംസ‌് ബ്രോക്കേഴ‌്സ‌് അസോസിയേഷൻ അറിയിച്ചിട്ടുണ്ട‌്. ഈ സാഹചര്യത്തിൽ സമരം തുടരേണ്ടതുണ്ടോയെന്നതിൽ രണ്ടഭിപ്രായമുണ്ട‌്. യുക്തസഹമായ ടോൾ മാത്രം ഈടാക്കാൻ ദേശീയപാതാ അതോറിറ്റിക്കുമേൽ സമ്മർദം ചെലുത്തുന്നതിന‌് സംസ്ഥാന സർക്കാരിനോട‌് അപേക്ഷിക്കാനും നീക്കം നടക്കുന്നുണ്ട‌്.
19 കിലോമീറ്റർ കണ്ടെയ‌്നർ റോഡിലൂടെ ഇരുഭാഗത്തേക്കും 375 രൂപയാണ‌് ടോൾ. ഇത‌് ഒരു ദിവസം ഒരു വശത്തേക്ക‌് മാത്രമാണെങ്കിൽ മൾട്ടി ആക‌്സിൽ വണ്ടിക്ക‌് 305 രൂപ വരും. കണ്ടെയ‌്നർ ലോറികളിൽ 90 ശതമാനവും മൾട്ടി ആക‌്സിൽ വണ്ടികളാണ‌്. ഇത്രയും തുക താങ്ങാനാകില്ലെന്നാണ‌് ട്രക്കുടമകൾ പറയുന്നത‌്. രണ്ടായിരത്തോളം ലോറികളാണ‌് സമരത്തിൽ പങ്കെടുക്കുന്നത‌്. സമരം മൂലം ടെർമിനലിൽ ചരക്ക‌് കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ‌് മറ്റ‌് മാർഗങ്ങൾ തേടുന്നതെന്ന‌് ടെർമിനൽ കൈകാര്യം ചെയ്യുന്ന ഡി പി വേൾഡ‌് അറിയിച്ചു. എങ്കിലും ആകെ ചരക്കിന്റെ 10 ശതമാനം മാത്രമാണ‌് ടെർമിനൽ ഗേറ്റിനു പുറത്തേക്ക‌് പോകുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2MWGYJ8
via IFTTT
No comments:
Post a Comment