കൊച്ചി
ഫാസിസത്തിനെതിരെ എഴുത്തുകാർ സർഗാത്മക പ്രതിരോധം ഉയർത്തണമെന്ന‌് സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. സാഹിത്യകാരൻമാർ അരാഷ്ട്രീയവൽക്കരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. കൃതി വിജ്ഞാനോൽസവത്തിൽ ‘എനിക്ക് പറയാനുള്ളത്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുകുന്ദൻ.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നടക്കുന്ന സാഹിത്യോൽസവങ്ങളിൽ ഇംഗ്ലീഷിൽ സാഹിത്യ രചന നടത്തുന്നവർക്കാണ് പ്രാധാന്യം. പ്രശസ്തർക്കൊപ്പം സെൽഫിയെടുക്കുന്ന ആൾക്കൂട്ടങ്ങളെയാണ് അത്തരം മേളകളിൽ കാണുന്നത്. എന്നാൽ സാമൂഹിക പ്രശ്‌നങ്ങളെ ഗൗരവത്തോടെ കാണുന്ന യുവ തലമുറയാണ് കേരളത്തിലെ സാഹിത്യോൽസവങ്ങളിൽ പങ്കെടുക്കുന്നത്.
സാഹിത്യം ഭ്രമാത്മതകളുടെയും അതി ഭാവനകളുടെയും ലോകത്തുനിന്ന് യാഥാർഥ്യത്തിന്റെ ലോകത്തിലേക്ക് പോവുകയാണ‌്. പാശ്ചാത്യ സാഹിത്യത്തിൽ ഇന്ന‌് സാധാരണ ജീവിതം പറയുന്ന രചനകളാണ് സ്വീകരിക്കപ്പെടുന്നത്. മുമ്പ‌് എഴുത്തുകാർ വായനക്കാരേക്കാൾ മുകളിലാണെന്ന ധാരണയുണ്ടായിരുന്നു. പ്രഭാഷണത്തിന്റെയും പ്രസംഗത്തിന്റെയും കാലം കഴിഞ്ഞു. ഇത് സംസാരത്തിന്റെ കാലമാണ്.
സാർവലൗകികതയിൽനിന്ന് സൂക്ഷ്മതകളിലേക്ക് സാഹിത്യം എത്തുകയാണ്. മുമ്പ‌് മനുഷ്യൻ എന്ന സങ്കൽപ്പത്തിലാണ് പാത്രസൃഷ്ടിയെങ്കിൽ ഇന്ന് ഭാഷ, ദേശം, ജാതി, വംശം തുടങ്ങിയ സാമൂഹിക യാഥാർഥ്യങ്ങൾ കൂടുതൽ ദൃശ്യമാകുന്നു. സ്ത്രീശാക്തീകരണം നടന്നിട്ടും സ്ത്രീകൾക്ക് എന്തുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കാനാകില്ലെന്ന് പാശ്ചാത്യർ ചോദിക്കുന്ന അവസ്ഥയുണ്ട‌്. മഹാത്മാഗാന്ധിക്കു നേർക്ക് വീണ്ടും വെടിയുതിർക്കുന്ന രംഗം ഏതാനും ദിവസം മുമ്പ‌് കണ്ടു. ഹിന്ദു മഹാസഭാ നേതാവാണ് അത് ചെയ്തത്. ഇന്ത്യയിൽ മാത്രമല്ല ലോകത്തുതന്നെ തീവ്ര വലതുശക്തികൾ സ്വാധീനം നേടുന്നുണ്ടെന്നും മുകുന്ദൻ പറഞ്ഞു.
പ്രശസ‌്ത എഴുത്തുകാരി തസ്ലിമ നസ്രിന്റെ ‘എന്റെ തടവറക്കവിതകൾ’ എന്ന പുസ‌്തകത്തിന്റെ മലയാള പരിഭാഷ ‘കൃതി’ വേദിയിൽ കവി എസ‌് രമേശന‌് നൽകി എം മുകുന്ദൻ പ്രകാശനം ചെയ‌്തു. തസ്ലിമ നസ്രിനും പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2GhgilD
via IFTTT
No comments:
Post a Comment