കോഴിക്കോട‌്
ജനക്ഷേമത്തിലും വികസനത്തിലും മാതൃക രചിച്ച എൽഡിഎഫ‌് സർക്കാരിന‌് കൂടുതൽ ആത്മവിശ്വാസവും ഉണർവുമേകി ആയിരം ദിനാഘോഷത്തിന‌് തുടക്കം. ജനപക്ഷ സർക്കാരിന‌് പിന്തുണയും ഭാവുകങ്ങളുമായി കോഴിക്കോട‌് കടപ്പുറത്ത‌് എത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഉദ‌്ഘാടനം ചെയ‌്തു.
നിപാ രോഗികളെ പരിചരിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ നേഴ‌്സ‌് ലിനിയുടെ മക്കൾ ഋതുലും സിദ്ധാർഥും പകർന്ന ദീപത്തിലൂടെ മുഖ്യമന്ത്രി ആഘോഷ വിളക്ക‌് തെളിച്ചു. വാഗ‌്ദാനങ്ങൾ മുഴുവൻ പാലിച്ചും ക്ഷേമപദ്ധതികളുമായും എൽഡിഎഫ‌് സർക്കാർ കർമപഥത്തിൽ മുന്നേറുമെന്ന‌് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്വപ‌്ന പദ്ധതികൾ യാഥാർഥ്യമാക്കി. നവകേരളത്തിന‌് അടിത്തറയായ പൊതുവിദ്യാഭ്യാസ–-ഹരിതകേരള –-ലൈഫ‌്–-ആർദ്രം മിഷനുകൾ പരാമർശിച്ച മുഖ്യമന്ത്രി ദേശീയപാത വികസനവും ഗെയിലും നടപ്പാക്കി പശ‌്ചാത്തല വികസന സൗകര്യ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. നാടിൻ സാരഥിയുടെ വാക്കുകൾ വൻ ജനാവലി കരഘോഷത്തോടെ സ്വീകരിച്ചു. മന്ത്രിമാരടക്കമുള്ള ജനനേതാക്കളുടെയും -സാമൂഹ്യ–-സാംസ‌്കാരിക നായകരുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷത്തുടക്കം. പ്രളയത്തിൽ കേരളത്തിന്റെ സൈനികരായ മത്സ്യത്തൊഴിലാളികളുടെ തോണിയും കടലും, ചേക്കുട്ടി പാവയിലൂടെ പുനർനിർമിതിയുടെ പാഠംനെയ‌്ത ചേന്ദമംഗലം കൈത്തറിയും പശ‌്ചാത്തലമൊരുക്കിയ വേദി അതിജീവനത്തിന്റെ സ‌്മരണകളുയർത്തി. വിഖ്യാത ഗായകൻ ഹരിഹരന്റെ ഗസലും പിന്നണി ഗായിക പുഷ‌്പവതിയുടെ ദ്രാവിഡബാൻഡും പകിട്ടേകി. ഉദ‌്ഘാടനത്തിനുമുന്നോടിയായി സാംസ‌്കാരിക ഘോഷയാത്രയുമുണ്ടായി.
ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. റോഡപകടങ്ങൾ കുറക്കാനും നിയന്ത്രിക്കാനുമുള്ള മോട്ടോർവാഹന വകുപ്പിന്റെ സേഫ‌്കേരള പദ്ധതിയും മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ‌്തു. പിആർഡി തയ്യാറാക്കിയ ആയിരംനാൾ വികസനപത്രിക മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക‌് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ‌്തു. മന്ത്രി എ കെ ശശീന്ദ്രൻ, എം പി വീരേന്ദ്രകുമാർ എംപി, മേയർ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രി ടി പി രാമകൃഷ‌്ണൻ സ്വാഗതവും ചീഫ‌് സെക്രട്ടറി ടോം ജോസ‌് നന്ദിയും പറഞ്ഞു. 1000 ദിനം പിന്നിടുന്നതിന്റെ ഭാഗമായി എട്ടുനാൾനീളുന്ന ആഘോഷത്തിനാണ‌് കോഴിക്കോട്ട‌് തുടക്കമായത‌്. പ്രദർശനം മന്ത്രി ടി പി രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു.
from Kerala || Deshabhimani Online News https://ift.tt/2GS5dqJ
via IFTTT
No comments:
Post a Comment