കൊച്ചി
കടലിൽ ഉണ്ടാകുന്ന അപകടങ്ങളിൽ അടിയന്തര സഹായം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നിർമിക്കുന്ന മറൈൻ ആംബുലൻസുകളുടെ നിർമാണം തുടങ്ങി. മൂന്ന‌് ആംബുലൻസുകളാണ‌് നിർമിക്കുന്നത‌്. ഇതിന്റെ സ്റ്റീൽ കട്ടിങ‌് കൊച്ചി കപ്പൽശാലയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ‌്ഘാടനം ചെയ‌്തു.
6.08 കോടി രൂപയാണ് ഒരെണ്ണത്തിന്റെ നിർമാണച്ചെലവ്. ദക്ഷിണ, ഉത്തര, മധ്യമേഖലകളിലെ മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലാവും ഇവ ഉണ്ടാവുക. ഒരെണ്ണത്തിന്റെ നിർമാണച്ചെലവ് ബിപിസിഎലിന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽനിന്നും ഒരെണ്ണത്തിന്റ പകുതി വില കപ്പൽശാലയുടെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽനിന്നും രണ്ടുകോടി രൂപ മത്സ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും ബാക്കി 7.12 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും നൽകും.
കൊച്ചി കപ്പൽശാല രൂപകൽപ്പന ചെയ്ത് സിഫ്റ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് നിർമാണം. 14 നോട്ടിക്കൽ മൈൽ വരെയാണ‌് വേഗം. ആധുനിക സജ്ജീകരണങ്ങളും ഇതിലുണ്ടാകും. നേഴ്‌സിംഗ് റൂം, പരിശോധനാമുറി, മോർച്ചറി ഫ്രീസർ, റഫ്രിജറേറ്റർ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മറൈൻ ആംബുലൻസ് നവംബറിൽ പുറത്തിറങ്ങുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സിഫ്റ്റ‌് ഡയറക്ടർ രവിശങ്കർ, നേവൽ ആർക്കിടെക്ട് ബൈജു, ലീല എഡ്വിൻ എന്നിവരും കപ്പൽശാലാ ഡയറക്ടർമാരായ വിജയ് ഭാസ്‌കർ, സുരേഷ് ബാബു, പോൾ രഞ്ജൻ എന്നിവരും ജില്ലയിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2GLxTTg
via IFTTT
No comments:
Post a Comment