ശ്രീകണ‌്ഠപുരം
അന്താരാഷ്ട്ര നിലവാരമുള്ള രാജ്യത്തെ ആദ്യ ആയുർവേദ ഗവേഷണകേന്ദ്രത്തിന‌് മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ടു. ശ്രീകണ‌്ഠപുരത്തിനടുത്ത കല്യാടാണ‌് നിർദിഷ്ട ഗവേഷണ കേന്ദ്രം. കേരളത്തിന്റെ സമ്പന്നമായ ആയുർവേദ പാരമ്പര്യം സംരക്ഷിക്കുകയും മരുന്നുകളുടെ ഫലപ്രാപ‌്തി ശാസ‌്ത്രീയമായി തെളിയിക്കുകയുമാണ‌് പ്രധാനലക്ഷ്യം.
ആദ്യഘട്ടത്തിൽ ശാസ‌്ത്രസാങ്കേതിക വിദ്യ സമന്വയിപ്പിച്ച‌് വിവിധ രോഗങ്ങൾക്കുള്ള ക്ലിനിക്കൽ റിസർച്ച‌് ഇതിന്റെ ഭാഗമായുണ്ടാകും. അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രിയും കേന്ദ്രത്തിൽ സ്ഥാപിക്കും. ജീവിതശൈലീ രോഗം, ക്യാൻസർ, വാർധക്യകാല രോഗങ്ങൾ എന്നിവയിലും നൂതന ഗവേഷണങ്ങളുണ്ടാകും. അമൂല്യമായ താളിയോലകൾ സംരക്ഷിക്കാൻ നൂതനമായ മാനുസ‌്ക്രിപ‌്റ്റ‌് റീഡിങ‌് പ്രയോജനപ്പെടുത്തും. ആയുർവേദ അറിവുകൾ, പാരമ്പര്യചികിത്സ എന്നിവയുമായി ബന്ധപ്പെട്ട മ്യൂസിയവും ഇവിടെ സജ്ജീകരിക്കും. കേരളീയ ശിൽപശൈലിയിൽ നിർമിക്കുന്ന കെട്ടിടത്തിന‌് അനുബന്ധമായി ഔഷധസസ്യത്തോട്ടവും നിർമിക്കും.
ചടങ്ങിൽ പദ്ധതിപ്രദേശം ഏറ്റെടുക്കാൻ നേതൃത്വം നൽകിയ റവന്യു വകുപ്പ് ഉദ്യോസ്ഥരെ ആദരിച്ചു. 300 കോടി രൂപ ചെലവിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസഹായത്തോടെയാണ് നിർമാണം. 311 ഏക്കറിലാണ് പദ്ധതി. കിറ്റ്കോയ്ക്കാണ് നിർമാണച്ചുമതല. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്റർ ദൂരം മാത്രമുള്ളതുകൊണ്ട് വിദേശികളെയും ആകർഷിക്കാനാകും. ശാസ്ത്രജ്ഞന്മാർക്കും ജീവനക്കാർക്കുമുള്ള താമസ സൗകര്യം, ഉപകരണങ്ങൾ, ലാബ് സൗകര്യം, അതിഥി മന്ദിരം, പ്ലാന്റ് കെട്ടിടം എന്നിവയും സ്ഥാപിക്കും. കാര്യമായ കുടിയൊഴിപ്പിക്കലുകളില്ലാതെ സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. രോഗശമനം, പ്രതിരോധ -പുനരധിവാസ ചികിത്സ എന്നിവയാണ് കേന്ദ്രത്തിൽ ലഭ്യമാകുക. ഗവേഷണത്തിലൂടെ കണ്ടെത്തുന്ന ഔഷധങ്ങളുടെ ക്ലിനിക്കൽ പരീക്ഷണം, ഉത്പാദനം എന്നിവയും നടക്കും.
ചടങ്ങിൽ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. മന്ത്രി ഇ പി ജയരാജൻ, കെ കെ രാഗേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, വൈസ് പ്രസിഡന്റ് എം അനിൽ കുമാർ, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ എന്നിവർ പങ്കെടുത്തു. കലക്ടർ മിർ മുഹമ്മദലി സ്വാഗതവും ഡോ. ഉഷാകുമാരി നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2BNd45J
via IFTTT
No comments:
Post a Comment