മനസ്സുവച്ചാൽ ഏതു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ‌് ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി ആദ്യഘട്ട പൂർത്തീകരണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും പ്രതീക്ഷിക്കാത്ത വേഗത്തിൽ, എട്ടുമാസംകൊണ്ടാണ‌് പണി പൂർത്തീകരിച്ചത‌്. ശക്തമായ ഭരണസംവിധാനം നമ്മുടെ നാട്ടിലുള്ളതിന്റെ സൂചനയാണിത്. സർക്കാരിന്റെ പ്രതീക്ഷയും വിശ്വാസവും ഒരുതരത്തിലും ഇക്കാര്യത്തിൽ തെറ്റിപ്പോയിട്ടില്ല. ചിട്ടയോടെ പ്രവർത്തനം പൂർത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇനിയുള്ള ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഉദ‌്ഘാടനം നിർവഹിച്ച‌് മുഖ്യമന്ത്രി പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയവും നിർദേശവും ഉയർന്നുവന്നപ്പോൾ എല്ലാ മേഖലയും സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുന്ന അനുഭവമാണുണ്ടായത‌്. ഉദ്യോഗസ്ഥരുടെ തടസ്സംകൊണ്ട് പദ്ധതി വഴിയിലാകില്ല. അങ്ങനെ വന്നാൽ അത് മറികടക്കാനാണ് സർക്കാരും മന്ത്രിസഭയുമുള്ളത്. 2017ൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശയം ഉയർന്നപ്പോൾ ഉദ്യോഗസ്ഥരിൽനിന്ന് ഒരു തടസ്സവാദങ്ങളുമുണ്ടായില്ല. പദ്ധതി പൂർത്തിയാക്കുന്നതിന് ഏറ്റവും നല്ലത് ശാസ്ത്ര സാങ്കേതിക ഗവേഷണ കൗൺസിലാണെന്ന് മനസ്സിലാക്കിയാണ‌് അവർക്ക‌് ചുമതല നൽകിയത്. നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയതിന‌് കൗൺസിലും ഊരാളുങ്കൽ സൊസൈറ്റിയും അഭിനന്ദനം അർഹിക്കുന്നു.
ആരോഗ്യമേഖലയിലെ പുരോഗതി ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളിലൂടെ കഴിയും. ആരോഗ്യരംഗത്തെ ഗവേഷണോന്മുഖമായ മുന്നോട്ടുപോക്കിന്റെ പ്രതീകമായി ഈ സ്ഥാപനം മാറും. വൈറോളജി രംഗത്തെ രോഗനിർണയത്തിനും ഗവേഷണത്തിനും സംസ്ഥാനത്തിന് മാത്രമല്ല, ദേശീയ തലത്തിൽ തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഗുണകരമാകും. അടുത്തിടെ നിപാ രോഗം വന്നതും അത‌് കൈകാര്യം ചെയ് ത രീതിയും ലോകശ്രദ്ധ നേടിയതാണ്.
നമ്മുടെ നാടിന്റെ ഉയർച്ച കണക്കിലെടുത്താണ് മലയാളികളായ ഡോ. എം വി പിള്ളയും ഡോ. ശാർങ‌്ഗധരനും ഈ ആശയം മുന്നോട്ടുവച്ചത്. അതുൾക്കൊണ്ടാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ടുപോയത്. സ്ഥാപനം കൂടുതൽ വിപുലപ്പെടുത്തുന്നതിനും അവരുടെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ‌്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. ഡോ. എ സമ്പത്ത് എംപി, ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ, തോമസ് ജെഫേർഴ‌്സൺ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം വി പിള്ള, ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക് പ്രസിഡന്റ‌് ഡോ. ക്രിസ്റ്റ്യൻ ബ്രെഷോ, ഡബ്ലിൻ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഡോ. വില്യം ഹാൾ, ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ, മുഖ്യമന്ത്രിയുടെ ശാസ‌്ത്ര ഉപദേഷ‌്ടാവ‌് എം സി ദത്തൻ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ഡോ സുരേഷ് ദാസ്, ഷാനിബാ ബീഗം, വി സുമ, ബി ലളിതാംബിക, ഡോ. എ ജയതിലക്, ഡോ. എസ് പ്രദീപ്കുമാർ, പ്രൊഫ. ജി എം നായർ എന്നിവർ സംസാരിച്ചു. ബാൾട്ടിമോർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയിലെ ഡോ. റോബർട്ട് ഗാലോ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു.
from Kerala || Deshabhimani Online News http://bit.ly/2tgta30
via IFTTT
No comments:
Post a Comment