അബുദാബി
കൊച്ചിയിലെ നിർദിഷ്ട പെട്രോകെമിക്കൽ കോംപ്ലക്സിൽ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക് )നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ചു. അബുദാബിയിലെ അഡ്‌നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ‌്മദ് അൽ ജാബറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി ജോയിന്റ‌് ടാസ്ക് ഫോഴ്സ് രൂപീകരിക്കും. നിക്ഷേപസാധ്യതകളെക്കുറിച്ച് സമിതി പഠനംനടത്തും. ഇതിനുശേഷം ഡോ. സുൽത്താൻ അഹ‌്മദ് അൽ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടർനടപടികൾ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്ന‌് സുൽത്താൻ ജാബർ പറഞ്ഞു. കേരളത്തിലെ അടിസ്ഥാനസൗകര്യവികസനത്തിൽ നിക്ഷേപം നടത്താൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇവിടെയുള്ളത‌്. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഫ‌്എസിടിയിൽനിന്ന‌് സംസ്ഥാന സർക്കാർ വിലയ‌്ക്കുവാങ്ങുന്ന 481 ഏക്കർ സ്ഥലത്താണ‌് നിർദിഷ്ട പെട്രോ കെമിക്കൽ കോംപ്ലക‌്സ‌് സ്ഥാപിക്കുന്നത‌്. ഇവിടെയാണ‌് നിക്ഷേപത്തിനായി അബുദാബി ദേശീയ എണ്ണക്കമ്പനിയെ ക്ഷണിച്ചത‌്. കോംപ്ലക‌്സ‌് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ‌്. സ്ഥലം ഏറ്റെടുക്കുന്നതിന‌് എഫ‌്എസിടിയുമായി ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട‌്. ഇത‌് കേന്ദ്രാനുമതിക്കായി സമർപ്പിച്ചു. അനുമതി ലഭിച്ചാലുടൻ തുടർനടപടികളിലേക്ക‌് കടക്കും. ദേശീയപാത, ഗെയിൽ പൈപ്പ‌് ലൈൻ എന്നിവ കഴിഞ്ഞാൽ സംസ്ഥാനത്ത‌് ഏറ്റവും വലിയ നിക്ഷേപത്തിനാണ‌് ഇത‌് വഴി ഒരുക്കുന്നത‌്. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം എ , അഡ്നോക് ആക്ടിങ് സിഇഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പ്രധാനമേഖലകളിൽ നിക്ഷേപത്തിന‌് തയ്യാർ: യുഎഇ
അബുദാബി
കേരളത്തിന്റെ വികസനത്തിനും പുനർനിർമാണത്തിനും അകമഴിഞ്ഞ് സംഭാവനകൾ നല്കാൻ തയ്യാറാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയെയും പ്രതിനിധി സംഘത്തെയും ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചു. കേരളത്തിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം താൽപ്പര്യപൂർവം മുഖ്യമന്ത്രിയോട് ചോദിച്ചറിഞ്ഞു. കേരളവും യുഎഇയും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം എടുത്തുപറഞ്ഞു.
തന്റെ കുടുംബവും കേരളവും തമ്മിൽ സവിശേഷമായ ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തെക്കുറിച്ചും പുനർനിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. കേരളത്തിന്റെ നിർമാണപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ തയ്യാറാണെന്ന് ഷെയ്ഖ് മൻസൂർ അറിയിച്ചു. അതോടൊപ്പം കൃഷി , ആരോഗ്യം , ഊർജം, ടൂറിസം എന്നീ നാല് പ്രധാന മേഖലകളിൽ നിക്ഷേപം നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വികസനമെന്നത് യുഎഇയുടെ വികസനംപോലെയാണ് തങ്ങൾ കാണുന്നത്. കേരളവുമായി അത്രത്തോളം ബന്ധമാണ് യുഎഇക്ക് ഉള്ളത്. കേരളത്തിന്റെ കുന്നിൻപുറങ്ങൾ കാണാൻ തനിക്ക് അതിയായ താൽപ്പര്യമുണ്ടെന്ന് പർവതാരോഹണത്തിൽ ഏറെ താൽപ്പര്യമുള്ള ശൈഖ് മൻസൂർ പറഞ്ഞു. കേരളത്തിന്റെ നിക്ഷേപനിധിയിൽ നിക്ഷേപം നടത്താൻ അബുദാബി ഇൻവെസ്റ്റ്മെന്റ‌് അതോറിറ്റി താല്പര്യം പ്രകടിപ്പിച്ചു.
from Kerala || Deshabhimani Online News http://bit.ly/2TKJ6Gg
via IFTTT
No comments:
Post a Comment