വണ്ടൂർ
പ്രളയത്തിൽനിന്ന് കരകയറുന്ന കേരളത്തിന്റെ അതിജീവനപാഠമായി വണ്ടൂർ- നടുവത്ത്- വടക്കുംപാടം റോഡിന്റെ ദൃശ്യങ്ങൾ പങ്കുവച്ച‌് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പ്രളയത്തിൽ വെള്ളംകുത്തിയൊലിച്ച് വന്നപ്പോൾ റോഡിന്റെ ഇരുഭാഗങ്ങളും പാലവും തകർന്നു. ഈ റോഡ‌് യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിച്ച വിവരമാണ് മുഖ്യമന്ത്രി ഫേസ‌് ബുക്ക‌് പോസ‌്റ്റിലൂടെ പങ്കുവച്ചത‌്. പോസ‌്റ്റ‌് സമൂഹമാധ്യമങ്ങളിൽ വൈറലായി.
മലവെള്ളപ്പാച്ചിലിൽ കുറുകെ പിളർന്ന റോഡിന്റെ ദൃശ്യം പ്രളയത്തിന്റെ ഭീകരതയത്രയും നിറഞ്ഞതായിരുന്നു. കാപ്പിൽതോട് കരകവിഞ്ഞതിനെ തുടർന്നാണ‌് ഇവിടെ റോഡും പാലവും തകർന്നത‌്. അച്ചടി ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രളയത്തിന്റെ തീവ്രതയുടെ പ്രതീകമായി ചിത്രം വ്യാപകമായി പ്രചരിച്ചു.
രണ്ട‌് ഭൂപ്രദേശങ്ങളുടെ ഗതാഗതവും ആശയവിനിമയവും മുറിച്ചുമാറ്റിയ റോഡിൽ അന്ന‌് അടിയന്തരമായി സേന നടപ്പാലം ഒരുക്കി. അഞ്ചുമാസത്തിനുള്ളിൽ 25 ലക്ഷം ചെലവിട്ട‌് പൊതുമരാമത്ത് വകുപ്പ് റോഡും നന്നാക്കി. നവംബർ 17നുതന്നെ പാലത്തിന്റെ ഒരു ഭാഗം പണിപൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു. പ്രളയം തകർത്ത റോഡും പുതുക്കിപ്പണിത റോഡുമുള്ള വീഡിയോയാണ് മുഖ്യമന്ത്രി പോസ്‌റ്റ് ചെയ്‌തത്.
പ്രളയകാലത്ത് തകർന്ന റോഡുകളുടെയും പാലത്തിന്റെയും പുനർനിർമാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെമ്പാടും ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന‌് മുഖ്യമന്ത്രി പോസ‌്റ്റിൽ വ്യക്തമാക്കി. പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണവകുപ്പുകൾ ചേർന്നാണ് റോഡ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. 4429 കിലോ മീറ്റർ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണിചെയ‌്തു. 164 പ്രവൃത്തികളാണ് പൂർത്തിയാക്കിയത്.
3148 കിലോ മീറ്റർ റോഡ് പുനരുദ്ധാരണത്തിനുള്ള 429 പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ദീർഘകാല അടിസ്ഥാനത്തിലുളള വികസനം ലക്ഷ്യമിടുന്ന ഡിസൈൻഡ് റോഡുകളുടെ നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 63 പ്രവൃത്തികളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
from Kerala || Deshabhimani Online News http://bit.ly/2SM1AJa
via IFTTT
No comments:
Post a Comment