കേരളത്തെ ഹരിതാഭവും ജലസമൃദ്ധവുമാക്കാൻ ഗ്രാമങ്ങളിലും നഗരങ്ങളിലും മരങ്ങളും വർണച്ചെടികളും പുൽമേടുകളും നിറഞ്ഞ ‘പച്ചത്തുരുത്തുകൾ’ വരുന്നു. വിവിധ വകുപ്പുകളെയും ക്യാമ്പസുകളെയും സ്വകാര്യവ്യക്തികളെയും സംയോജിപ്പിച്ച‌് ഹരിതകേരളം മിഷനാണ‌് വരുംകേരളത്തിന്റെ കരുതലിനായി പദ്ധതി നടപ്പാക്കുന്നത‌്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പദ്ധതികളെ ഇതിനായി സംയാജിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഹരിതകേരളം മിഷൻ യോഗമാണ‌് രാജ്യത്തിനുതന്നെ മാതൃകയായ ചെറുവനങ്ങൾ സൃഷ്ടിക്കുന്നത‌്.
സർക്കാർ ഓഫീസുകൾ, സ‌്കൂളുകൾ, കോളേജുകൾ, ഐടിഐകൾ എന്നിവയുടെ സ്ഥലങ്ങളിൽ ഒരു ഭാഗം പച്ചത്തുരുത്തുകൾക്കായി മാറ്റിവയ‌്ക്കും. തരിശുഭൂമിയും പദ്ധതിക്കായി തെരഞ്ഞെടുക്കും. പുഴയോരങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി കരാർ ഒപ്പിടുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകളും ഉപയോഗിക്കും. വിശദമായ മാർഗരേഖ ഉടൻ പുറത്തിറക്കും. പദ്ധതിയുടെ ഭാഗമാകുന്നവർക്ക‌് സാങ്കേതിക പരിശീലനവും നൽകും.
തട്ടുകൾപോലെ വിവിധ വലുപ്പത്തിൽ വളരുന്നതും വ്യത്യസ‌്തവുമായ മരങ്ങളാകും ‘പച്ചത്തുരുത്തിൽ’ വച്ചുപിടിപ്പിക്കുക. ഞവിശ്രമിക്കാനും കുട്ടികൾക്ക‌് കളിക്കാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കും. വിവിധ വർണത്തിലുള്ള ചെടികളും പുൽമേടുകളും ഫലവൃക്ഷങ്ങളും ഇവിടെയുണ്ടാകും. രാജ്യത്ത‌് ആദ്യമായാണ‌് പഴയ കാവുകൾക്കു സമാനമായി പച്ചത്തുരുത്തുകൾ സൃഷ്ടിക്കുന്നത‌്.
തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ പരിസ്ഥിതി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാകും പദ്ധതി. സോഷ്യൽ ഫോറസ‌്ട്രി, കേരള ഫോറസ്റ്റ‌് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ട‌്, ജൈവ വൈവിധ്യ ബോർഡ‌് എന്നിവയുടെ പിന്തുണയും ലഭിക്കും. കണ്ണൂർ ജില്ലയിലെ ഉദയഗരി പഞ്ചായത്ത‌്, കോളയാട‌് പഞ്ചായത്ത‌്, കല്യാശേരിയിലെ ഇരിണാവ‌് കണ്ടൽകാട‌്, കോട്ടയം ജില്ലയിലെ നാലുമണിക്കാറ്റ‌്, ആലുവ നഗരസഭ പെരിയാർ തീരത്ത‌് നടപ്പാക്കുന്ന കുട്ടിവനങ്ങൾ, പത്തനാപുരം ബ്ലോക്കിലെ ഹരിതതീരം തുടങ്ങി ഏതാനും മാതൃകാപദ്ധതികൾ നിലവിലുണ്ട‌്. അത്തരം പദ്ധതികളെ പച്ചത്തുരുത്തിൽ കൂട്ടിയോജിപ്പിക്കും. അടുത്ത മഴക്കാലത്തിനുമുമ്പ‌് പദ്ധതിക്കാവശ്യമായ ഒരുക്കം പൂർത്തിയാക്കുമെന്ന‌് ഹരിത കേരളം മിഷൻ എക‌്സിക്യൂട്ടീവ‌് വൈസ‌് ചെയർപേഴ‌്സൺ ടി എൻ സീമ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ‌് പദ്ധതിയെയും അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയെയും ഇതുമായി ബന്ധിപ്പിക്കുമെന്നും അവർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2tdoFpU
via IFTTT
No comments:
Post a Comment