കോഴിക്കോട‌് > അണികളുടെ മുന്നിൽ ഏതാനും നേതാക്കൾ നടത്തുന്ന അഭ്യാസം മാത്രമായി മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ‌് വാദം ഒതുങ്ങുന്നു. അർഹതയുണ്ടായിട്ടും അത‌് ചോദിച്ചുവാങ്ങാത്തതിൽ അണികളിൽ നല്ലൊരു വിഭാഗത്തിന‌് അമർഷമുണ്ടെന്ന‌് നേതൃത്വത്തിന‌് മനസ്സിലായി. ഇത‌് തണുപ്പിക്കാൻ മാത്രമാണ‌് ഇടയ‌്‌ക്കിടെ സീറ്റ‌് ആവശ്യപ്പെടുമെന്ന‌് പറഞ്ഞുകൊണ്ടിരിക്കുന്നത‌്. അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം തുടരുന്നുവെന്ന‌് ഞായറാഴ‌്ച ചേർന്ന ലീഗ‌് യോഗവും തെളിയിച്ചു.
മലപ്പുറത്തു ചേർന്ന നേതൃയോഗ ശേഷം ലീഗ‌് നേതാക്കൾ പറഞ്ഞ വാക്കുകളിലും ഇത‌് പ്രകടം. 18-ന്റെ യുഡിഎഫ‌് ഉഭയകക്ഷി ചർച്ചയിൽ മൂന്നാം സീറ്റ‌് ചോദിക്കുമെന്ന‌് പറഞ്ഞതല്ലാതെ അവകാശവാദമുയർത്താൻ കൂടി നേതാക്കൾ തയ്യാറായില്ല. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും അടക്കമുള്ള നേതാക്കൾ മൂന്നാംസീറ്റ‌് വേണ്ടെന്ന പക്ഷക്കാരാണ‌്. 18ന്റെ ചർച്ചയിൽ ഏത‌് സീറ്റ‌് ചോദിക്കണമെന്നു പോലും നേതൃയോഗത്തിൽ ചർച്ചയായില്ല. സീറ്റ‌് കിട്ടാതെ പോയത‌് ദേശീയ സാഹചര്യം പറഞ്ഞ‌് അണികളെ വിശ്വസിപ്പിക്കാമെന്നാണ‌് നേതൃത്വത്തിന്റെ വിശ്വാസം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ‌് കിട്ടുമെന്ന ‘വെടി’യും പൊട്ടിച്ചേക്കും. ഇനി കേരള കോൺഗ്രസ‌് മാണിയിലാണ‌് പ്രതീക്ഷയെന്നാണ‌് സീറ്റിനാഗ്രഹിക്കുന്ന പ്രമുഖ നേതാവ‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞത‌്. മാണി രണ്ടാം സീറ്റിന‌് കടുംപിടിത്തം തുടർന്നാൽ ലീഗും സമ്മർദം ചെലുത്തും.
രണ്ട‌് സീറ്റ‌് അധികമായി നൽകാൻ കോൺഗ്രസ‌് തയ്യാറല്ല. കോൺഗ്രസ‌് ഒരുക്കിയ കെണിയല്ലേ ഇതെന്നും ചില നേതാക്കൾ സംശയിക്കുന്നുണ്ട‌്. അതേസമയം, മൂന്നാം സീറ്റിനായുള്ള നേതാക്കളുടെ അയഞ്ഞ സമീപനം അണികളിൽ പ്രതിഷേധമുയർത്തും. പരസ്യമായി സീറ്റാവശ്യം ഉന്നയിച്ച സുന്നി സംഘടനയെ (സമസ‌്ത ഇ കെ വിഭാഗത്തിനെ) ഉൾപ്പെടെ തണുപ്പിക്കുക എളുപ്പമല്ല.
വയനാട‌് സീറ്റിൽ ലീഗ‌് മത്സരിക്കണമെന്നാണ‌് സമസ‌്തയും യൂത്ത‌് ലീഗിൽ ഒരു വിഭാഗവും ആഗ്രഹിക്കുന്നത‌്. പി വി അബ്ദുൾവഹാബും മറ്റും സ്ഥാനാർഥിയാകാൻ സന്നദ്ധരുമാണ‌്. എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ‌്ബഷീർ, കെ പി എ മജീദ‌് ത്രിമൂർത്തികൾ സമസ‌്തയുടെ ആവശ്യം ഗൗനിച്ചിട്ടില്ല. ഉഭയകക്ഷി ചർച്ചയിൽ സീറ്റിനായി കടുത്ത സമ്മർദം വേണ്ടെന്നുതന്നെയാണ‌് ഇവർ എത്തിയിട്ടുള്ള ധാരണ. ചർച്ചയ‌്ക്കുശേഷം പതിവുപോലെ പാണക്കാട്ടുനിന്ന‌് പ്രഖ്യാപനം നടത്തി ലീഗ‌് ഇക്കുറിയും മലപ്പുറം പാർടിയായി ഒതുങ്ങുമെന്ന‌് ചുരുക്കം.
from Kerala || Deshabhimani Online News http://bit.ly/2teX1c1
via IFTTT
No comments:
Post a Comment