കണിച്ചുകുളങ്ങര (ആലപ്പുഴ)
കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ തീർഥാടക സഹായകേന്ദ്രത്തിന്റെ രണ്ടാംഘട്ടത്തിന് രണ്ടുകോടി രൂപ കൂടി അനുവദിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. വിനോദസഞ്ചാര വകുപ്പ‌് മുഖേന അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ചുള്ള ആദ്യഘട്ടത്തിന്റെ നിർമാണോദ‌്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആചാരങ്ങൾ മാറുവാൻ പാടില്ല എന്ന് ശാഠ്യം പിടിക്കുന്ന ഇക്കാലത്ത് ഏറെ ആചാരങ്ങൾ മാറ്റി എഴുതപ്പെട്ട ചരിത്രമാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിനുള്ളത്. ജാതിമത വ്യവസ്ഥകളിൽ നിന്നും മോചനം നേടി മുന്നോട്ട് വന്നതാണ് ഈ ക്ഷേത്രമെന്നത്‌ചരിത്രത്താളുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന പാരമ്പര്യം കൂടിയാണ് ഈ ക്ഷേത്രത്തിന്റേത‌്. സർക്കാരിന്റെ 1000 ദിനാഘോഷം നടക്കുന്ന ഘട്ടത്തിൽ മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന സംരംഭം ഇവിടെ യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടക സഹായകേന്ദ്ര വികസനം സർക്കാരിന്റെ പ്രധാനലക്ഷ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നവകേരളത്തിന്റെ വികസന പ്രക്രിയക്കൊപ്പം വിശ്വാസി സമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മുൻപന്തിയിലാണ് ഈ സർക്കാർ. ശബരിമല ഇടത്താവളങ്ങൾ ഒരോ 50 കിലോമീറ്ററിലും സ്ഥാപിക്കുമെന്നും അതിന്റെ ആദ്യഘട്ട നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അനാചാരങ്ങളായി മാറിയ പല ആചാരങ്ങളും കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിർത്തലാക്കിയിട്ടുണ്ടെന്ന‌് സ്വാഗത പ്രസംഗത്തിനിടെ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുകൂടിയായ എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നിട്ടും ആർക്കും ഒരു കുഴപ്പവുമുണ്ടായില്ല. 54 വർഷമായി ദേവസ്വം പ്രസിഡന്റായിരിക്കുന്ന തനിക്കും അനാചാരങ്ങൾ ഉപേക്ഷിച്ചതിന്റെ പേരിൽ ഒന്നും സംഭവിച്ചിട്ടില്ല. 10,000 ത്തിലധികം പേർ പ്രതിവർഷം ഭജനയിരിക്കുന്ന ക്ഷേത്രത്തിൽ തീർഥാടകസഹായ കേന്ദ്രം നിർമിക്കാൻ തയ്യാറായ സർക്കാരിനോട‌് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, കലക്ടർ എസ് സുഹാസ്, വിനോദ സഞ്ചാര വകുപ്പു ഡയറക്ടർ പി ബാലകിരൺ, സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ സംബന്ധിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ സന്ദർശിച്ചു
ആലപ്പുഴ
എസ‌്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സന്ദർശിച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ വിനോദസഞ്ചാരവകുപ്പ‌് മുഖേന നിർമിക്കുന്ന പിൽഗ്രിം ടൂറിസ‌്റ്റ‌് ഫെസിലിറ്റേഷൻ സെന്റർ നിർമാണോദ‌്ഘാടനത്തിന‌് എത്തിയതായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. കണിച്ചുകുളങ്ങരയിലെ വസതിയിൽ രാവിലെ എട്ടരയോടെയെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേർന്ന‌് സ്വീകരിച്ചു. 15 മിനിറ്റോളം ഇവിടെ വെള്ളാപ്പള്ളിക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച സംഘം തുടർന്ന‌് തൊട്ടടുത്തുള്ള ഉദ‌്ഘാടനവേദിയിലേക്ക‌് പുറപ്പെട്ടു. മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, പി തിലോത്തമൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുകൂടിയാണ‌് വെള്ളാപ്പള്ളി.
from Kerala || Deshabhimani Online News https://ift.tt/2NrcAXz
via IFTTT
No comments:
Post a Comment