ഇടുക്കി
തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലേലം അദാനി ഗ്രൂപ്പിന് ഉറപ്പിക്കാതെ കേരളത്തിന് കൈമാറാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സഹായമില്ലാതെ അദാനി ഗ്രൂപ്പിന് വിമാനത്താവളം നടത്തിക്കൊണ്ടു പോകാൻ കഴിയില്ല. കേരളവുമായി ഏറ്റുമുട്ടലിന് നിൽക്കാതെ അദാനി ഗ്രൂപ്പ് സ്വയം പിന്മാറണം. സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കേരള സംരക്ഷണയാത്രയ്ക്കിടെ ചെറുതോണിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
വിമാനത്താവളലേലം കേന്ദ്രസർക്കാർ വെറും പ്രഹസനമാക്കി. ടെൻഡർ ചെയ്ത അഞ്ചു വിമാനത്താവളങ്ങളും അദാനിക്ക് കിട്ടിയതിൽ ദുരൂഹതയുണ്ട്. അദാനിക്കു വേണ്ടി മോദി വ്യവസ്ഥകളിൽ വെള്ളം ചേർത്തു. തിരുവനന്തപുരം വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയത് സംസ്ഥാന സർക്കാരാണ്. തിരുവിതാംകൂർ രാജഭരണകാലത്താണ് വിമാനത്താവളം തുടങ്ങിയത്. അന്ന് സൗജന്യമായാണ് സ്ഥലമടക്കം നൽകിയത്. ഇത് കേന്ദ്രസർക്കാർ കൈയൊഴിയുന്ന പക്ഷം സംസ്ഥാന സർക്കാരിനെ ഏൽപിക്കണമന്ന വ്യവസ്ഥയുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ ലംഘിച്ചു.
ആയിരക്കണക്കിന് കോടിയുടെ സ്വത്താണ് അൻപതു വർഷത്തേയ്ക്ക് അദാനിക്ക് നൽകുന്നത്. ഇത് കോടികളുടെ അഴിമതിയാണ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ലേലം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഈ അഴിമതിക്ക് ഒരിക്കലും കേരളം കൂട്ടുനിൽക്കില്ല. കേന്ദ്രത്തിന്റെ നിലപാടിനെ സർക്കാർ കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യണം. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനം സംബന്ധിച്ച് യുഡിഎഫ് നിലപാട് വ്യക്തമാക്കണം.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സ്ഥിതി ഇടതുപക്ഷത്തിന് അനുകൂലമാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളുടെ ഫലവും ഇത് അടിവരയിടുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കക്ഷികൾക്ക് പിന്നാലെ നടക്കുന്നവരല്ല എൽഡിഎഫ്
ഏതെങ്കിലും കക്ഷികളെ പിടിക്കാൻ ചൂണ്ടയുമായി നടക്കുന്നവരല്ല എൽഡിഎഫെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പി ജെ ജോസഫിന് സ്വന്തം പാർടിയിൽ ഒരു ശബ്ദവുമില്ല. അതുകൊണ്ടാണ് സ്ഥാനാർഥിയാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നത്. പി ജെ ജോസഫ് മത്സരിച്ചാൽ പിന്തുണ കൊടുക്കുമോ എന്ന ചോദ്യത്തിന്, ‘‘ആദ്യം മഴ പെയ്യട്ടെ, എന്നിട്ട് കുടപിടിക്കണോയെന്ന് ആലോചിക്കാ''മെന്നും കോടിയേരി പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Th5een
via IFTTT
No comments:
Post a Comment