തിരുവനന്തപുരം
ജിഎസ്ടി ഭരണസംവിധാനവും പ്രവർത്തനശൈലിയും പൊളിച്ചെഴുതുമെന്ന‌് ധനമന്ത്രി. ഇതിനായി 10 കോടി നീക്കിവച്ചു. കേന്ദ്ര-–-സംസ്ഥാന ചരക്കുസേവന നികുതി വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ധനമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന നികുതി സെക്രട്ടറി, സ്റ്റേറ്റ് ജിഎസ്ടി കമീഷണർ, കേന്ദ്ര പ്രിൻസിപ്പൽ ചീഫ് കമീഷണർ, ഡയറക്ടർ ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് എന്നിവർ അംഗങ്ങളായ ഏകോപനസമിതി രൂപീകരിക്കും. വാർഷിക റിട്ടേൺ പരിശോധനയ‌്ക്ക‌് ഉദ്യോഗസ്ഥർക്ക‌് തീവ്രപരിശീലനം നൽകും.
ജൂൺ ഒന്നുമുതൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ സംവിധാനം (എഎൻപിആർ) വഴി കേരളത്തിലേക്കു വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തത്സമയം ഇ- വേ ബിൽ പരിശോധന നടത്തും. മോട്ടോർ വാഹനവകുപ്പുമായി സംയോജിച്ചാകും പദ്ധതി. പ്രധാന പ്രവേശനമാർഗങ്ങളിൽ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡിങ‌് ക്യാമറ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ച് നിയമാനുസൃത ഇ- വേ ബിൽ ഉണ്ടോയെന്ന് ഉറപ്പുവരുത്തും. ഇല്ലാത്തപക്ഷം വിവരം തൽസമയം ഇന്റലിജൻസ് സ്ക്വാഡുകൾക്ക് ലഭ്യമാകും.
വാഹനം കടന്നുപോകുമ്പോൾ ‘ഓൺ - ദ –ഗോ വേ ബ്രിഡ്ജ്’ സംവിധാനത്തിലൂടെ ചരക്കുകളുടെ തൂക്കവും ഇ- വേ ബില്ലിൽ രേഖപ്പെടുത്തിയ തൂക്കവും പരിശോധനാവിധേയമാക്കും. ഇന്റലിജൻസ് വിഭാഗത്തിന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ വാഹനങ്ങൾ ലഭ്യമാക്കും.
ആറുശതമാനം കോമ്പൗണ്ട‌് പരിധി നിശ‌്ചയിച്ച‌് കൂടുതൽ ചെറുകിടസേവന ദാതാക്കളെ നികുതി പരിധിയിൽ കൊണ്ടുവരും. 2019-–-20 മുതൽ സിനിമാ ഹാളുകളിൽ അംഗീകൃത സോഫ്ട് വെയറിൽ ഇ–--ടിക്കറ്റിങ‌് നിർബന്ധമാക്കും.
വാറ്റ‌് നികുതി കുടിശ്ശികയ‌്ക്ക‌് ഒറ്റത്തവണ തീർപ്പാക്കൽ
തിരുവനനതപുരം
മൂല്യവർധിത നികുതി കുടിശ്ശികയ‌്ക്ക‌് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. 2005 മാർച്ച് 31 വരെയുള്ള പൊതുവിൽപന നികുതിപ്രകാരമുള്ള കുടിശികകൾക്കും, 2017 ജൂൺ 30വരെയുള്ള മൂല്യവർധിതനികുതി, കേന്ദ്ര വിൽപനനികുതി, ആഡംബര നികുതി, സർചാർജ‌് നിയമപ്രകാരമുള്ള കുടിശിക, 2017 മാർച്ച് 31 വരെയുള്ള കാർഷികാദായനികുതി കുടിശികയ്ക്കും പദ്ധതി ബാധകമാണ‌്. ഈ ആനുകൂല്യം സ്വീകരിക്കുന്നവർ എല്ലാഫോറങ്ങളിലുമുള്ള അപ്പീലുകളും കേസുകളും പിൻവലിക്കണം. ഒരുസാമ്പത്തിക വർഷത്തെ കുടിശികയുള്ള എല്ലാ നികുതി, പിഴ, പലിശ എന്നിവ ഒന്നിച്ചുതീർപ്പാക്കണം. പദ്ധതി സ്വീകരിക്കുന്നവർക്ക് കുടിശികയ്ക്ക് മുഴുവൻ പലിശയും പിഴയും ഒഴിവാക്കും. പദ്ധതി സ്വീകരിക്കുന്നവർ സെപ്തംബർ 30നകം അപേക്ഷനൽകണം. തുക ആറുതവണകളായി 2020 മാർച്ച് 31 നു മുമ്പായി അടക്കണം. കഴിഞ്ഞ പദ്ധതിയിൽ അടച്ച തുകയ്ക്ക് നികുതിയിന്മേൽ ക്രെഡിറ്റ് ലഭിക്കും. ഡിമാന്റ് നോട്ടീസ് ലഭിച്ചതിനുശേഷം അടച്ച തുകയ്ക്ക് നികുതിയിന്മേലും ക്രെഡിറ്റ് ലഭിക്കും. നികുതി വെട്ടിപ്പ് കോമ്പൌണ്ട് ചെയ്ത അവസരങ്ങളിൽ അടച്ച നികുതി നിർണയിക്കപ്പെടുന്ന നികുതിയിന്മേൽ ക്രെഡിറ്റ് നൽകും. പദ്ധതി സ്വീകരിച്ച് പൂർത്തിയാകുന്ന കേസുകളിൽ റീഫണ്ട് അനുവദിക്കില്ല.
അനുമാന നികുതിദായകർക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരും. പദ്ധതി സ്വീകരിച്ചവർ ടിൻരജിസ്ട്രേഷൻ എടുക്കണമെന്ന നിബന്ധന ഒഴിവാക്കും. നിലവിൽ രണ്ടംഗങ്ങളടങ്ങുന്ന വാറ്റ് ട്രിബ്യൂണൽ ബഞ്ചിന് അഞ്ചുലക്ഷം രൂപ വരെ നികുതി, പിഴ ബാധ്യതയുള്ള കേസുകൾതീർപ്പാക്കാനേ അധികാരമുള്ളു. ജുഡീഷ്യൽ മെമ്പർ ഉൾപ്പെടുന്ന ബഞ്ചുകളെ ഈ പരിധിയിൽനിന്നും ഒഴിവാക്കാൻ നിയഭേദഗതി കൊണ്ടുവരും. ആഡംബര നികുതിനിർണയ കേസുകളിൽ അഞ്ച് ലക്ഷത്തിൽ താഴെ വിറ്റുവരവിന്റെ പരിധിയിൽവരുന്ന ചെറുകിടക്കാർക്ക് സമാശ്വാസ പദ്ധതി നടപ്പാക്കും. അഞ്ചുലക്ഷം വരെ വിറ്റുവരവുള്ളതും റിട്ടേണുകൾ സമർപ്പിച്ച് പൂർണ നികുതി അടച്ച ആഡംബര നികുതിദായകരുടെ നികുതി നിർണയം പൂർത്തിയായതായി കണക്കാക്കും. ഇത്തരം കേസിൽ പിന്നീട് നികുതിവെട്ടിപ്പ് കണ്ടുപിടിക്കപ്പെട്ടാൽ നാലുവർഷത്തിനുള്ളിൽ പുനഃപരിശോധന നടത്താം.
from Kerala || Deshabhimani Online News http://bit.ly/2RwsqAk
via IFTTT
No comments:
Post a Comment