സ്വന്തം ലേഖകൻ
തന്റെ ഓഫീസിലെ അസിസ്റ്റന്റ‌് പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷണന‌് കിർത്താഡ‌്സിൽ സ്ഥിരം നിയമനം നൽകിയത‌് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്ന‌് മന്ത്രി എ കെ ബാലൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പി കെ ഫിറോസ് ഉന്നയിച്ചത‌്. ഫിറോസ‌് നിയമനടപടിക്ക‌് തയ്യാറുണ്ടോയെന്നും രേഖകൾ ഉദ്ധരിച്ച‌് മന്ത്രി വെല്ലുവിളിച്ചു.
കിർത്താഡ്സിൽ റിസർച്ച് അസിസ്റ്റന്റായി 1993ലാണ് മണിഭൂഷണൻ കരാർ അടിസ്ഥാനത്തിൽ നിയമിതനായത‌്. അന്നത്തെ പട്ടികജാതി/വർഗ വികസന വകുപ്പ് കമീഷണർ ആൻഡ‌് സെക്രട്ടറി ചെയർമാനായുള്ള ഇന്റർവ്യൂ ബോർഡാണ് ഇയാളെ നിയമിക്കുന്നത്. 95ൽ കിർത്താഡ്സിൽ ലക്ചറർ/റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതോടെ മതിയായ യോഗ്യതകളുള്ള മണിഭൂഷണനെ ലക്ചററായി കരാർ അടിസ്ഥാനത്തിൽ മാറ്റി നിയമിച്ചു. രണ്ട് നിയമനങ്ങളും അന്നത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടത്തിയത്. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വി കെ മോഹൻകുമാർ വിരമിച്ച ഒഴിവിൽ ചട്ട പ്രകാരം മണിഭൂഷണനെ നിയമിച്ചു. 82 മുതൽ റിസർച്ച് ഓഫീസറായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മോഹൻകുമാറിനെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് 2005ലെ യുഡിഎഫ് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. അതേ മാനദണ്ഡമാണ് മണിഭൂഷണന്റെ കാര്യത്തിലും സ്വീകരിച്ചത‌്.
1979ൽ രൂപീകരിച്ച കിർത്താഡ്സിൽ 2007ലാണ‌് സ‌്പെഷ്യൽ റൂൾ അംഗീകരിച്ചത‌്. സ്പെഷ്യൽ റൂളിലെ നിലവിലുള്ള ജീവനക്കാരെ സംരക്ഷിക്കുന്ന ചട്ടം 10 പ്രകാരം അതുവരെ ദീർഘകാലമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മണിഭൂഷണൻ അടക്കമുള്ള 10 പേരെ 2010ൽ സ്ഥിരപ്പെടുത്തി. ധനകാര്യ, നിയമ, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തുടർന്ന‌് മണിഭൂഷണനെ കഴിഞ്ഞ യുഡിഎഫ് സർക്കാർ പിന്നോക്ക വിഭാഗ വികസന വകുപ്പ‌് ഡെപ്യൂട്ടി ഡയറക്ടർ (കോഴിക്കോട് റീജ്യണൽ ഓഫീസ്) ആയി ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നു. 2010ലെ നിയമനത്തിൽ അപാകത ഉണ്ടായിരുന്നെങ്കിൽ തുടർന്നുവന്ന യുഡിഎഫ് സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാമായിരുന്നു, അതുണ്ടായില്ല.
2010 ൽ സ്ഥിരപ്പെടുത്തിയ ഉദ്യോഗാർഥികളിൽ ആറ് പേരുടെ പ്രൊബേഷൻ കിർത്താഡ്സ് ഡയറക്ടർ തലത്തിൽ തന്നെയാണ് ചെയ്യേണ്ടത്. അത‌് മുമ്പുതന്നെ ചെയ‌്തിട്ടുണ്ട്. മണിഭൂഷണൻ അടക്കമുള്ള മറ്റ് നാല് പേരുടെ പ്രൊബേഷൻ സർക്കാരാണ് ഡിക്ലയർ ചെയ്യേണ്ടത്. കെഎസ് ആൻഡ‌് എസ‌്എസ‌്ആർ റൂൾ 21 പ്രകാരം പ്രൊബേഷൻ കാലാവധി 2 വർഷത്തിന് ശേഷം ഒരു വർഷം കൂടി മാത്രംനീട്ടാനേ നിയമപ്രകാരം കഴിയൂ. എന്നാൽ, മണിഭൂഷണൻ അടക്കമുള്ളവരുടെ കാര്യത്തിൽ നിയമനം നടന്ന് പ്രൊബേഷൻ ഡിക്ലയർ ചെയ്യാൻ ഏഴ് വർഷത്തെ താമസമുണ്ടായി.സർവീസ് മാനദണ്ഡങ്ങൾ അനുസരിച്ച് നിയമ, ധനകാര്യ, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം എല്ലാ ചട്ടങ്ങളും പാലിച്ചാണ‌് ഇവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്തത്. അതിൽ നിയമവിരുദ്ധമായി ഒന്നുമില്ല. എല്ലാ യോഗ്യതയുമുള്ളവരെയാണ‌് നിയമിച്ചതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2SHQiFX
via IFTTT
No comments:
Post a Comment